ഒന്നര അടി ആഴവും ഒരടി വീതിയുമുള്ള കുഴികളെടുത്താണു ചന്ദനം നട്ടത്. 12 അടി അകലത്തിൽ ഏക്കറിന് 300 തൈകൾ വീതം 35 ഏക്കറിൽ 10.500 തൈകളാണു നട്ടത്. 1.5-2 അടി ഉയരമുള്ള തൈകൾ നട്ടില്ലെങ്കിൽ അതിജീവനനിരക്ക് മോശമാകുമെന്ന് അനുഭവത്തിലൂടെ പറയാം .
തീരെ ചെറുപ്രായത്തിൽ ചീര പോലുള്ള ചെറു ചെടികളും തൈ വളരുന്നതനുസരിച്ച് തുവര പോലുള്ള ചെടികളും വലുതായ ശേഷം ആര്യവേപ്പുമാണ് ആതിഥേയ സസ്യങ്ങളായി വളർത്തിയത്. ആതിഥേയ സസ്യം ചന്ദനത്തെ അമർത്തി വളരാതിരിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം.
5 മരങ്ങൾക്ക് ഒരു വേപ്പുമരം വീതം നട്ടു. ആതിഥേയ സസ്യമായി നടുന്ന മരങ്ങൾ നിശ്ചിത കാലമെത്തും മുൻപ് മുറിച്ചു നീക്കുകയോ ചെറുതാക്കുകയോ ചെയ്‌താൽ ചന്ദനത്തിൻ്റെ വളർച്ച മുരടിക്കുമെന്ന് നട്ടു കഴിഞ്ഞാൽ പിന്നെ സംരക്ഷണം മാത്രമാണ് ചന്ദനക്കൃഷിക്കായി വേണ്ടി വരുന്ന അധ്വാനമെന്ന് ദുരൈസ്വാമി. രാസവളമോ കീടനാശിനിയോ വേണ്ടാത്ത വിള, വരണ്ട കാലാവസ്‌ഥയാണ് പഥ്യം.
ഒരു തൈയ്ക്ക് 4 ദിവസത്തിലൊരിക്കൽ ഒരു ലീറ്റർ വെള്ളം മതി! വലുതാകുന്നതനുസരിച്ചു നൽകുന്ന ജലത്തിന്റെ തോത് കൂട്ടി ആഴ്ച്‌ചയിലൊരിക്കൽ 50 ലീറ്റർ വരെയാക്കി. ഇപ്പോഴും ഇതേ തോതിലാണു നൽകുന്നത്.
തോട്ടത്തിൽ മേയാൻ വിടുന്ന ചെമ്മരിയാടുകളാണ് ചന്ദനമരങ്ങൾക്കു വേണ്ട ജൈവവളം ഉറപ്പാക്കുന്നതെന്ന് ദുരൈസ്വാമി. കോഴിഷെഡിൽനിന്നുള്ള കാഷ്‌ഠവും ചാണ കവും നൽകാറുണ്ട്. ഇത് മരത്തിൽനിന്ന് 3-4 അടി അകലെ വിതറിക്കൊടുക്കും.
മറ്റു വിളകളിൽനിന്നു വ്യത്യസ്‌തമായി കള നശിപ്പിച്ചാൽ ക്ഷീണിക്കുന്ന സസ്യമാണ് ചന്ദനം. അവയുടെ വേരുകളാണല്ലോ ചന്ദനത്തിൻ്റെ ഭക്ഷണസ്രോതസ്സ്. അതു കൊണ്ടു തന്നെ ഇവിടെ കളനാശിനിയും തളിക്കാറില്ല. ഈ സാഹചര്യത്തിൽ കള കാടായി വളരാതിരിക്കാനും പാമ്പുശല്യം കുറയ്ക്കാനും ആടുകൾ സഹായിക്കുന്നു.
Share your comments