പച്ചക്കറി വിളകളെ ബാധിക്കുന്ന പ്രധാന കുമിൾ- ബാക്ടീരിയൽ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ സ്യൂഡോമോണാസ് എന്ന മിത്ര ബാക്ടീരിയ്ക്ക് സാധിക്കും. ഇവ വിത്തിൽ പുരട്ടിയും തൈകളുടെ വേര് സാന്ദ്രത കൂടിയ ലായനിയിൽ മുക്കി നട്ടും ചെടികളിൽ തളിച്ചും പച്ചക്കറികളിൽ പ്രയോഗിക്കാവുന്നതാണ് .
ഉപയോഗരീതി
1. വിത്തിൽ പുരട്ടുന്ന രീതി:
വെള്ളം അല്ലെങ്കിൽ കഞ്ഞിവെള്ളം ഉപയോഗിച്ച് ചെറുതായി ഈർപ്പംവരുത്തിയ വിത്തിലേക്ക് പൊടി രൂപത്തിലുള്ള സ്യൂഡോമോണാസ് ചേർത്ത് സംയോ ജിപ്പിച്ച് തണലത്ത് 10-15 മിനിറ്റ് നിരത്തിയ ശേഷം അപ്പോൾ തന്നെ നടുക. 250-500 ഗ്രാം കൾച്ചർ ഉപയോഗിച്ച് 5-10 കി. ഗ്രാം വിത്ത് ഇപ്രകാരം പുരട്ടിയെടുക്കാവുന്നതാണ്
2. തവാരണയിൽ:
പറിച്ചുമാറ്റി നടുന്ന തൈകളുടെ (മുളക്, കത്തിരി, വഴുതന, തക്കാളി) വേര് സ്യൂഡോമോണാസിന്റെ സാന്ദ്രത കൂടിയ ലായനിയിൽ (അഞ്ച് ശതമാനം- അഞ്ച് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) 10-15 മിനിറ്റ് മുക്കി വച്ച ശേഷം നടുക.
3. ചെടികളിൽ തളിക്കുന്ന രീതി:
നേരിട്ട് നടുന്ന പച്ചക്കറികൾക്ക് മൂന്നില പരുവത്തിൽ രണ്ട് ശതമാനം വീര്യത്തിൽ ചെടികളിൽ തളിക്കുകയും ചുവട്ടിൽ ഒഴിക്കുകയും ചെയ്യുക. തുടർച്ചയായ രോഗസാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ച് ബാക്ടീരിയൽ വാട്ടം കാണുന്ന സ്ഥലങ്ങളിൽ രണ്ടാഴ്‌ചയായി ഇടവിട്ട് ലായനി ചുവട്ടിൽ ഒഴിക്കുകയും ചെടികളിൽ തളിക്കുകയും ചെയ്യണം.
Share your comments