ഏതു രീതിയിലുള്ള കാലാവസ്ഥയും മണ്ണമാണ് എള്ളുകൃഷിക്ക് അനുയോജ്യം ?
സമതല പ്രദേശങ്ങളിൽ എള്ള് നന്നായി വളരുന്നു. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരം വരെ എള്ള് വളർത്താൻ കഴിയുന്നു. 21 ഡിഗ്രി സെന്റീഗ്രെയ്‌ഡിൽ കവിയാത്ത അന്തരീക്ഷതാപം ഇതിന്റെ വളർച്ചയ്ക്ക് യോജിച്ചിരിക്കുന്നു. മഴ വളരെ കുറഞ്ഞ പ്രദേശങ്ങളും വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളും എള്ളുകൃഷിക്ക് യോജിച്ചതല്ല. നല്ല നീർവാർച്ചയുള്ള മണ്ണാണ് എള്ളുകൃഷിക്ക് യോജിച്ചത്. ക്ഷാര സ്വഭാവമുള്ള മണ്ണ് ഇതിന്റെ വളർച്ചക്ക് പറ്റിയതല്ല.
കരഭൂമിയിൽ എപ്പോഴാണ് എള്ളിൻ്റെ കൃഷിക്കാലം ?
കരഭൂമിയിൽ ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലത്താണ് കൃഷിയിറക്കുന്നത്. ഇതിനു ഉപയോഗിക്കുന്ന വിത്തിനങ്ങൾക്ക് 100 മുതൽ 110 ദിവസം മൂപ്പു കാണുന്നു.
നെൽവയലിൽ മൂന്നാം വിളയായി എള്ളുകൃഷി ചെയ്യുന്ന സീസൺ എപ്പോഴാണ് ?
താഴ്ന്ന നെൽപ്പാടങ്ങളിൽ മൂന്നാം വിളയായാണ് എള്ളു കൃഷി ചെയ്യുന്നത്. 80 മുതൽ 90 ദിവസം മൂപ്പുള്ള ഇനങ്ങളാണ് ഉപയോഗിക്കുന്നത്. ഡിസംബറിൽ കൃഷിയിറക്കി ഏപ്രിൽ മാസത്തിൽ കൊയ്യാം.
എള്ളുകൃഷി ചെയ്യാൻ നിലമൊരുക്കുന്ന വിധം എങ്ങനെ
മൂന്നോനാലോ തവണ ഉഴുത്, കട്ടയുടച്ച്, നിലമൊരുക്കണം. വിത്ത് വളരെ ചെറുതായതിനാൽ എള്ള് വിതയ്ക്കാൻ നിലം നല്ലവണ്ണം പരുവപ്പെടുത്തണം. എള്ളുകൃഷി ചെയ്യുന്ന നിലത്തിൽ കളകൾ പൂർണമായി നീക്കം ചെയ്യണം.
ഒരു ഹെക്റ്ററിൽ വിതയ്ക്കാൻ എത്ര വിത്തു വേണം ? വിതയ്ക്കുന്ന രീതി എങ്ങനെ
ഒരു ഹെക്റ്ററിൽ വിതയ്ക്കാൻ 4-5 കി.ഗ്രാം വിത്ത് വേണം. വിത്ത് രണ്ടോ മൂന്നോ ഇരട്ടി മണലുമായി കലർത്തി ഒരേ പോലെ വീഴത്തക്ക വിധം വിതയ്ക്കണം. വിത്ത് വിതയ്ക്കാൻ സീഡ് ഡ്രീൽ ഉപയോഗിക്കാവുന്നതാണ്. വിതച്ചു കഴിഞ്ഞ് നിരപ്പലക കൊണ്ട് അമർത്തി വിത്ത് മണ്ണിട്ടു മൂടണം.
Share your comments