എക്കാലത്തും മലയാളിയുടെ നിത്യോപയോഗ പച്ചക്കറികളിൽ പ്രധാന സ്ഥാനത്താണു മുരിങ്ങ, പോഷക ഗുണങ്ങളാൽ സമ്പുഷ്ടമായ മുരിങ്ങയുടെ ഇല, പൂവ്, കായ്, തണ്ട്, വേര്, തുടങ്ങി എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ഇതിൽ ശരീരത്തിന് ആവശ്യമായ ഇരുമ്പ്, കാത്സ്യം, വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ സി തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു.
പൂക്കൾ വന്നു തുടങ്ങുന്നതിനെ അടിസ്ഥാനമാക്കി മുരിങ്ങയെ രണ്ടായി തിരിക്കാം. മര മുരിങ്ങയും ചെടി മുരിങ്ങയും, ചെടി മുരിങ്ങയെ ഒരാണ്ടൻ മുരിങ്ങ എന്നും വിളിക്കാറുണ്ട് ചെടി മുളച്ചു വന്നു 6-8 മാസത്തിനുള്ളിൽ കായ്ക്കുന്നവയാണ് ഒരാണ്ടൻ മുരിങ്ങ, മാംസളവും സ്വാദിഷ്ടവുമായ കായ്കളാണ് ഇതിനുള്ളത്.
നടീൽ രീതി
അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് വാങ്ങുന്ന വിത്തുകൾ വേണം നടാൻ ഉപയോഗിക്കേണ്ടത്. ഒരു ഹെക്ടറിന് 500 ഗ്രാം എന്ന തോതിലാണ് വിത്തെടുക്കേണ്ടത്. പോളിബാഗുളിൽ നടീൽ മിശ്രിതം നിറച്ചു 2.5-3 സെന്റിമീറ്റർ ആഴത്തിൽ ചെറിയ കുഴികൾ കുത്തി, 2 വിത്ത് വീതം ഓരോ കുഴിയിൽ ഇടണം. വിത്ത് ഇടുന്നതിനു 12 മണിക്കൂർ മുമ്പു വെള്ളത്തിൽ കുതിർത്തു വയ്ക്കുന്നത് പെട്ടെന്നു മുള വരാൻ സഹായിക്കും. പോളിബാഗിൽ വച്ചു മുളപ്പിച്ച തൈകൾ ഏകദേശം 35-40 ദിവസം പ്രായവും 25 സെന്റിമീറ്റർ ഉയരവും എത്തുമ്പോൾ മാറ്റി നടണം. നല്ല വെയിൽ ലഭിക്കുന്ന സ്ഥലത്താണ് ഇവ നടേണ്ടത്.
രണ്ട് ചെടികൾ തമ്മിൽ 2.5 മീറ്റർ അകലം ആവശ്യമാണ്. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴികൾ തയാറാക്കി 10 കിലോ ജൈവ വളവും (ചാണകപ്പൊടി, എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം) ചേർക്കുക. അമ്ലത്വം കൂടിയ മണ്ണുകളിൽ (5.5 നെക്കാൾ കുറഞ്ഞ പി എച്ച് മൂല്യമുള്ള മണ്ണ് കുഴിയൊന്നിനു ഒരു കിലോ കുമ്മായവും കൂടെ നടുന്നതിനു 15 ദിവസം മുമ്പു ചേർക്കാവുന്നതാണ്. ഇപ്രകാരം തയാറാക്കിയ കുഴികളിലാ ണ് ചെടി മാറ്റി നടേണ്ടത്. മേൽമണ്ണ് നിറച്ച് തടമെടുക്കുക.
വെള്ളം വാർന്നു പോകാൻ സൗകര്യം നൽകണം. മേയ്, ജൂൺ മാസങ്ങളിൽ മാറ്റി നടുന്നതാണു നല്ലത്. നട്ട ശേഷം മിതമായ രീതിയിൽ നനച്ചു കൊടുക്കുക. ഓരോ സ്ഥലത്തേയും ഭൂപ്രകൃതിയും മണ്ണിന്റെ ഘടനയും അനുസരിച്ചു 10 -15 ദിവസം കൂടുമ്പോൾ നനവ് ക്രമീകരിക്കണം. വരണ്ട കാലാവസ്ഥയിലും നല്ല രീതിയിൽ വളരുന്ന ചെടിയാണ് മുരിങ്ങ. പൂവ് വന്നു തുടങ്ങി കഴിഞ്ഞാൽ ജലസേചനം വളരെ കുറയ്ക്കണം. തുള്ളി നന ഏർപ്പെടുത്തുന്നതും വളരെ മികച്ച വിളവ് ലഭിക്കാൻ ഇടയാക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
Share your comments