മുണ്ടകന് നിലമൊരുക്കുന്ന സമയത്ത് ചാണകം ഏക്കറിന് 2 ടൺ എന്ന തോതിലോ മണ്ണിര കമ്പോസ്റ്റ് ഏക്കറിന് 1 ടൺ എന്ന തോതിലോ ചേർക്കണം. അമ്ലാംശം കൂടുതലുള്ള മണ്ണിൽ ഏക്കറിന് 140 കി.ഗ്രാം എന്ന തോതിൽ കുമ്മായം അടിവളമായി ചേർക്കണം. കുമ്മായം ചേർക്കുമ്പോൾ പാടത്ത് വെള്ളം കെട്ടി നിൽക്കാൻ പാടില്ല. 48 മണിക്കൂറിനു ശേഷം വെള്ളം കയറ്റി കഴുകി ഇറക്കണം. കുമ്മായമിട്ട ശേഷം ഒരാഴ്ച കഴിഞ്ഞ രാസവളം ചേർക്കാൻ പാടുള്ളൂ. പ്രാദേശിക പ്രത്യേകതകൾക്കും മണ്ണു പരിശോധനയുടെയും അടിസ്ഥാനത്തിൽ വിദഗ്ദ്ധാഭിപ്രായം സ്വീകരിച്ചാകണം വളപ്രയോഗം.
വിതയ്ക്കാൻ ഡ്രംസീഡറോ പറിച്ച് നടീലിന് യന്ത്രമോ ഉപയോഗിക്കാം. യന്ത്രമുപയോഗിക്കുന്നിടത്ത് പായ് ഞാറ്റടി തയ്യാറാക്കണം. വിത്ത് മുളപ്പിക്കുന്ന സമയത്ത് സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്തു പരിചരണം നടത്തുന്നത് രോഗനിയന്ത്രണത്തിന് സഹായിക്കും. ഇതിനായി 1 കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണാസ് എന്ന തോതിൽ 1 ലിറ്റർ വെള്ളത്തിൽ 12-16 മണിക്കൂർ കുതിർത്തശേഷം സാധാരണ പോലെ മുളപ്പിച്ച് വിതയ്ക്കാം.
സെപ്തംബറിൽ നടുകയോ വിതയ്ക്കുകയോ ചെയ്ത പാടങ്ങളിൽ ഈ മാസം മേൽവളം ചേർക്കാം. നട്ട് മൂന്നാഴ്ച കഴിഞ്ഞും വിതച്ച് നാലര കഴിഞ്ഞും വളപ്രയോഗം നടത്തണം. ഇതിന് ഒരാഴ്ച മുമ്പ് ഏക്കറിന് 100 കി.ഗ്രാം എന്ന തോതിൽ കുമ്മായം ചേർക്കണം. രാസവളപ്രയോഗത്തിനു മുമ്പ് പാടത്ത് നിന്നും വെള്ളം വാർത്തു കളയണം.
വളപ്രയോഗത്തിനു ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു മാത്രമേ വെള്ളം കയറ്റാവൂ. നെൽച്ചെടിക്ക് 45 ദിവസം പ്രായമാകുന്നതുവരെ കളശല്യം നിയന്ത്രിക്കണം. ഓലചുരുട്ടിക്കും തണ്ടുതുരപ്പനുമെതിരെ പറിച്ച് നട്ട് ഒരാഴ്ച കഴിഞ്ഞ് 7 മുതൽ 10 ദിവസത്തെ ഇടവേളകളിൽ 5 മുതൽ 6 തവണ വരെ ട്രൈക്കോകാർഡുകൾ പാടത്ത് നാട്ടണം. വിതയ്ക്കുന്ന പാടങ്ങളിൽ 25 ദിവസങ്ങൾക്കുശേഷം കാർഡ് വയ്ക്കാം. ഓരോ പ്രാവശ്യവും പുതിയ കാർഡ് തന്നെ വാങ്ങി വയ്ക്കാൻ ശ്രദ്ധിക്കുക
നെല്ലിലെ കുലവാട്ടം, പോളരോഗം എന്നീ രോഗങ്ങൾക്കെതിരെ സ്യൂഡോമോണാസ് ഫലപ്രദമായി ഉപയോഗിക്കാം. പറിച്ചു നടുന്നതിനു മുമ്പ് ഞാറ് 20 ഗ്രാം സ്യൂഡോമോണാസ് 1 ലിറ്റർ വെള്ളത്തിൽ തയ്യാറാക്കിയ ലായനിയിൽ മുക്കിയ ശേഷം നടാം. അല്ലെങ്കിൽ ഈ തോതിൽ തയ്യാറാക്കിയ ലായനി പാടത്ത് തളിച്ച് കൊടുക്കാം. ഇതേ ബാക്ടീരിയൽ കൾച്ചർ 1 കി.ഗ്രാം, 50 കി.ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവുമായി തലേ ദിവസം ചേർത്തു വെച്ച ശേഷം വിതറാവുന്നതാണ്. കുട്ടനാടൻ പാടങ്ങളിലും കോൾപാടങ്ങളിലും വെള്ളം വറ്റിച്ച ശേഷം വിത തുടങ്ങണം.
Share your comments