ക്ഷാരാംശത്തിൻ്റെ അതിപ്രസരമുള്ള മണ്ണിൽ ഏറിയതോതിൽ ജൈവവളപ്രയോഗവും ചിട്ടയായ കൃഷിപ്പണികളും ജലസേചനവും ഒപ്പം ജലനിർഗമനവും സമന്വയിപ്പിച്ചാൽ സ്റ്റീവിയ വളരും. മുന്തിയ വിളവ് ലഭിക്കുക ബുദ്ധിമുട്ടാണ്. ഒപ്പം കൃഷിച്ചെലവും അധികരിക്കും. കേരളത്തിൽ മിക്ക സ്ഥലങ്ങളിലും എല്ലാത്തരം മണ്ണിലും യഥേഷ്‌ടം കൃഷിയിറക്കാവുന്ന ഒരു അനുഗൃഹീത ഔഷധി കൂടിയാണ് സ്റ്റീവിയ. നല്ല വിളവും മുന്തിയ ആദായവും ഉറപ്പ് കൃഷിരീതി പഠിക്കുകയും പ്രായോഗികപരിജ്ഞാനം നേടുകയും വേണമെന്നു മാത്രം.
നിലമൊരുക്കൽ
സ്റ്റീവിയ നന്നായി വളരാൻ നിലമൊരുക്കുന്ന രീതിക്ക് വലിയ പങ്കുണ്ട്. വളർച്ച മെച്ചപ്പെടാൻ വായുസഞ്ചാരം നിർബന്ധം. ഇത് മണ്ണിളക്കം കൊണ്ട് സാധ്യമാകും. ഒപ്പം ജലനിർഗമനവും ഒത്തിണങ്ങിയാൽ മാത്രമേ കായിക വളർച്ച ത്വരിതപ്പെടുകയുള്ളൂ. ശക്തമായ വേരു മേഖലയ്ക്ക് മാത്രമേ “വളർച്ചാവേഗത' വേണ്ടുവോളം വേണ്ടിയിരിക്കുന്ന സ്റ്റീവിയ പോലുള്ള വിളകളുടെ വിളവ് മെച്ചപ്പെടുത്താനാവൂ. “ഫാസ്റ്റ്ഗ്രോയിങ്ങ്" ശൈലിയുള്ള ഈ സസ്യത്തിന്റെ്റെ പ്രകൃതിദത്തമായ വളർച്ചാ രീതി പരമാവധി ചൂഷണം ചെയ്യുകയാണ് ഇതിൻ്റെ പരിപാലനത്തിൻ്റെ ആദ്യപാഠം.
വീട്ടുവളപ്പിലെ സാഹചര്യത്തിലുള്ള നിലമൊരുക്കലും കൃഷി രീതിയും നോക്കാം.
50 സെ.മീ. ഉയരത്തിൽ മേൽഭാഗം അതേ വീതി ലഭിക്കാൻ പാകത്തിന് ഉയർന്ന താവരണകൾ തയാറാക്കുക. താവരണകളിൽ ഒരു ചതുരശ്ര മീറ്ററിന് 4 കിലോ ഉണങ്ങിയ കാലിവളവും 250 ഗ്രാം എല്ലുപൊടിയും എന്ന തോതിൽ മേൽമണ്ണിൽ ചേർത്തിളക്കുക.
തലപ്പ്, വേരുപിടിപ്പിക്കൽ
മേൽമണ്ണും സമം ഉണക്കിപ്പൊടിച്ച ചാണകവും ചേർത്ത മൺമിശ്രിതമാണ് വേരു പിടിപ്പിക്കാൻ ഉപയോഗിക്കുക. 20 x 15 സെ.മീ. അളവിലുള്ള പോളിത്തീൻ കവറിൽ മൺമിശ്രിതം നിറച്ച് 15 സെ.മീ. നീളത്തിലുള്ള തലക്കങ്ങൾ കഴിവതും തായ്‌ചെടിയിൽ നിന്നും മുറിച്ചെടുത്താലുടൻ നടുക. തണലിൽ ആവശ്യാനുസരണം മാത്രം നനയ്ക്കുക. മൂന്നാഴ്ചമുതൽ ഒരു മാസം വരെ പിന്നിട്ടാൽ വേരുപിടിച്ച തൈകൾ പറിച്ചു നടാൻ പാകത്തിനുള്ള വളർച്ചയെത്തും. തൈകൾക്ക് കരുത്തിനു വേണ്ടി മാറ്റിനടുന്നതിന് ഒരാഴ്ച മുൻപ് ജലസേചനത്തിൻ്റെ അളവ് താൽക്കാലികമായി കുറച്ച് ക്രമേണ സൂര്യപ്രകാശത്തിലേക്ക് കൊണ്ടു വരിക.
നടീൽ
താവരണകളിൽ ചെറുകുഴികളെടുത്ത് കവർ മാറ്റിയ ശേഷം വേരു പിടിച്ച തൈകൾ നടാം. താവരണകൾ തമ്മിൽ 40-50 സെ. മീ. അകലം ക്രമീകരിക്കുക. ചെടികൾ തമ്മിൽ 20-25 സെ. മീ. അകലം വേണം
മറ്റു പരിചരണങ്ങൾ
സ്റ്റീവിയ കൃഷിയിൽ മണ്ണിന് നനവ് ക്രമീകരിക്കണം. വളർച്ചയ്ക്ക് ധാരാളം ജലം ഉപയോഗിക്കുന്ന ഒരു സസ്യമാണിത്. അമിത ജലസേചനം വളർച്ച തടസ്സപ്പെടുത്തും. ചെടി അഴുകി നഷ്‌ടപ്പെടുകയും ചെയ്യാം. ചെറിയ പൂപ്പാളി ഉപയോഗിച്ച് നനയ്ക്കുക. ഇലകളും ഒപ്പം നനയ്ക്കത്തക്ക രീതിയിൽ നേരിയ തുള്ളികളായി 'ഹോസു'കൊണ്ടും നനയ്ക്കാം.
Share your comments