'കോളിയസ് ഫോർസ്കോളി' എന്ന മരുന്നു കൂർക്ക ഔഷധസസ്യം ലാമിയേസീ കുടുംബത്തിലെ അംഗമാണ്. മരുന്നുമേഖലയിൽ കേരളീയർക്ക് ഒരു വിലപ്പെട്ട വിരുന്നുകാരിയായി വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.
വിലപ്പെട്ട വിരുന്നുകാരിയെന്ന് വിശേഷിപ്പിക്കാൻ കാരണം രക്താതി സമ്മർദം, ആസ്തമ, ഹൃദ്രോഗം, അർബുദം, എന്നീ മാരകരോഗങ്ങൾക്ക് പാർശ്വഫലങ്ങൾ അശേഷമില്ലാതെ ആയുർവേദചികിൽസകർ അടുത്ത കാലത്തുമാത്രം ആശ്രയിച്ചുതുടങ്ങിയ ഒരു ദിവ്യഔഷധിയെന്ന നിലയ്ക്കാണ്.
തലക്കം വേരുപിടിപ്പിക്കൽ
വേരുപിടിപ്പിക്കുന്നതിന് 150 ഗേജ് കനമുള്ള 20x15 സെ.മീ. വലിപ്പമുള്ള പോളിത്തീൻ കവറുകളിൽ മൺമിശ്രിതം നിറച്ച് നടുക. നേർമയുള്ള മേൽമണ്ണും ഉണങ്ങിയ കാലിവളവും ചേർത്തിളക്കിയ മൺമിശ്രിതമാണ് ഇതിലേക്ക് ഉപയോഗിക്കേണ്ടത്. ചുവട്ടിൽ ജലനിർഗമനത്തിനുള്ള സുഷിരങ്ങളും ഉണ്ടെന്ന് ഉറപ്പു വരുത്തുക. തലക്കങ്ങൾ മൂന്ന് സെ.മീറ്റർ താഴ്ത്തിയാണ് നടേണ്ടത്. നടീൽ കഴിഞ്ഞ് മേൽമണ്ണ് ലോലമായി അമർത്തുക. നടീൽ കഴിഞ്ഞാൽ കവറുകൾ തണലുള്ള സ്ഥലത്ത് അടുക്കി വയ്ക്കുക. മൂന്നാഴ്ച മുതൽ ഒരു മാസക്കാലംകൊണ്ട് ധാരാളം വേരുകൾ പൊട്ടിതലക്കങ്ങൾ തഴച്ചുവളർന്നു തുടങ്ങും. മണ്ണിന് നനവുണ്ടായിരിക്കാൻ പാകത്തിനു മാത്രമേ ജലസേചനം നടത്തേണ്ടതുള്ളൂ. മൂന്നാഴ്‌ച കഴിഞ്ഞാൽ ക്രമേണ കവറുകൾ സൂര്യപ്രകാശത്തിലേക്ക് മാറ്റി നന്നായി നനയ്ക്കുക.
ഒരു മാസം പിന്നിട്ടാൽ പറിച്ചു നടീൽ കാലമാകും. തലക്കങ്ങൾ ഒന്നും തന്നെ നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഈ രീതി ഏറെ ഫലപ്രദമാണ്.
നിലമൊരുക്കൽ
മഴയെ ആശ്രയിച്ചു കൃഷി നടത്തുന്ന സാഹചര്യങ്ങളിൽ ജൂലായ് മാസത്തെ ശക്തിയായ മഴ കഴിഞ്ഞ ശേഷം പറിച്ചു നടുന്നതാണ് അഭികാമ്യം. ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളത്തിൽ താവരണകൾ തയാറാക്കുക. താവരണകൾക്ക് 25-30 സെ.മീ. ഉയരമുണ്ടായിരിക്കണം. തടം നേർമയായി കട്ടകൾ പൊടിച്ച് ഉപരിതലം നിരപ്പാക്കുക. ചെടികൾ തമ്മിൽ 30 സെ.മീറ്ററും വരികൾ തമ്മിൽ 60 സെ.മീറ്ററും അകലം ക്രമീകരിക്കുക. തടത്തിൽ ഇരുവശങ്ങളിലുമായി ആഴം കുറഞ്ഞ ചെറുകുഴികളെടുത്ത് പോളിത്തീൻ കവറു മാറ്റി തൈകൾ നടുക. അടിവളമായി ചെടിയൊന്നിന് രണ്ടു കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടിയും ഒരുകിലോ ചാരവും ചേർക്കുക.
Share your comments