മാവിൻ തോട്ടം സ്ഥാപിക്കുന്നത് ഒരു ദീർഘകാല നിക്ഷേപമാണ്. അത് കൊണ്ട് തന്നെ കൃത്യമായ ആസൂത്രണം അത്യാവശ്യമാണ്. വേണ്ടത്ര സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്തു വേണം മാവ് കൃഷിക്കായി തെരഞ്ഞെടുക്കാൻ. സമുദ്ര നിരപ്പിൽ നിന്നും 600 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളാണ് ഏറ്റവും അനുയോജ്യം. മണ്ണിൻ്റെ ഗുണനിലവാരവും ആഴവും അനുയോജ്യമായതും, നീർവാർച്ചയുള്ളതും വെള്ളക്കെട്ടില്ലാത്ത സ്ഥലവും ആയിരിക്കണം.
2- 2.5 മീറ്റർ വരെ താഴ്‌ചയിലുള്ള മണ്ണ് ആണ് മാവിൻ്റെ ഭൂവളർച്ചക്ക് നല്ലത്. ജലസേചന സൗകര്യവും, വിപണന സൗകര്യവും ഉണ്ടായിരിക്കണം. ജലസേചനത്തിനുള്ള വെള്ളം ഗുണനിലവാരമുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രതികൂല കാലാവസ്ഥകൾ കൂടുതലായി നേരിടുന്ന പ്രദേശങ്ങൾ ഒഴിവാക്കുക. മറ്റു കർഷകരുടെ തോട്ടങ്ങൾ സമീപത്തുണ്ടോ എന്നറിയുന്നത് കൂട്ടായ സംരംഭങ്ങൾക്ക് ഗുണം ചെയ്യുന്നതാണ്. സ്ഥലം തെരഞ്ഞെടുത്തതിന് ശേഷം നിലം നന്നായി ഒരുക്കണം. മറ്റു മരങ്ങൾ വെട്ടി മാറ്റി. വേരുകൾ പിഴുതെടുത്ത്, മണ്ണ് നന്നായി ഉഴുതു നിരപ്പാക്കുക. ചെരിവുള്ള പ്രദേശങ്ങളിൽ ടെറസ് രീതിയിലുള്ള കൃഷി അവലംബിക്കേണ്ടതാണ്.
നടീൽ
മണ്ണിൻ്റെ സ്വഭാവം അനുസരിച്ചായിരിക്കണം തൈകുഴിയുടെ വലിപ്പം തീരുമാനിക്കാൻ. കളിമണ്ണിൻ്റെ അംശം കൂടുതലുള്ള നല്ല ഉറച്ച മണ്ണിലാണെങ്കിൽ ഒരു മീറ്റർ സമചതുരവും താഴ്‌ചയുമുള്ള കുഴിയാണ് നല്ലത്. നടുന്നതിനു ഒരു മാസം മുൻപെങ്കിലും കുഴി തയ്യാറായിരിക്കണം. കാലവർഷാരംഭത്തോടെ മാവിൻ തൈ നടാം. നേരത്തെ തയ്യാറാക്കിയ കുഴിയിൽ വളക്കൂറുള്ള മേൽമണ്ണും, 10 കിലോ ജൈവവളവും ചേർത്ത് കുഴി നിറയ്ക്കണം.. കുഴിയുടെ മധ്യത്തിലായി പിള്ള കുഴിയെടുത്ത് ചെടിയുടെ വേരിനും അതിനെ പൊതിഞ്ഞിരിക്കുന്ന മണ്ണിനും ഇളക്കം തട്ടാതെ മെല്ലെ ഇളക്കി മാവ് നടുക. ഒട്ടു സന്ധി മണ്ണിനടിയിലാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . തൈക്കു ചുറ്റും മണ്ണിട്ട് നന്നായി അമർത്തി ഉറപ്പിക്കണം. നട്ട ഉടൻ മഴയില്ലെങ്കിൽ നനയ്ക്കുകയും വേണം. കാറ്റ് കൊണ്ട്
തൈ ഉലയാതിരിക്കാനും, അടുത്ത് കുറ്റി നാട്ടി അതിനോട് ചേർത്ത് കെട്ടണം. ഒട്ടു സന്ധിയുടെ താഴെ സ്റ്റോക്കിൽ നിന്നും പൊട്ടി വരുന്ന മുളകൾ അപ്പപ്പോൾ നുള്ളി കളയാൻ മറക്കരുത്.
Share your comments