നെൽകൃഷിക്ക് രാസവളങ്ങൾ ഉപയോഗിക്കുമ്പോൾ ഫോസ്‌ഫറസ്, പൊട്ടാഷ് എന്നിവ അടങ്ങിയ രാസവളങ്ങൾ അടിസ്‌ഥാന വളങ്ങളായി ചേർക്കുന്നതാണ് ഉത്തമം. മണൽ മണ്ണിൽ നൈട്രജൻ അടങ്ങിയ രാസവളങ്ങൾ ഒറ്റതവണയായി ഉപയോഗിക്കുന്നത് നൈട്രജൻ്റെ നല്ലഭാഗം നഷ്ടപ്പെടാൻ കാരണമായിത്തീരുന്നു. അതിനാൽ നൈട്രജൻ രാസവളങ്ങൾ തവണകളായി വേണം നൽകുവാൻ.
നൈട്രജൻ രാസവളങ്ങൾ അടിസ്‌ഥാന വളമായി നൽകുമ്പോൾ മണ്ണിൽ നന്നായി ചേർത്തു കൊടുക്കേണ്ടതാണ്. ശേഷം മണ്ണിൽ ഈർപ്പം നിലനിർത്താൻ ശ്രമിക്കണം. നൈട്രജൻ വളം നൽകിയ മണ്ണ് ഭാഗികമായി ഉണക്കിനു വിധേയമാകുന്ന പക്ഷം നൽകിയ നൈട്രജൻ രാസവളങ്ങൾ നഷ്ടപ്പെടുന്നു.
വെള്ളം നിൽക്കുന്ന വയലുകളിൽ നൈട്രജൻ വളങ്ങൾ നൽകുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു.
മോടൻ കൃഷിക്കും ചേറ്റുവിതയ്ക്കും നൈട്രജൻ വളങ്ങൾ ഏതു രീതിയിലാണ് നൽകേണ്ടത്. ഫോസ്‌ഫറസ് വളവും പൊട്ടാഷ് വളവും അടിവളമായി നൽകാമോ?
മോടൻ കൃഷിക്കും ചേറ്റുവിതയ്ക്കും നൈട്രജൻ രാസവളങ്ങൾ മൂന്നു തുല്യ ഗഡുക്കളായി നൽകുന്നതാണ് ഉത്തമം. ആദ്യഗഡു അടിവളമായും രണ്ടാംഗഡു വിതച്ചു മൂന്ന് ആഴ്‌ചകൾക്കു ശേഷം ചിനപ്പ് പൊട്ടുമ്പോഴും മൂന്നാം ഗഡു അടിക്കണ പരുവത്തിലും (കതിരു നിരക്കുന്നതിന് 30 ദിവസം മുൻപ്) കൊടുക്കണം.
കുട്ടനാട് പ്രദേശത്ത് നെൽകൃഷിക്ക് രാസവളം ചേർക്കുന്ന രീതി എങ്ങനെയാണ്?
കുട്ടനാട് പ്രദേശത്ത് പാടം ഉണങ്ങിയ ശേഷം വീണ്ടും വെള്ളം കയറ്റുന്നതോടൊപ്പം അടിവളമായി നൈട്രജൻ വളം ചേർക്കുന്നു. ഫോസ്ഫറസ് വളമാകട്ടെ, രണ്ടു ഗഡുക്കളായി നൽകുന്നു. ആദ്യ ഗഡു അടിവളമായും രണ്ടാമത്തെ ഗഡു പരമാവധി ചിനപ്പു പൊട്ടുന്ന സമയത്തും ചേർക്കണം.
മണലിന്റെ അംശം കൂടുതലുള്ള ഓണാട്ടുകരപോലുള്ള പ്രദേശങ്ങളിൽ നെല്ലിന് രാസവളങ്ങൾ ചേർക്കുന്ന രീതി എങ്ങനെയാണ്?
ഓണാട്ടുകര പോലുള്ള മണലിൻ്റെ അംശം കൂടുതലുള്ള സ്‌ഥലങ്ങളിൽ നൈട്രജൻ, പൊട്ടാഷ് രാസവളങ്ങൾ 5 തുല്യ ഗഡുക്കളായി കൊടു ക്കുന്നതാണ് നല്ലത്.
മധ്യകാലമൂപ്പുള്ള ഇനങ്ങൾക്ക് നടുമ്പോഴും നട്ട് 15,38,53,70 ദിവസങ്ങൾക്കുശേഷവും നൈട്രജനും പൊട്ടാഷും നൽകാം.
മണലിന്റെ അംശം കൂടുതലുള്ള മണ്ണിൽ നൈട്രജൻ രണ്ടോ മൂന്നോ ഗഡുക്കളായി കൊടുക്കുന്നത് വളനഷ്ടം കുറയ്ക്കും.
ഓണാട്ടുകര പ്രദേശത്ത് ഹെക്ടറിന് 5 ടൺ ജൈവവളവും 67.5 കി.ഗ്രാം പൊട്ടാഷും ചേർക്കേണ്ടതാണ്. കൂടാതെ രണ്ടരടൺ വെർമി കമ്പോസ്റ്റും ചേർക്കണം.
ഒന്നാം വിളക്കാലത്ത് തുടർച്ചയായ മഴമൂലം നൈട്രജൻ അടിവളമായി ചേർക്കാൻ കഴിയാതെ വന്നാൽ നട്ട് 15 ദിവസത്തിനുശേഷം ചേർത്താലും മതി.
Share your comments