വീട്ടുവളപ്പിൽ അവശ്യം നട്ടുവളർത്തേണ്ടതായ ഒരു ഔഷധസസ്യമാണ് കറ്റാർവാഴ. സ്ത്രീകൾക്കുണ്ടാകുന്ന പല രോഗങ്ങൾക്കും ഫലപ്രദമാണിത്.
നൈസർഗികമായി വളരുന്ന തായ്ച്ചെടികളുടെ ചുവട്ടിൽ പല വലിപ്പത്തിലുള്ള ഭൂസ്താരികൾ പൊട്ടിവിടർന്ന് കൂട്ടമായി വളരുന്നത് ഒരു സാധാരണ കാഴ്ചയാണ്. ഇപ്രകാരം വേരുമേഖലയിൽ പൊട്ടിവിടരുന്ന ചെറുതൈകൾ പറിച്ചുനട്ട് വംശവർധനവ് നടത്താം. തൈകൾ കൈ കൊണ്ട് വലിച്ചു പറിക്കാൻ ശ്രമിച്ചാൽ മാംസളമായ കണ്ണാടിമുണ്ട പൊട്ടിപാളകളോടൊപ്പം മുറിഞ്ഞു വരും. ഈ പ്രശ്നം ഒഴിവാക്കാനായി ചെറുതൈകളുടെ വേരുമേഖല ഒപ്പം പിടിച്ചു നിൽക്കുന്ന മണ്ണ് നനച്ച് ഇളകാതെ 'കളമൺ വെട്ടിയോ' 'ഫോർക്കോ' ഉപയോഗിച്ച് ഇളക്കി നടാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഏതു പ്രായത്തിലുള്ള തൈകളും പറിച്ചുനടാം. എങ്കിലും വേഗത്തിൽ പിടിച്ചു കിട്ടുവാൻ ആറില പ്രായത്തിൽ തൈകൾ പറിച്ചു നടുന്നതാണ് നല്ലത്.
തടമൊരുക്കൽ
കറ്റാർവാഴ നടാൻ തയാറാക്കുന്ന സ്ഥലം 30 സെ: മീറ്റർ ആഴത്തിൽ കിളച്ച് കട്ടകളുടച്ച് ഒരു മീറ്റർ വീതിയിലും ആവശ്യാനുസരണം നീളത്തിലും തടം തയാറാക്കുക. തടത്തിന് 20 സെ. മീ. ഉയരമുണ്ടായിരിക്കണം. വരികൾ തമ്മിലും ചെടികൾ തമ്മിലും 75 സെ.മീ. മുതൽ 1 മീറ്റർവരെ അകലമുണ്ടായിരിക്കണം. പുതുവേരുകൾ പൊട്ടി ചെടി വളർന്നു പൊന്തുന്നതുവരെ മണ്ണ് ഉണങ്ങാതെ ശ്രദ്ധിക്കണം.
ആഴത്തിൽ കിളച്ച് മണ്ണിളക്കി ഒരു മീറ്റർ അകലത്തിൽ കൂനകൂട്ടി കറ്റാർവാഴ നടുന്നരീതിയും നിലവിലുണ്ട്. ഇത് ശാസ്ത്രീയമായി ശുപാർശ ചെയ്തിട്ടുള്ളതുമാണ്.
വളപ്രയോഗം
നടാൻ തയാറാക്കുന്ന തടത്തിൻ്റെ ആദ്യ കിളയോടൊപ്പം ഒരു ച.മീ. തടത്തിൽ 5 കിലോ കാലിവളമോ കമ്പോസ്റ്റോ ഏതെങ്കിലും ഒന്ന് ചേർക്കുക. മേൽവള പ്രയോഗത്തിൻ്റെ ആവശ്യം തീരെ ജൈവാംശം കുറഞ്ഞ മണ്ണിൽ മതിയാകും. തുടരെ ഇലക്കടുപ്പവും പുതുതൈകൾ മാറ്റി നടീലും മറ്റും നടത്തി കൃഷി വിപുലീകരിക്കേണ്ട സാഹചര്യങ്ങളിൽ മാത്രം ജൂൺ മാസം ചെടിയൊന്നിന് 2 കിലോ ഉണങ്ങിയ കാലിവളവും ചാരവും സമം ചേർത്ത മിശ്രിതം മേൽവളമായിച്ചേർത്ത് മണ്ണിന് നനവ് നിലനിർത്താൻ പാകത്തിന് ആവശ്യമായ തോതിൽ നനയ്ക്കുക. വീട്ടു വളപ്പിലെ സാഹചര്യങ്ങളിൽ മഴയെ ആശ്രയിച്ചു മാത്രം വളർത്താവുന്ന ഒരു ഔഷധ സസ്യമാണ് കറ്റാർവാഴ. നടീൽ കഴിഞ്ഞ് ആറു മാസം പിന്നിട്ടാൽ വളർച്ചയുടെ തോത് നിരീക്ഷിച്ച് ഇലകൾ ആവശ്യാനുസരണം തായ് ചെടിയോടു ചേർത്ത് മുറിച്ചെടുക്കാം.
Share your comments