തുലാമഴയ്ക്ക് മുമ്പായി തെങ്ങിൻ്റെ ഇട കിളക്കലും മണ്ടവൃത്തിയാക്കലും നടത്തണം. തുലാമഴ പരമാവധി തോട്ടത്തിൽ പിടിച്ചു നിർത്താൻ ചാലുകളിൽ തൊണ്ട് മലർത്തി അടുക്കി മണ്ണിട്ടു മൂടുക. മഴക്കുഴികൾ എടുക്കുക, തെങ്ങിൻ തടത്തിൽ പച്ചിലകൾ കൊണ്ട് പുതയിടുക തുടങ്ങിയ മാർഗ്ഗങ്ങൾ അനുവർത്തിക്കാവുന്നതാണ്.
തീരപ്രദേശങ്ങളിലും മണൽ പ്രദേശങ്ങളിലും മഴയ്ക്കു മുമ്പ് മണ്ണ് കൂന കൂട്ടാവുന്നതാണ്. ഇത് കളശല്യം - കുറയ്ക്കാനും കൂടുതൽ ജലം മണ്ണിലേക്ക് ഊർന്നിറങ്ങാനും സഹായിക്കും. പയർ വർഗ്ഗങ്ങൾ, പച്ചക്കറികൾ, വാഴ തുടങ്ങിയവ ഇടവിളയായി കൃഷി ചെയ്യാൻ പറ്റിയ സമയമാണിത്. തെങ്ങിന്റെ മണ്ട വൃത്തിയാക്കുന്ന അവസരങ്ങളിൽ കൊമ്പൻചെല്ലിയെ നിയന്ത്രിക്കുന്നതിനായി മണലും ഉപ്പും കലർത്തി ഇടണം.
കൊമ്പൻ ചെല്ലിയുടെ പുഴുക്കളെ നശിപ്പിക്കാൻ മെറ്റാറൈസിയം കൾച്ചർ വളക്കുഴികളിൽ ഒരു ക്യൂബിക്കടിക്ക് 80 മില്ലി ലിറ്റർ എന്ന തോതിൽ ചേർത്തു കൊടുക്കണം. പൂങ്കുലചാഴിയെ നിയന്ത്രിക്കാൻ വേപ്പധിഷ്ഠിത കീടനാശിനികളായ നിംബിസിഡിൻ, നീമസാൾ തുടങ്ങിയവ നാല് മില്ലിലിറ്റർ 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുന്നതും ഫലപ്രദമാണ്. തവാരണയിൽ പാകി ആറു മാസത്തിനകം മുളക്കാത്ത വിത്തു തേങ്ങ നീക്കം ചെയ്യുക. സെപ്റ്റംബർ മാസത്തിൽ വളപ്രയോഗം നടത്താത്ത തോട്ടത്തിൽ വളപ്രയോഗം നടത്തുക.
കൂമ്പുചീയലിനുള്ള സാദ്ധ്യത കൂടുതലുള്ള സമയമാണ്. രോഗം വരാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ മഴക്കാലാരംഭത്തിൽ തന്നെ അന്തർവ്യാപന ശേഷിയുള്ള പൊട്ടാസ്യം ഫോസസ്ഫണേറ്റ് (അകോമിൻ) എന്ന കുമിൾനാശിനി എല്ലാ തെങ്ങുകളിലും പ്രയോഗിക്കുകയാണെങ്കിൽ ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാം. ഇതിനായി തെങ്ങൊന്നിന് 1.5 മി.ലി. അക്കോമിൻ 300 മി.ലി. വെള്ളത്തിൽ ചേർത്ത് കുരുത്തോലയുടെ തൊട്ടടുത്തുള്ള ഓലക്കവിളുകളിൽ മഴയില്ലാത്ത ദിവസങ്ങളിൽ ഒഴിക്കണം.
Share your comments