ഇഞ്ചിക്കുടുംബത്തിൽ നിന്ന് കണ്ണഞ്ചിപ്പിക്കുന്ന സുന്ദരിപ്പൂവ്-അതാണ് റെഡ് ജിഞ്ചർ. ജിഞ്ചർ ലില്ലി, ടോർച്ച് ലില്ലി എന്നൊക്കെ ഇതിനു പേരുണ്ട്. സിഞ്ചി ബറേസി എന്ന ഇഞ്ചിക്കുടുംബത്തിൽ പെടുന്ന കണ്ണഞ്ചിപ്പിക്കുന്ന ഈ പൂവിന് ഇന്ന് അത്ര പ്രചാരം കൈവന്നിട്ടില്ലെങ്കിലും ഇത് നാളെയുടെ വാഗ്‌ദാനമാണ് എന്ന കാര്യത്തിൽ സംശയമില്ല; കാരണം റെഡ് ജിഞ്ചറിന് വിദേശപുഷ്‌പ വിപണിയിൽ വൻ ഡിമാന്റാണ്.
കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ റെഡ് ജിഞ്ചർ യാതൊരു സവിശേഷ പരിചരണവുമില്ലാതെ നന്നായി വളരും. ആൽപിനിയ പർപ്യൂറേറ്റ എന്നാണ് ഈ ഉദ്യാനസസ്യത്തിന്റെ ശാസ്ത്രനാമം. ഏതാണ്ട് 4-5 മീറ്റർ ഉയരത്തിൽ ഈ ചെടി വളരും. ഇതിന്റെ കടുംപച്ചിലകൾ വീതിയുള്ളതും നീണ്ട് തിളക്കമുള്ളതുമാണ്. പ്രധാനമായും രണ്ടിനങ്ങളാണ് റെഡ് ജിഞ്ചറിലുള്ളത്.
ജംഗിൾ കിങ്, ജംഗിൾ ക്വീൻ. ഇതിൽ ജംഗിൾ കിങ്ങിൻ്റെ പൂവിന് ചുവപ്പു നിറവും ജംഗിൾ ക്വിൻസ്റേതിന് പിങ്ക് നിറവുമാണ്. ഇഞ്ചിയുടേതു പോലെ ചുവട്ടിൽ പടരുന്ന വിത്താണ് റെഡ് ജിഞ്ചറിനും. ഇതിൽ നിന്നാണ് തണ്ട് പൊട്ടിമുളയ്ക്കുക. ഇതിലാണ് വീതിയുള്ള ഇലകൾ കാണുക. ഈ ഇലയിടുക്കുകളിൽ നിന്ന് തലനീട്ടുന്ന ദളങ്ങൾ അടുക്കിയ പൂങ്കുലകൾ ഏറെ നാൾ വാടാതെ നിൽക്കും.
ഭാഗികമായ സൂര്യപ്രകാശത്തിലും വേണ്ടി വന്നാൽ അല്പം തണലിൽ പോലും ടോർച്ച് ലില്ലി നന്നായി വളരും. വെള്ളക്കെട്ടുള്ള സ്ഥലത്തു പോലും വൈഷമ്യമില്ലാതെ വളരുന്നു എന്നത് ഇതിന്റെ സാർവജനീനത വർധിപ്പിക്കുന്നു.
ചെടിയുടെ ചുവട്ടിൽനിന്നു പൊട്ടി മുളയ്ക്കുന്ന കന്നുകളോ കാണ്ഡങ്ങൾ തന്നെയോ നടാനുപയോഗിക്കാം. അടുത്തടുത്തു നടുമ്പോൾ ചെടികൾ തമ്മിൽ ഒരു മീറ്ററും വരികൾ തമ്മിൽ രണ്ടു മീറ്ററും അകലം നൽകി വളർത്തണം. അങ്ങനെയായാൽ ഒരു ഹെക്ടർ സ്ഥലത്ത് 5000 ചെടികൾ നടാം.
ധാരാളം ജൈവവളവും മുട്ടില്ലാതെ വെള്ളവും- ഇതു രണ്ടും ടോർച്ച് ലില്ലിക്ക് നിർബന്ധമാണ്. താരതമ്യേന രോഗകീട വിമുക്തമായ ഈ ചെടിക്ക് രാസവളപ്രയോഗവും നിർബന്ധമില്ല. വർഷം മുഴുവൻ പുഷ്പിക്കും എന്ന പ്രത്യേകതയും ടോർച്ച് ലില്ലിക്കുണ്ട്. ഇത് ഒന്നാംതരം കട്ട്ഫ്ളവർ കൂടെയാണ്. കട്ട്ഫ്ള വർ ആയി ഉപയോഗിക്കുമ്പോൾ പൂങ്കുലകൾ മൂന്നിലൊന്നു വിരിഞ്ഞു കഴിഞ്ഞാൽ മുറിച്ചെടുക്കാം. ഈ പൂക്കൾ മൂന്നാഴ്ച ക്കാലം വാടാതെയും നിൽക്കും. അത്യപൂർവമായി വെള്ളപൂക്കൾ വിടർത്തുന്ന ഇനങ്ങളുമുണ്ട്. പൂങ്കുലയ്ക്ക് 30 സെന്റിമീറ്റർ നീളമുണ്ടാവും.
Share your comments