പറിച്ചു നടുന്ന വിളകളാണ് വഴുതന വർഗ വിളകൾ. വിത്തുകൾ തവാരണകളിൽ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം. നല്ല തുറസായ ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വളക്കൂറുള്ള മേൽമണ്ണും നല്ല പോലെ ഉണങ്ങിപ്പൊടിഞ്ഞ ചാണകവും ചേർത്താണ് നഴ്‌സറി തയാറാക്കേണ്ടത്. ഉണക്കിപ്പൊടിച്ച ചാണകത്തിനു പകരം ട്രൈക്കോഡർമ ഉപയോഗിച്ച് പരിപോഷിപ്പിച്ച ചാണകം ഉപയോഗിക്കുന്നത് നല്ലതാണ്. വിത്ത് പാകിയതിനു ശേഷം വാരങ്ങൾ പച്ചില കൊണ്ട് പുതയിട്ട് ദിവസേന രാവിലെ നനയ്ക്കുക.
വിത്തു മുളച്ചു തുടങ്ങിയാൽ പുത മാറ്റണം. നിശ്ചിത ഇടവേളയിൽ രണ്ട് ശതമാനം സൃഡോമോണാസ് ഫ്ളൂറസൻ്റ് ലായനി തളിച്ചുകൊടുക്കേണ്ടതാണ്. തൈകളുടെ പുഷ്ടി വർധിപ്പിക്കുന്നതിനു വേണ്ടി ചാണകപ്പാലോ നേർപ്പിച്ച ഗോമൂത്രമോ (പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചത്) തളിക്കേണ്ടതാണ്. നടുന്നതിനു വേണ്ടി തവാരണകൾ നനച്ചതിനു ശേഷം തൈകൾ പറിച്ചെടുക്കുക. നട്ട തൈകൾക്ക് താത്‌കാലികമായി തണൽ നൽകണം.
നടീലും വളപ്രയോഗവും
കൃഷി സ്ഥലം നല്ലപോലെ കിളച്ച് നിരപ്പാക്കുക. തൈകൾ പറിച്ചു നടുന്നതിനു രണ്ടാഴ്‌ച മുമ്പേ രണ്ടു കിലോഗ്രാം കുമ്മായം ചേർത്തുകൊടുക്കുക. 100 കിലോഗ്രാം ട്രൈക്കോഡർമയും പി.ജി.പി. ആർ-1 മിശ്രിതവുമായി ചേർത്തിളക്കി അടിവളമായി നടുക. പറിച്ചു നടുന്ന സമയത്ത് തൈകളുടെ വേരുകൾ 20 മിനിറ്റ് സ്യൂഡോമോണസ് (20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) ലായനിയിൽ മുക്കി വച്ചതിനു ശേഷം നടുക.
കാലിവളത്തിനു പകരം കോഴിവളമോ പൊടിച്ച ആട്ടിൻകാഷ്‌ഠമോ ഉപയോഗിക്കാവുന്നതാണ്. മേൽവളം നൽകുന്നതിനായി എട്ട് പത്ത് ദിവസം ഇടവേളയായി താഴെ പറയുന്ന ഏതെങ്കിലും ജൈവവളം ചേർക്കാവുന്നതാണ്. ചാണകപ്പാൽ അല്ലെങ്കിൽ ബയോഗ്യാസ് സ്ലറി 200 ഗ്രാം 4 ലിറ്റർ) വെള്ളത്തിൽ ചേർത്തത്. ഗോമൂത്രം അല്ലെങ്കിൽ വെർമിവാഷ് (രണ്ട് ലിറ്റർ) എട്ട് ഇരട്ടി വെള്ളവുമായി ചേർത്തത്.
നാല് കിലോഗ്രാം മണ്ണിര കമ്പോസ്‌റ്റ്, കോഴിവളം അല്ലെങ്കിൽ ആട്ടിൻകാഷ്‌ഠം. കടലപ്പിണ്ണാക്ക് (200 ഗ്രാം) നാല് ലിറ്റർ വെള്ളത്തിൽ കുതിർത്തത്.
Share your comments