ജൂൺ മാസമാണ് തൈകൾ ഉൽപ്പാദിപ്പിക്കാൻ വിത്ത് പാകേണ്ടത്. വിത്ത് പ്ലാസ്റ്റിക് കൂടകളിൽ പാകി പറിച്ച് നടുന്നതാണ് നടുന്ന മുഴുവൻ തൈകളും പിടിച്ചു കിട്ടാൻ നന്ന്. 20-15 സെ. മീറ്റർ വലിപ്പവും 150 ഗേജ് കനവുമുള്ള പോളിത്തീൻ കവറിൽ മൺമിശ്രിതം നിറച്ച് വിത്ത് പാകാം. മേൽമണ്ണും ഉണങ്ങിയ ചാണകപ്പൊടിയും സമം ചേർത്ത മിശ്രിതം കവറിൽ നിറയ്ക്കുക.
അധിക ജലം ഒഴുകിപ്പോകുവാൻ ചുവട്ടിൽ വശങ്ങളിലായി ചെറുദ്വാരങ്ങൾ ഇടുവാൻ ശ്രദ്ധിക്കണം. കവറിനുള്ളിൽ നിറച്ച മൺമിശ്രിതത്തിൽ നാലു വിരൽകനം വ്യത്യാസത്തിൽ രണ്ടു വിത്തുകൾ കുത്തുക. വിത്ത് 2 സെ.മീറ്ററിൽ കൂടുതൽ താഴുവാൻ പാടില്ല. ആരോഗ്യമുള്ള ഒരു തൈ മാത്രം വളരാൻ അനുവദിക്കുക. ആറില പ്രായമാണ് പറിച്ചു നടാൻ പറ്റിയത്. ജൂലായ് മാസത്തെ കടുത്ത മഴ കഴിഞ്ഞശേഷം കുഴി തയാറാക്കി നടുന്നതാണ് അഭികാമ്യം.
നടീൽ
50 സെ.മീ. നീളം, വീതി, താഴ്‌ച എന്ന അളവിൽ കുഴികളെടുത്ത് മേൽമണ്ണും മൂന്ന് കിലോ ഉണങ്ങിയ ചാണകപ്പൊടിയും മേൽമണ്ണുമായി കലർത്തി കുഴി നിറയ്ക്കുക. കൂടാതെ വെള്ളം കെട്ടി നിൽക്കാതെ കുഴിയുടെ മേൽഭാഗം 20 സെ.മീ. ഉയരത്തിലുള്ള ഒരു ചെറുകൂനയായി രൂപപ്പെടുത്തി നടുവിൽ ഒരു ചെറുകുഴിയെടുത്ത് വേരിൽ പിടിച്ചിരിക്കുന്ന
മണ്ണ് അനക്കാതെ കൂടയോടെ കുഴിയിലിറക്കി വച്ച് 'ബ്ലേഡ്' ഉപയോഗിച്ച് പോളിത്തീൻ കവർ മുറിച്ച് മാറ്റുക.
ലോലമായി മണ്ണ് അമർത്തുക. നന്, തണൽ, താങ്ങ് എന്നിവ നിലവിലുള്ള സാഹചര്യമനുസരിച്ച് ചെയ്യണം. രണ്ടു ചെടികൾ തമ്മിൽ 3 മീറ്റർ അകലം ക്രമീകരിക്കണം. മേൽവള പ്രയോഗമൊന്നും സാമാന്യ വളക്കൂറുള്ള മണ്ണിൽ അത്യാവശ്യമില്ല. മഴയെ ആശ്രയിച്ച് വളരുന്ന അഥവാ വളരാൻ കഴിവുള്ള ഒരു സസ്യമാണ്.
ചവറും കരിയിലയും മറ്റും ചുവട്ടിൽകൂട്ടി മണ്ണ് അടുപ്പിച്ച് കൊടുക്കുന്നത് ആവണക്കിന്റെ വളർച്ചയ്ക്ക് ഹിതകരമാണ്. വേനലിൽ നനച്ചാൽ വർഷകാലം ആരംഭിക്കുന്നതുവരെ മണ്ണിൽ നനവ് നിലനിറുത്തേണ്ടിവരും. യാതൊരു കീടരോഗങ്ങളും ഈ സസ്യത്തിൻ്റെ വളർച്ചയ്ക്ക് വിനയായി കണ്ടിട്ടില്ല. ചില ഇലതീനിപ്പുഴുക്കൾ ഇളംതലപ്പുകളിൽ കാണാം. വിളനാശം അഥവാ വളർച്ചമുരടിപ്പ് എന്ന ഘട്ടത്തിലേക്ക് കീടത്തിന്റെയും രോഗബാധ എത്തിച്ചേരാറില്ല.
Share your comments