ഹ്രസ്വകാല വിളകളും ദീർഘകാലവിളകളും ഇടകലർത്തി തെങ്ങിൻ തോപ്പിൽ വളർത്തുന്ന രീതിയാണിത്. ഇതിലെ ഓരോവിളകളും വ്യത്യസ്ത ഉയരത്തിൽ വളരുന്നതാകയാൽ വെളിച്ചത്തിനു വേണ്ടിയുള്ള മത്സരം കുറവാ യിരിക്കും. ഈ കൃഷിരീതിയിൽ ഭൂമിയും വായുവും അന്തരീക്ഷവുമൊക്കെ പരമാവധി ഉപയോഗപ്പെടുത്താൻ കഴിയുന്നു.
ഉദാഹരണത്തിന് പച്ചക്കറികൾ, ഔഷധച്ചെടികൾ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ ഹ്രസ്വകാല വിളകൾ തറനിരപ്പിൽ വളരുമ്പോൾ കൊക്കോ, ജാതി, കുരുമുളക് തുടങ്ങിയവ മധ്യനിരയിൽ ഇടത്തരം ഉയരത്തിലായി വളരും. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ ഏറ്റവും മുകളിലത്തെ തട്ട് തെങ്ങ്, രണ്ടാമത്തെ തട്ട് ആറേഴു മീറ്റർ ഉയർന്നു നിൽക്കുന്ന കുരമുളകു വള്ളികളാണ്.
നാലഞ്ചു മീറ്റർ വളരുന്ന കൊക്കോയാണ് മൂന്നാമത്തെ തട്ട്. തറ നിരപ്പിൽ നിന്ന് ഏറെ ഉയരമില്ലാതെ വളരുന്ന പൈനാപ്പിളും ചേനയും ഇഞ്ചിയും മറ്റുമാണ് അടിയിലത്തെ തട്ട്. ഒരു ബഹുനില ക്കെട്ടിടത്തിന്റെ ഉറപ്പ് അതിൻ്റെ അടിത്തറയെ ആശ്രയിച്ചാണെങ്കിൽ, ബഹുനിലകൃഷി സമ്പ്രദായത്തിൻ്റെ ഭദ്രത ഏതിന്റെ ഏറ്റവും മുകളിലത്തെ തട്ടിനെ ആശ്രയിച്ചാണിരിക്കുന്നത്. സൂര്യപ്രകാശം പച്ചിലത്തട്ടുകളിലൂടെ അരിച്ചിറങ്ങി ഭൂമിയിലെത്തുന്നതിനാൽ സൂര്യരശ്മികൾ അധികമൊന്നും പാഴായിപ്പോകുന്നില്ല. വിവിധ വിളകളുടെ വേരുപടലങ്ങൾ പല മേഖലകളിൽ/തലങ്ങളിൽ വളരുന്നതിനാൽ അവ പരസ്പരം മത്സരിക്കുവാനുള്ള സാധ്യതയും കുറവ്.
കേരളത്തിലെ ബഹുനിലക്കൃഷി സമ്പ്രദായത്തിൽ പത്തോ പതിനഞ്ചോ വരെ വിളകൾ ഒരുമിച്ച് തെങ്ങിൻ തോട്ടത്തിൽ വരുന്നതായി കാണാം. തെങ്ങിൻ തോപ്പിലെ മണ്ണും സൂര്യപ്രകാശവും പരമാവധി പ്രയോജനപ്പെടുത്താൻ ഇത് സഹായിക്കുന്നു. തെങ്ങുകളിൽ കുരുമുളക് പടർത്തുക; രണ്ടു വരി തെങ്ങിനിടയിലായി ഒന്നോ രണ്ടോ വരി കൊക്കോ നടുക; അവയ്ക്കടുത്തായി ഇഞ്ചി, മരിച്ചീനി, കൈതച്ചക്ക ഇവയിലേതെങ്കിലും ഒന്നു നടുക. അങ്ങനെ തെങ്ങിൻതോപ്പ് നിറച്ച് ഒന്ന് മറ്റൊന്നിനെ ഒരു വിധത്തിലും ബാധിക്കാത്ത വിധം വിളകൾ നടാൻ കഴിയും.
എങ്കിലും ശാസ്ത്രീയകൃഷി രീതി സ്വീകരിക്കുമ്പോൾ ധാരാളം ഇടവിളകൾക്കു പകരം പരസ്പരം പൊരുത്തമുള്ളതും നല്ല ആദായം തരുന്നതുമായ രണ്ടോ മൂന്നോ ഇടവിളകൾ മാത്രമേ ഉൾപ്പെടുത്തുന്ന പതിവുള്ളൂ.
Share your comments