റൈസോബിയം കൾച്ചർ വിത്തിൽ നല്ല പോലെ പുരട്ടണം. അൽപ്പം വെള്ളം കൂടി ചേർക്കുന്നത് കൾച്ചർ വിത്തിൽ നന്നായി പുരളാൻ സഹായിക്കും. വെള്ളത്തിന് പകരം തലേദിവസത്തെ അൽപ്പം കഞ്ഞിവെള്ളം ചേർത്താലും മതി. ശേഷം വൃത്തിയുള്ള കടലാസിലോ ചാക്കിലോ പരത്തി തണലിൽ ഉണക്കണം. വെയിലത്ത് ഒരു കാരണവശാലും ഉണക്കാൻ പാടില്ല.
വിത്ത് വിതയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണ് അമ്ലത്വം കൂടിയതാണെങ്കിൽ നല്ല പോലെ പൊടിച്ച കക്കയുമായി റൈസോബിയം പുരട്ടിയ വിത്ത് ഉടൻ തന്നെ നല്ലവണ്ണം ചേർത്ത് 3 മിനിട്ട് സമയം വെച്ച ശേഷം വേണം വിതയ്ക്കാൻ. വിത്തിന് പുറത്ത് ഒരു ആവരണമായി കക്കാപൊടി പുരളാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. വിത്ത് വൃത്തിയുള്ള കടലാസിൽ പരത്തി വെള്ളം വലിയാൻ അനുവദിക്കണം. ശേഷം വിതയ്ക്കാൻ ഉപയോഗിക്കാം. ആവശ്യമെങ്കിൽ ഇത്തരം വിത്ത് ഒരാഴ്‌ചവരെ കേടു വരാതെ സൂക്ഷിക്കുകയും ചെയ്യാം.
വിത്ത് ചെറുതാണെങ്കിൽ 10 കി.ഗ്രാം വിത്തിന് ഒരു കി.ഗ്രാം കക്കാ പൊടിയും ഇടത്തരം വലിപ്പമുള്ള വിത്തുകൾക്ക് 10 കി.ഗ്രാമിന് 0.6 കി.ഗ്രാമും വലിയ വിത്തുകൾക്ക് 10 കി.ഗ്രാമിന് 0.5 കി. ഗ്രാമും ആവശ്യമാണ്. ഈർപ്പമുള്ള മണ്ണിൽ മാത്രമേ ഇത്തരം കക്കാപ്പൊടി കലർത്തിയ വിത്ത് വിതയ്ക്കാവൂ. എന്നാൽ കൂടുതൽ സമയം രാസവളവുമായി കലർത്തി വയ്ക്കാൻ പാടില്ല.
പാലക്കാട് ജില്ലയിലെ പട്ടാമ്പി മണ്ണുപരിശോധനാ കേന്ദ്രത്തിലെ മൈക്രോ ബയോളജിക്കൽ ലാബറട്ടറിയിലെ അസിസ്റ്റൻ്റ് സോയിൽ കെമിസ്റ്റിനെ ബന്ധപ്പെട്ടാൽ റൈസോബിയം കൾച്ചറിന്റെ പായ്ക്കറ്റുകൾ ലഭ്യമാണ്. ഒരു ഹെക്‌ടറിലേക്ക് ആവശ്യമായ 250-376 ഗ്രാം റൈസോബിയം കൾച്ചർ അടക്കം ചെയ്ത് പായ്ക്കറ്റുകളാണ് ലഭിക്കുന്നത്. പായ്ക്കറ്റിൽ എഴുതിയിട്ടുള്ള പ്രത്യേക ഇനം വിത്തിന് തന്നെ അതാത് പായ്ക്കറ്റിലുള്ള റൈസോബിയം കൾച്ചർ ഉപയോഗിക്കേണ്ടതാണ്. പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന കാലാവധി കഴിയും മുമ്പ് അവ ഉപയോഗിക്കേണ്ടതാണ്.
Share your comments