നീർവാർച്ചയുള്ള മണൽകലർന്ന ചെമ്മണ്ണും ജൈവാംശം കൂടിയ പശിമരാശിമണ്ണും പിച്ചികൃഷിക്ക് ഏറ്റവും യോജിച്ചതാണ്. ജൈവവള പ്രയോഗവും ജലനിർഗമനവും ഉറപ്പു വരുത്തിയാൽ ഏതു മണ്ണിലും പിച്ചി വളർത്താം. വരണ്ടകാലാവസ്ഥ ഇഷ്‌ടപ്പെടുന്ന സസ്യമാണിത്. മഴ തുടർച്ചയായിട്ടുള്ള സ്ഥലങ്ങളിൽ വളർച്ചയും ഉൽപ്പാദനവും കുറവായി കാണുന്നുണ്ട്.
പ്രജനനം
കാണ്‌ഡം മുറിച്ചുനടാം. കൂടാതെ പതിവച്ച് വേരുമുളച്ച ശേഷം തായ്ച്ചെടിയിൽ നിന്നു വേർപെടുത്തി നിഴലും വെയിലും നനയും യഥോചിതം നൽകി കൃഷിയിടങ്ങളിൽ മാറ്റിനട്ട് പരിചരിക്കാം. വേരുൽപ്പാദനം വേഗത്തിലാക്കുന്ന ഇൻഡോൾ ബ്യൂട്ടിറിക് ആസിഡ് 5000 പി.പി.എം എന്ന ഹോർമോൺ ഉപയോഗിക്കുന്നതും ഫലപ്രദമാണെന്ന് നിരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
നടീൽ
അരമീറ്റർ നീളം, വീതി, താഴ്‌ച എന്ന അളവിൽ കുഴിയെടുത്ത് മേൽ മണ്ണിനൊപ്പം അഞ്ചുകിലോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും ചേർത്ത് പൂർണമായും നിറച്ച് തൽസ്ഥാനത്ത് 20 സെ. മീ. ഉയരത്തിൽ ഒരു ചെറുകൂന രൂപപ്പെടുത്തുക.
മണ്ണിന്റെ ജൈവശേഷി, നടുന്ന ഇനത്തിൻ്റെ വളർച്ചാശൈലി, മറ്റു സാഹചര്യങ്ങൾ എന്നിവ നടീൽ അകലം നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ധാരാളം പടർന്നു വളരുന്ന ഇനങ്ങൾക്ക്, ചെടികൾതമ്മിൽ 1.8-2 മീറ്റർ വരെയും വരികൾതമ്മിൽ 1.5-1.8 മീറ്റർ വരെയും അകലം നൽകണം. കുറ്റി ഇനങ്ങൾക്ക് ചെടികൾ തമ്മിലും വരികൾ തമ്മിലും 1.2 മീറ്റർ മതി.
ഓരോ പ്രദേശത്തേയും കാലവർഷം അനുസരിച്ച് നടീൽസമയത്തിന് മാറ്റം വരുത്തണം. മാസം ഏതായാലും മഴ തുടങ്ങി അൽപ്പം ശക്തി കുറഞ്ഞിട്ട് നടീൽ എന്നതാണ് പ്രമാണം.
Share your comments