വിത്തുകൾ പാകിയും കമ്പുകൾ നട്ടും ആണ് സാധാരണ പാഷൻ ഫ്രൂട്ടിൻറെ പുതിയ തൈകൾ ഉൽപാദിപ്പിക്കുന്നത്. പതിവെച്ചും, ഗ്രാഫ്റ്റിംഗ് വഴിയും പ്രജനനം സാധ്യമാണ്.
ഗുണമേന്മയുള്ള നല്ല വിളവു തരുന്ന മാതൃ ചെടിയിൽ നിന്നും നന്നായി പഴുത്ത കേടില്ലാത്ത കായ്‌കളിൽ നിന്നുമാണ് വിത്തുകൾ ശേഖരിക്കേണ്ടത്.
തണ്ടുകളും ഇതു പോലെ ആരോഗ്യമുള്ള മൂത്ത വള്ളികളിൽ നിന്നു വേണം ശേഖരിക്കാൻ. 30-40 സെ.മീ. നീളമുള്ള 2-3 മുട്ടുകൾ ഉള്ള മൂത്ത തണ്ടുകളാണ് നടേണ്ടത്. ഇലകൾ നീക്കം ചെയ്ത ശേഷം നടണം. തണൽ നൽകേണ്ടതാണ്. 4-6 ഇല പരുവമാകുമ്പോൾ ട്രൈക്കോഡർമ സമ്പുഷ്ട ചാണകം ചേർത്ത് മിശ്രിതം നിറച്ച കവറിലേക്ക് പറിച്ചു മാറ്റി നടണം. 2 മാസം പ്രായം ആകുമ്പോൾ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടണം.
45 X 45 X 45 സെ.മീ. വലിപ്പമുള്ള കുഴികൾ എടുത്ത് മേൽമണ്ണും, സമ്പുഷ്ട ചാണകവും എല്ലു പൊടിയും, വേപ്പിൻ പിണ്ണാക്കും കമ്പോസ്‌റ്റും ചേർന്ന മിശ്രിതം കുഴികൾ നിറച്ച് ഒരാഴ്‌ച കഴിഞ്ഞ് തൈകൾ നടേണ്ടതാണ്. വളരെ വേഗത്തിൽ പടർന്നു വളരുന്ന ചെടിയാണിത്.
വള്ളികൾക്ക് പടരാൻ പന്തൽ ഇട്ടുകൊടുക്കണം നല്ല ബലമുള്ള പന്തലായിരിക്കണം. പന്തലിന് 7 അടി ഉയരമുള്ളത് നല്ലത്. വള്ളികൾ പടർന്ന് പന്തലിൽ എത്തുന്നതു വരെ ആരോഗ്യമുള്ള ഒറ്റ വള്ളി മാത്രം നിലനിർത്തണം. ബാക്കി മുറിച്ചു മാറ്റണം.
ജൈവ രീതിയിൽ ചെയ്യുന്നതാണ് നല്ലത്. കുഴികളിൽ 10 കി. ഗ്രാം ട്രൈക്കോഡർമ സമ്പുഷ്ട ചാണകമാണ് ചേർക്കേണ്ടത്. രണ്ടാം വർഷം 15 കി.ഗ്രാം ട്രൈക്കോഡർമ ചാണകം ചേർക്കണം. കൂടാതെ മണ്ണിര കമ്പോസ്‌റ്റ് വേപ്പിൻ പിണ്ണാക്ക് ചേർക്കണം.
വള്ളികൾ നട്ട് 9 മാസം ആകുമ്പോൾ പൂവിടും. 12 മാസം ആകുമ്പോൾ വിളവെടുക്കാം. പരാഗണത്തിനു ശേഷം 80 ദിവസത്തോളം എടുക്കും വിളവെടുപ്പിന് നന്നായി മൂത്ത പഴങ്ങൾ വിളവെടുത്ത് 3- 4 ദിവസം വച്ചിരുന്നാൽ തൊലി ചുളിയും. രുചി വർദ്ധിക്കും.
Share your comments