വീടിനുള്ളിൽ വളർത്താൻ യോജിച്ച സസ്യങ്ങളെ ഇൻഡോർ സസ്യങ്ങൾ അല്ലെങ്കിൽ വീട്ടു സസ്യങ്ങൾ (House plants) എന്നു പറയുന്നു. ഇത്തരം സസ്യങ്ങൾ അലങ്കാരമായി വീടിനുള്ളിൽ വളർത്തുന്ന കലയാണ് ഇൻഡോർ ഗാർഡനിങ്. ഇത് വളരെ ലളിതമായ രീതിയിൽ ചെയ്യാവുന്നതാണ്. പാശ്ചാത്യ രാജ്യങ്ങളിൽ മട്ടുപ്പാവിൽ ഉദ്യാനം ഉണ്ടാക്കുന്ന രീതി നിലവിലുണ്ട്. ഇതിനെ ഇൻഡോർ റൂഫ് ഗാർഡനിങ് എന്നു പറയുന്നു.
വീടിനുള്ളിൽ സസ്യങ്ങൾ വളർത്തുന്നതിന് തൂക്കിയിടാവുന്ന കുട്ടകളും, ചൈനാ ബാസ്ക്കറ്റും, കോൺക്രീറ്റു കൊണ്ടു തീർത്ത തൊട്ടികളും, തടികളും മുളകളും ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ തട്ടങ്ങളും, ഉന്തുവണ്ടികളും ചെടികൾ വളർത്തുന്നതിനുപയോഗിക്കാം. ചക്രങ്ങൾ ഘടിപ്പിച്ച ഉന്തുവണ്ടികൾ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റാം എന്നുള്ള സൗകര്യം കൂടിയുണ്ട്. ഇങ്ങനെയുള്ള വണ്ടികളുടെ അടിഭാഗം വെള്ളം ഒഴുകാത്തതായിരിക്കണം. മാത്രമല്ല ചെടിച്ചട്ടികൾ പുറമെ കാണാത്ത വിധം നാലുവശവും ഉയർന്നതും ആയിരിക്കണം.
ചെടികൾ പല ആകൃതിയിലുള്ള സ്റ്റാൻഡുകളിൽ സ്ഥാപിക്കുന്നതും കൂടുതൽ ആകർഷകമായിരിക്കും. കമ്പികൾ കൊണ്ടുള്ള വളയങ്ങൾ സ്റ്റാൻഡിൽ ഘടിപ്പിച്ചാൽ അതിൽ ചട്ടികൾ വയ്ക്കാൻ സാധിക്കും. ഈ ചട്ടികൾ അത്യാവശ്യത്തിനു മാത്രമെ നനയ്ക്കാൻ പാടുള്ളൂ. എങ്കിലും വെള്ളം തുള്ളിയായി വീഴാനുള്ള സാധ്യതകളുണ്ട്. അതിനാൽ പ്ലാസ്റ്റിക്കോ ഇരുമ്പു ഷീറ്റോ കൊണ്ടുള്ള ബാസ്ക്‌കറ്റുകൾ കൂടി വളയങ്ങളിൽ സ്ഥാപിക്കുകയാണ് സുരക്ഷിതം. മണിപ്ലാൻ്റ് പോലുള്ള ചെടികൾ ജനലുകളിലും വളർത്താൻ സാധിക്കും.
Share your comments