കാസൻപീന സാപ്പൻ എന്നറിയപ്പെടുന്ന ഇതിന് ചപ്പങ്ങം എന്നും പേരുണ്ട്. ധാരാളം മുള്ളുകൾ പുറം തടിയിലുണ്ട്. ഇലകൾക്ക് രാജമല്ലി ചെടിയുമായി സാമ്യമുണ്ട്. ധാരാളം ശാഖോപശാഖകളായി വളരുന്നു. പതിമുകത്തിൻ്റെ ഓറഞ്ചു നിറത്തിലുള്ള കാതലാണ് ഔഷധയോഗ്യം. കാതൽ ചതച്ച് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് വൃക്കകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുവാനും, രക്തം ശുദ്ധീകരിക്കുവാനുമുള്ള കഴിവുണ്ട്.
കൂടാതെ ഒട്ടനവധി ആയുർവ്വേദ ഔഷധങ്ങളിലെ ചേരുവയാണ്. വാളൻ പുളിയുടെ വിത്തുകളുമായി നല്ല സാമ്യമുണ്ട്. നഴ്‌സറി തടങ്ങളിൽ പാകി ഒരു വർഷം പോളിബാഗ് തൈകളാണ് നടാൻ ഉപയോഗിക്കുന്നത്.
വിത്ത് മുളപ്പിക്കലും സംരക്ഷണവും
ചപ്പങ്ങത്തിന്റെ പ്രജനനം വിത്തിലൂടെയാണ്. വിത്ത് ഡിസംബർ മാസത്തിൽ വൃക്ഷത്തിൽ നിന്ന് പാകമായി ഉണങ്ങുന്നു. വേനൽച്ചൂടിന്റെ ആധിക്യം മൂലം 'കായ' പൊട്ടി വിത്ത് സ്വയം തെറിച്ചു പോകാതെ ഫലങ്ങൾക്ക് കടുത്ത തവിട്ടു നിറം പ്രാപിക്കുമ്പോൾ കുലയോടെ പറിച്ച് ഫലങ്ങൾ വേർപെടുത്തി സൂര്യപ്രകാശത്തിൽ ഉണക്കുക. തുണിയിൽ പൊതിഞ്ഞ് മണലിട്ട താലങ്ങളിൽ അഥവാ കുട്ടകളിൽ ആറു ദിവസം പൂർണമായി സൂര്യപ്രകാശത്തിൽ ഉണക്കിയ ശേഷം ഫലങ്ങൾ പൊളിച്ച് വിത്ത് പൊഴിച്ചെടുക്കുക. പൊഴിച്ചെടുത്ത വിത്ത് ഒരു ദിവസം മരത്തണലിൽ തുറന്നു വച്ച ശേഷം വിത്തായി ഉപയോഗിക്കാം. മൂന്നു മാസംവരെ അങ്കുരണ ശേഷി നഷ്‌ടപ്പെടാതെ വിത്ത് തുണി സഞ്ചികളിൽ സൂക്ഷിക്കാം. വിത്ത് തണലിൽ ഉണങ്ങിക്കഴിഞ്ഞാൽ ഉടൻ തന്നെ മുളപ്പിക്കുന്നത് കൂടുതൽ ശക്തിയായ വളർച്ചയ്ക്ക് സഹായിക്കും.
വിത്ത് 12 മണിക്കൂർ സമയം വെള്ളത്തിൽ കുതിർക്കുക. അതിനു ശേഷം ഒരു നനഞ്ഞ ചാക്കുകഷണത്തിലോ തുണിയിലോ ചുരുട്ടി വയ്ക്കുക. മുളപൊട്ടുന്നതാണ് നടീൽ പാകം. കാലുനീളാൻ പാടില്ല.
വിത്തിന് വേണ്ട വളപ്രയോഗം
20 സെ.മീ. നീളവും 15 സെ.മീ. വീതിയും ചുരുങ്ങിയത് 200 ഗേജ് കനവുമുള്ള പോളിത്തീൻ സഞ്ചിയിൽ നേർമയുള്ള മേൽമണ്ണും ഉണങ്ങിയ കാലിവളപ്പൊടിയും, തരിമണലും കൂട്ടിയിളക്കിയ മൺമിശ്രിതം മുക്കാൽ ഭാഗം നിറച്ച് ഉപരിതലത്തിൽ രണ്ടു വിത്തു വീതം 3 സെ.മീ. താഴ്ചയിൽ പാകാം. മുളച്ചു തുടങ്ങിയ വിത്തുകൾ 'മുളകാൽ' ഒടിയാതെ നട്ട്, ലോല മായി മേൽമണ്ണ് അമർത്തുക. ജലനിർഗമനത്തിന് ആവശ്യാനുസരണം സുഷിരങ്ങൾ പോളിത്തീൻ സഞ്ചിയിലുണ്ടെന്ന് ഉറപ്പു വരുത്തുക. മണ്ണിന് നനവു മാത്രം എന്ന കണക്കിന് ജലസേചനം നടത്തുക. ഒരാഴ്ച്‌ച തണൽ വേണം. നാലില പ്രായത്തിൽ നടീലിന് വേണ്ടുന്ന വളർച്ച കിട്ടും. മുളച്ച് കഴിഞ്ഞ് ആരോഗ്യമുള്ള ഒരു തൈ മാത്രം സഞ്ചിയിൽ വളരാൻ അനുവദിക്കുക.
തെങ്ങിൻ തോപ്പുകളുടെ അതിരുകളിൽ വച്ചു പിടിപ്പിച്ചാൽ നല്ലൊരു മുള്ളു വേലിയായി മാറും. 7 വർഷം കൊണ്ട് വളർച്ച പൂർത്തിയാക്കി വെട്ടി വിൽപന നടത്താം. പുറം തൊലി ചീകി ഉണക്കി വിപണനം ചെയ്യാം.
Share your comments