നല്ലയിനം പച്ചക്കറി വിത്തുകൾ ശേഖരിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് അതിലെ മൂപ്പ്, വലിപ്പം, ആരോഗ്യം തുടങ്ങിയവ. ശരിയായ മൂപ്പ് എത്തുന്ന സമയത്ത് കായ്കൾ പറിച്ചെടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
വിത്തു ശേഖരണം പച്ചക്കറികളിൽ നിന്നും
പ്രധാന പച്ചക്കറികളിൽ നിന്നും വിത്ത് ശേഖരിക്കുന്ന വിധം എങ്ങനെ
വഴുതന-വിളഞ്ഞു മഞ്ഞ നിറമാകുമ്പോൾ കായ് പറിച്ചെടുത്ത് മുറിച്ച് കഷ്ണങ്ങളാക്കി വെള്ളത്തിലിട്ട് വിരൽ കൊണ്ട് അമർത്തിയാൽ വിത്ത് വേർപെടും. വെള്ളത്തിനടിയിൽ അടിഞ്ഞ വിത്ത് നല്ല പോലെ കഴുകിയെടുത്ത് ഉണക്കി ചാരം പുരട്ടി സൂക്ഷിക്കാം.
തക്കാളി- മൂത്താൽ നല്ല കടും നിറമുണ്ടാകും. അത് പറിച്ച് മുറിച്ച് കഷ്ണങ്ങളാക്കി 24-48 മണിക്കൂർ വെള്ളത്തിൽ ഇടണം. വിത്ത് വെള്ളത്തിനടിയിൽ അടിയും. അവ കഴുകി നല്ല പോലെ ഉണക്കിയ ശേഷം ചാരം പുരട്ടി സൂക്ഷിക്കാം.
വെണ്ട, അമര, പയർ - വിത്തു മൂത്ത് ഉണങ്ങിക്കഴിഞ്ഞാൽ അവയുടെ തോട് എളുപ്പത്തിൽ പൊളിച്ച് വിത്തെടുക്കാം.
പാവൽ, പടവലം പഴുത്ത ശേഷം അവ പറിച്ച് പിളർത്തി വിത്ത് ശേഖരിക്കുന്നു. അവ കഴുകി ഉണക്കി കേടു കൂടാതെ സൂക്ഷിക്കാം.
മുളക് - മൂത്തു പഴുത്ത മുളക് പറിച്ചെടുത്ത് നന്നായി ഉണക്കണം. ഉണങ്ങിയ മുളകിൽ നിന്നും വിത്ത് വേർതിരിച്ചെടുത്ത് ഒന്നു കൂടി ഉണക്കിയ ശേഷം സൂക്ഷിക്കണം.
ചീര - പൂങ്കുലകൾ നന്നായി മൂത്തുണങ്ങുമ്പോൾ അവ തണ്ടോടു കൂടി മുറിച്ച് സിമന്റ്റ് തറയിലോ തുണിയിലോ മറ്റോ നിരത്തി വെയിലത്ത് നന്നായി ഉണക്കണം. ശേഷം വടി കൊണ്ട് അടിക്കുക. വിത്ത് പൂങ്കുലയിൽ നിന്നും വേർപെടുന്നു. പിന്നീട് മുറത്തിൽ വച്ച് നന്നായി പാറ്റി അതിൽ നിന്നും വിത്ത് വേർതിരിച്ചെടുക്കാം.
കാബേജ്, കോളിഫ്ളവർ - നല്ല തണുപ്പുള്ള കാലാവസ്ഥയിൽ മാത്രമേ അവ പുഷ്പിച്ചു വിത്ത് ഉൽപ്പാദിപ്പിക്കുന്നുള്ളു. കേരളത്തിൽ അവ പുഷ്‌പിക്കുന്നില്ല. അതിനാൽ വിത്തുൽപ്പാദനം സാധ്യമല്ല.
Share your comments