കഴിഞ്ഞ മാസം ഒട്ടേറെ കൃഷിയിടങ്ങളിൽ കമുകിന്റെ ഇല കരിഞ്ഞ് ഉണങ്ങുന്നതായി കണ്ടു. രാവിലെ നടത്തിയ സൂക്ഷ്‌മപരിശോധനയിൽ ഈ ചെടികളിൽ എല്ലാം മണ്ഡരിയുടെ തീവ്ര ആക്രമണം വ്യക്‌തമായി. ഓരോ മരത്തിനു ചുറ്റും നിലത്ത് പ്രേ ചെയ്തിനു ശേഷം മാത്രം മരത്തിൽ സ്പ്രേ ചെയ്‌താൽ മണ്ഡരി നിയന്ത്രണം കൂടുതൽ സാധ്യമാകും.
കാലാവസ്‌ഥയുടെ പ്രത്യേകത മൂലം വെർട്ടിസീലിയം 40 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയതിൻ്റെ തെളി 4 ലീറ്ററിന് ഒരു മില്ലി എന്ന ക്രമത്തിൽ നോൺ അയോണിക് വെറ്റിങ് ഏജന്റ് കൂടി ചേർത്ത് വൈകുന്നേരം വെയിൽ ആറിയതിനു ശേഷം സ്പ്രേ ചെയ്യുക. ഒരാഴ്‌ചയ്ക്കു ശേഷം ഇതേ രീതിയിൽ വീണ്ടും തളിക്കുക. അമ്ലതക്രമീകരണത്തിനു പൊതു ശുപാർശയായി മരമൊന്നിന് 500 ഗ്രാം കുമ്മായമോ 650 ഗ്രാം ഡോളമൈറ്റോ ചേർത്ത് മണ്ണിൽ ഇളക്കിക്കൊടുക്കുക.
മരത്തിൻ്റെ ചുവട്ടിൽ നിന്നു 15 സെ.മീ. മുതൽ 50 സെ.മീ. വരെ അകലത്തിൽ അമ്ലതക്രമീകരണം നടത്തണം. കുമിൾരോഗബാധ കുറയ്ക്കുന്നതിന് സ്യൂഡോമോണാസ് / ബാസില്ലസ് സബ്‌ടിലിസ് സ്പ്രേ നൽകുക. കൃഷിയിടത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. പല കൃഷിയിടങ്ങളിലും കാത്സ്യം, മഗ്നീഷ്യം, ബോറോൺ ഇവയുടെ കുറവ് കാണുന്നുണ്ട്. മണ്ണുപരിശോധനയിലൂടെ ഇത്തരം അപര്യാപ്‌തതകൾ കണ്ടെത്തി പരിഹരിക്കണം. ഇവയുടെ അനാവശ്യ പ്രയോഗം ദൂഷ്യഫലങ്ങൾ ഉണ്ടാക്കുമെന്നു വിസ്മരിക്കരുത്.
Share your comments