കേരളത്തിലെ കാലാവസ്ഥയനുസരിച്ച് ഏകദേശം ആറുമാസത്തോളം മഴക്കാലവും ആറുമാസത്തോളം വേനൽക്കാലവുമാണ് . ഇപ്പോൾ വ്യാപകമായി കൃഷി ചെയ്തു വരുന്ന ഇനങ്ങളെല്ലാം റെയിൻ ഗാർഡ് ചെയ്‌ത് ടാപ്പു ചെയ്താൽ മഴക്കാലത്ത് ഉയർന്ന ഉത്പാദനം തരുന്നവയാണ്. അതു കൊണ്ട് ആ സമയത്ത് മരങ്ങൾ ടാപ്പ് ചെയ്യാതിരിക്കുന്നത് വലിയ ഉത്പാദന നഷ്ടമുണ്ടാക്കും. ടാപ്പിംഗിന്റെ ചെലവു കുറയ്ക്കുന്നതിനും ടാപ്പിംഗ് തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ട് തരണം ചെയ്യുന്നതിനും ബോർഡ് ഇടവേള കൂടിയ ടാപ്പിംഗ് രീതികൾ ശുപാർശ ചെയ്‌തിട്ടുണ്ട്.
ചില കർഷകർ മഴക്കാലത്ത് റെയിൻ ഗാർഡ് ചെയ്യാതെ ഇടയ്ക്ക് മഴയില്ലാത്ത ദിവസങ്ങളിൽ മാത്രം ടാപ്പ് ചെയ്യുന്ന പ്രവണത് കാണുന്നുണ്ട്. അപ്പോൾ ടാപ്പിംഗിൽ കൃത്യമായ ഇടവേള പാലിക്കാൻ പറ്റാത്തതു കൊണ്ട് ശരിയായ ഉത്പാദനം ലഭിക്കില്ല. ടാപ്പ് ചെയ്ത് പാലെടുക്കുന്നതിനു മുമ്പ് മഴ പെയ്‌താൽ വിള നഷ്ടമുണ്ടാകുമെന്നു മാത്രമല്ല മരത്തിന് ദോഷവുമാണ്.
ഒരു മരം റെയിൻ ഗാർഡ് ചെയ്യുന്നതിന് ചെലവാകുന്ന തുക തിരികെ ലഭിക്കാൻ ഏകദേശം അഞ്ചു ദിവസത്തെ ടാപ്പിംഗിൽ നിന്നു കിട്ടുന്ന ആദായം മതിയാകും. മഴക്കാലത്ത് നമുക്ക് നഷ്ടപ്പെടാവുന്ന ടാപ്പിംഗ് ദിനങ്ങളിലെ ആദായവുമായി തട്ടിച്ചു നോക്കുമ്പോൾ, റെയിൻ ഗാർഡ് ചെയ്യുന്നതിനുള്ള ചെലവ് വളരെ തുച്ഛമാണന്നു കാണാം.
Share your comments