പല ഇനം മണ്ണിലും മുളക് കൃഷി ചെയ്യാറുണ്ടെങ്കിലും നല്ല നീർവാർച്ചയുള്ള ചരൽ കലർന്ന പശിമരാശി മണ്ണാണ് മുളക് കൃഷിക്ക് ഏറ്റവും അനുയോജ്യം. ജലനിർഗമന സൗകര്യമില്ലാത്ത സ്ഥലം കൃഷിക്ക് തീരെ യോജിച്ചതല്ല. പ്രതിവർഷം 200-300 സെ. മീറ്റർ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് മുളക് കൃഷിക്ക് ഉത്തമം.
കൃഷിയുടെ ആരംഭത്തിൽ ചെറിയ മഴയും ശരിയായ വളർച്ച ആരംഭിക്കുമ്പോൾ സാമാന്യം മെച്ചപ്പെട്ട മഴയും നന്ന്. പൂക്കുമ്പോഴും കായ്ക്കമ്പോഴും മഴ നന്നല്ല. പൂക്കുമ്പോഴുള്ള മഴ പൂ കൊഴിയാനും കായ് പിടിക്കുമ്പോഴുള്ള മഴ കായ്ചീയാനും കാരണമാകും. തീരപ്രദേശം മുതൽ 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ മുളക് കൃഷി നന്നായി ചെയ്യാം.
മുളകിന്റെ കൃഷിരീതി
വിത്ത് കിളിർപ്പിച്ചു പറിച്ചു നട്ടാണ് മുളകു കൃഷി ചെയ്യുന്നത്. ഒരു മീറ്റർ വീതിയിലും 15 സെ.മീറ്റർ ഉയരത്തിലും സൗകര്യം പോലെ നീളത്തിലും തവാരണകൾ ഉണ്ടാക്കി വിത്ത് അതിൽ വരിയായി പാകണം. 100 ച.മീറ്റർ സ്ഥലത്ത് ഒരു കി.ഗ്രാം വിത്ത് വിതച്ചാൽ ഒരു ഹെക്ടർ സ്ഥലത്ത് പറിച്ചു നടാൻ ആവശ്യമായ തൈ ലഭിക്കും. വിത്ത് തവാരണയിൽ വിതച്ച ശേഷം പൊടി മണ്ണു ഉപയോഗിച്ചു മൂടണം.
തവാരണയിൽ സെവിൻ 10% എന്ന കീടനാശിനി പൊടി വിതറിയാൽ ഉറുമ്പ് അരിക്കാതിരിക്കാൻ കഴിയുന്നു. രാവിലെയും വൈകുന്നേരവും ഒരു പൂപ്പാട്ട ഉപയോഗിച്ച് ദിവസവും നനയ്ക്കണം. കേരളത്തിലെ ചില സ്ഥലങ്ങളിൽ ചാലു കീറി ചാലിൽ നേരിട്ട് വിത്തു വിതയ്ക്കുന്ന സമ്പ്രദായം നിലവിലുണ്ട്. ഈ രീതി സ്വീകരിക്കുമ്പോൾ വിത്തിന്റെ അളവ് കൂട്ടണം. ഏകദേശം ഹെക്‌ടറിന് 7 കി.ഗ്രാം വിത്ത് ആവശ്യമായി വരും. ഈ രീതിയിൽ കൃഷിയിറക്കുമ്പോൾ രണ്ടു മൂന്നാഴ്‌ച മുമ്പേ വിളവെടുക്കാൻ കഴിയുന്നു.
മുളകിന് നിലമൊരുക്കുന്ന രീതിയും പറിച്ചുനടുന്ന വിധവും
മുളക് നടാൻ തിരഞ്ഞെടുക്കുന്ന സ്ഥലം നന്നായി താഴ്ത്തി കിളയ്ക്കുകയോ മൂന്നോ നാലോ തവണ ഉഴുകയോ വേണം. മൺകട്ടകൾ ഉടച്ച് കല്ലുകൾ നീക്കം ചെയ്‌ത് സ്ഥലം നിരപ്പാക്കി നല്ല വണ്ണം പരുവപ്പെടുത്തണം. ചാലുകൾ കീറിയാണ് തൈകൾ നടുന്നത്. മഴക്കാലത്ത് തുടർച്ചയായി വെള്ളം കെട്ടി നിൽക്കുന്ന സ്ഥലം ഒഴിവാക്കണം. ചാലുകൾക്ക് 30 സെ.മീറ്റർ വീതിയും 45-60 സെ.മീറ്റർ ഇടയകലവും നൽകണം. ഉയരം കുറഞ്ഞ കുള്ളൻ ഇനങ്ങൾക്ക് 30-35 സെ.മീറ്റർ ഇടയകലം നൽകിയാൽ മതി. ഉയരത്തിൽ വളരുന്നവയാണെങ്കിൽ 70-90 സെ.മീറ്റർ വീതം നൽകണം. ചാലുകളിൽ അടിസ്ഥാന വളം ചേർത്ത് താഴ്ത്തി കിളച്ച് മണ്ണുമായി യോജിപ്പിച്ചു നിരപ്പാക്കിയ ശേഷമേ തൈകൾ നടാൻ പാടുള്ളൂ. നടാൻ എടുക്കുന്ന തൈകൾ കരുത്തോടെ വളരുന്നവയും രോഗബാധ ഇല്ലാത്തതുമായിരിക്കണം.
തൈകൾ പിഴുതെടുക്കുമ്പോൾ വേരുകൾ പൊട്ടുവാനോ ചതയുവാനോ പാടില്ല. രണ്ടു തൈകൾ തമ്മിൽ 30-60 സെ. മീറ്റർ അകലം വേണം. പൊതുവെ 45 സെ.മീറ്റർ നൽകിയാൽ മതി. ചാലിൽ കൈ കൊണ്ടോ മറ്റു കൃഷി പണിയായുധങ്ങൾ കൊണ്ടോ ചെറിയ കുഴിയുണ്ടാക്കി അതിൽ ചെടിയുടെ ചുവടു ഭാഗം വച്ച് ചുറ്റും മണ്ണിട്ട് ഉറപ്പിക്കണം. ഓരോ കുഴിയിലും ഓരോ തൈ നട്ടാൽ മതി. നട്ട ശേഷം നനയ്ക്കണം. മൂന്നു നാലു ദിവസം കാലത്തും വൈകിട്ടും നനയ്ക്കുന്നത് നല്ലതാണ്. മഴക്കാല മുളകു കൃഷി ഏപ്രിൽ-മേയിൽ തുടങ്ങി ജൂണിൽ പറിച്ചുനടാം. വേനൽക്കാലത്താകട്ടെ ജനുവരി- ഫെബ്രുവരിയിലാണ് തൈ നടുന്നത്.
Share your comments