പടവലത്തിന്റെ കൃഷിരീതി
പടവലത്തിന്റെ വിത്ത് നേരിട്ട് നിലത്തിൽ പാകിയാണ് കൃഷി ചെയ്യുന്നത്. പാകുന്നതിന് മുമ്പ് വിത്ത് 24 മണിക്കൂർ വെള്ളത്തിൽ കുതിർക്കുന്നത് കിളിർപ്പ് ശേഷി വർധിപ്പിക്കാൻ സഹായിക്കും. ഒരു ഹെക്ടറിലേക്ക് 3-4 കി.ഗ്രാം വിത്ത് ആവശ്യമായി വരും.
പടവലം കൃഷി ചെയ്യുവാൻ അനുയോജ്യമായ സീസൺ
സെപ്റ്റംബർ, ഡിസംബർ, ജനുവരി, ഏപ്രിൽ കാലങ്ങളാണ് ഇവ കൃഷി ചെയ്യാൻ പറ്റിയ സമയം.
നിലമൊരുക്കലം നടീലും
പടവലം കൃഷി ചെയ്യാൻ നിലമൊരുക്കുന്ന രീതിയും വിത്ത് നടുന്ന വിധവും
മണ്ണ് നല്ലവണ്ണം കിളച്ചുപൊടിച്ച്, വേരുകളും കല്ലുകളും മറ്റും നീക്കം ചെയ്ത് നന്നായി നിരപ്പാക്കണം. ചാലുകൾ കീറിയോ കുഴിയെടുത്തോ പടവലം കൃഷി ചെയ്യാം. തടങ്ങൾക്ക് 60 സെ.മീറ്റർ വ്യാസവും 30 സെ.മീറ്റർ ആഴവും ഉണ്ടായിരിക്കണം. വരികൾ തമ്മിലും ചെടികൾ തമ്മിലും 2 മീറ്റർ വീതം അകലം നൽകണം. തടങ്ങളിൽ കരിയിലയിട്ടു തീ കത്തിക്കുന്നത് നല്ലതാണ്.
ഒരു ഹെക്ടറിന് 3-4 കി.ഗ്രാം വിത്ത് ആവശ്യമായി വരും. ഒരു കുഴിയിൽ 4-5 വിത്ത് വീതം നടണം. രണ്ടാഴ്‌ചകൾക്ക് ശേഷം 3 തൈകൾ നിർത്തിയ ശേഷം അനാരോഗ്യമായ തൈ പറിച്ചു നീക്കം ചെയ്യണം.
വിത്ത് നട്ട ശേഷം നന്നായി നനയ്ക്കണം. ഒരാഴ്ചയ്ക്കകം വിത്ത് കിളിർക്കും. തൈകൾ പടർന്നു തുടങ്ങുമ്പോൾ വളരാൻ പന്തലിട്ടു കൊടുക്കണം. പന്തലിൽ കയറിപ്പറ്റാൻ താങ്ങുകമ്പുകൾ നാട്ടേണ്ടതാണ്. കളകൾ കൂടെക്കൂടെ നീക്കം ചെയ്യണം. വേരിന് കേടുവരാതെ ആഴ്‌ചയിൽ രണ്ടുതവണ ചുവട്ടിലെ മണ്ണ് ഇളക്കിക്കൊടുക്കണം. ചെടി പൂക്കുമ്പോഴും കായ് പിടിക്കുമ്പോഴും ഇടവിട്ടുള്ള ദിവസങ്ങൾ നനയ്‌ക്കേണ്ടതാണ്.
Share your comments