ഏതു തരത്തിലുള്ള ഉദ്യാനം ആയിരുന്നാലും അതിൽ റോക്ക് ഗാർഡന് ഒരു പ്രത്യേകസ്ഥാനമുണ്ട്. റോക്ക് ഗാർഡനിലെ പാറകളിൽ മാത്രമല്ല അതിനിടയിലുള്ള മണ്ണിലും പലതരത്തിലുള്ള സസ്യങ്ങൾ വളർത്താൻ സാധിക്കും. കൃത്രിമമായി ഉണ്ടാക്കുന്നതാണെങ്കിലും ഇത് ഉദ്യാനത്തെ ഏറ്റവും ആകർഷകമാക്കിത്തീർക്കുന്നു.
റോക്ക് ഗാർഡൻ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 ഉദ്യാനത്തിന്റെ തുറന്ന സ്ഥലത്തായിരിക്കണം റോക്ക് ഗാർഡൻ,
2 ഉദ്യാനത്തിന്റെ വിസ്ത്യതിക്ക് ആനുപാതികമായ സ്ഥലം റോക്ക് ഗാർഡനു വേണ്ടി വേർതിരിക്കണം.
3. ദിവസത്തിന്റെ പകുതി സമയമെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തായിരിക്കണം റോക്ക് ഗാർഡൻ.
4 വൻമരങ്ങളിൽ നിന്നും അകലെയായിരിക്കണം.
5. നിരപ്പില്ലാത്ത, പൊങ്ങിയും താഴ്ന്നുമുള്ള സ്ഥലം തിരഞ്ഞെടുക്കണം.
6. പാറകളും കല്ലുകളും കൃത്യതയില്ലാതെ ക്രമീകരിച്ച് സ്വാഭാവികത നില നിർത്താൻ ശ്രമിക്കണം.
7. സസ്യങ്ങൾ കലാബോധത്തോടെ നടേണ്ടതാണ്.
തയാറാക്കുന്ന വിധം
പാറകൾ തിരഞ്ഞെടുക്കുകയും അത് ഉറപ്പിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ നിന്നു ശേഖരിക്കുന്ന പൊടിഞ്ഞു പോകാൻ സാധ്യതയുള്ള പാറകൾ കൂടുതൽ കാലപ്പഴക്കം തോന്നിക്കും. അങ്ങനെയുള്ള പാറകൾ ശേഖരിക്കുന്നത് നല്ലതായിരിക്കും. ഗ്രാനൈറ്റു പോലുള്ള പാറകൾ യോജിച്ചവയല്ല.
റോക്ക് ചെടികൾ പാറകളിൽ മാത്രം വളരുകയില്ല. അതിനാൽ നല്ല മണ്ണും റോക്ക് ഗാർഡനിൽ അത്യാവശ്യമാണ്. നല്ല ഫലപുഷ്‌ടിയുള്ള മണ്ണ് ലഭ്യമല്ലെങ്കിൽ കമ്പോസ്റ്റും പച്ചില വളങ്ങളും ചേർത്ത മണ്ണായിരിക്കണം റോക്ക് ഗാർഡനിൽ ഇടേണ്ടത്. റോക്ക് ഗാർഡന് സമീപത്ത് ഒരു വാട്ടർ ഗാർഡന് സാധ്യത ഉണ്ടെങ്കിൽ ഇവ സമമ്പയിപ്പിച്ചാൽ ഉദ്യാനത്തിൻ്റെ ഭംഗി കൂടും. റോക്ക് ഗാർഡനിൽ സ്ഥാപിക്കാവുന്ന ചെറിയ വെള്ളച്ചാട്ടം വാട്ടർ ഗാർഡനുമായി ബന്ധിപ്പിക്കാൻ സാധിക്കും.
റോക്ക് ഗാർഡൻ ഉണ്ടാക്കാനുദ്ദേശിക്കുന്ന സ്ഥലം ആദ്യം കുമ്മായം ഉപയോഗിച്ച് അടയാളപ്പെടുത്തണം. അതിനുള്ളിൽ ആവശ്യമായ ഭാഗങ്ങൾ 10-30 സെന്റീമീറ്റർ ആഴത്തിൽ കിളയ്ക്കണം. ഉയർന്നും താഴ്ന്നുമുള്ള സ്ഥലങ്ങൾ റോക്ക് ഗാർഡനിൽ വേണമെന്നുള്ളതിനാൽ ചില മൺകൂനകളും അവിടവിടെയായി എടുക്കേണ്ടി വരും. മൺകൂനകൾ ഉറച്ചു കിട്ടുന്നതിന് കുറച്ച് സമയമെടുക്കും. നിലംതല്ലി പോലുള്ള തടികൾ ഉപയോഗിച്ച് കൂനകളിലെ മണ്ണ് അടിച്ചുറപ്പിക്കാവുന്നതാണ്.
പാറകൾ പാകുമ്പോൾ കാലപ്പഴക്കത്തിൻ്റെ ലക്ഷണങ്ങൾ ഉള്ള ഭാഗം പുറത്തു കാണത്തക്ക വിധം വേണം പാകേണ്ടത്. പാറകൾ ഭാഗികമായി മൂടത്തക്ക വണ്ണം ഒരു പാളി മണ്ണ് ഇട്ടുകൊടുക്കണം. പാറകൾ ഒരേ തലത്തിൽ നിരത്താതെ പൊങ്ങിയും താണും കാണപ്പെടുന്ന രീതിയിൽ വേണം അടുക്കേണ്ടത്. മണ്ണിട്ട ശേഷം വീണ്ടും കല്ലുകൾ പാകാം. ഏകദേശം മൂന്നടി ഉയരം വരെ കല്ലുകൾ പാകുകയും മണ്ണിടുകയും ചെയ്യേണ്ടതാണ്. റോക്കറിക്ക് അനു യോജ്യമായ സ്ഥലം ലഭ്യമല്ലെങ്കിൽ പാറകൾ ഇരിപ്പിടങ്ങൾ ഉണ്ടാക്കുന്നതിനും ഉദ്യാനത്തിലെ വൃത്തികെട്ട ഭാഗങ്ങൾ മറയ്ക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. നിരപ്പില്ലാത്ത സ്ഥലങ്ങളിൽ പാറകൾ അടുക്കി മണ്ണൊലിപ്പ് തടയുന്നതിനും ഉപയോഗിക്കാം. റോക്ക് ഗാർഡനിലേക്ക് 45-60 സെന്റീമീറ്റർ വീതിയുള്ള വഴികൾ ഒരുക്കാവുന്നതാണ്.
Share your comments