കച്ചോലം എന്ന ഔഷധി സമൂലം സുഗന്ധമുള്ളതാണ്. ഒരിക്കൽ കൃഷിയിറക്കിയാൽ പല വർഷങ്ങൾ തൽസ്ഥാനത്ത് തലമുറകളായി വളരുന്ന സ്വഭാവമുള്ള സസ്യമാണിത്. സുഗന്ധമുള്ള ഇലകളും പൂക്കളുമാണ് ഭൂതലത്തിൽ പ്രത്യക്ഷത്തിൽ ദൃശ്യമാകുന്നത്. പ്രധാന വളർച്ചാഭാഗം ഭൂകാണ്ഡം അഥവാ പ്രകന്ദമാണ്. ഏഴോ എട്ടോ മാസം കൊണ്ട് വിളവെടുപ്പിന് തയാറാകുന്ന ഒരു ഔഷധിയാണിത്.
നടീൽ കഴിഞ്ഞ് 200 ദിവസം പിന്നിടുമ്പോൾ ഇലകൾ പഴുത്ത് ഉണങ്ങിത്തുടങ്ങുന്നതായി കാണാം. ഇത് വിളവെടുപ്പിൻ്റെ കൃത്യസമയം വിളിച്ചറിയിക്കുന്ന ലക്ഷണമാണ്.
നിലമൊരുക്കൽ
മാർച്ച് മാസം നടാനുദ്ദേശിക്കുന്ന സ്ഥലം ആഴത്തിൽ കിളച്ച് കാടുകളാക്കുക. 25 സെ.മീ. ഉയരത്തിൽ ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളത്തിൽ താവരണകൾ തയാറാക്കുക. രണ്ടുവരിയായി ചെറുകുഴികളെടുത്താണ് നടിൽ.
അടിവളം
ആദ്യത്തെ കിളയോടൊപ്പം ഒരു സെന്ററിന് 500 കിലോ കാലിവളം എന്ന തോതിൽ ചേർക്കുക. തടമെടുത്ത് നടുന്നതിനു മുൻപായി ഒരു ചെറു കുഴിയിൽ ഒരു കിലോ ഉണങ്ങിയ കോഴിവളം മേൽമണ്ണുമായി ഇളക്കിച്ചേർക്കുക. നടീലിന് ഒരാഴ്‌ചമുൻപ് മണ്ണിന് നനവുള്ളപ്പോഴാണ് ഈ വളപ്രയോഗം നടത്തേണ്ടത്.
നടീൽസമയം, രീതി
തടത്തിലെ രണ്ടുവരിയായി എടുക്കുന്ന ചെറുകുഴികൾ തമ്മിൽ ഇരുപത് സെ. മീറ്റർ മതിയാകും. വിത്ത് ഏറിയാൽ അഞ്ച് സെ.മീറ്ററിനു മേൽ താഴാൻ പാടില്ല. ആരോഗ്യമുള്ള ഒരു മുകുളം മേലോട്ട് വരത്തക്ക വിധത്തിൽ വിത്തിട്ട ശേഷം നേരിയ തോതിൽ അമർത്തുക. തടത്തിലെ മണ്ണ് ഉണങ്ങാതെ സംരക്ഷിക്കണം. യൂപ്പറ്റോറിയം അഥവാ വേപ്പില എന്നിവ കൊണ്ട് തടത്തിൽ 10 സെ: മീറ്റർ കനത്തിൽ പുതയിടുക. ഒന്നര മാസക്കാലം കളകയറി വെള്ളത്തിനും വളത്തിനും വെളിച്ചത്തിനുമായി കച്ചോലത്തൈകളുമായി മൽസരിക്കാതെ സൂക്ഷിക്കുക. അതിനു ശേഷം മുളപൊട്ടി അതിവേഗം വളരുന്ന തൈകൾ കളകളുടെ വളർച്ചയ്ക്ക് തടസ്സമായിക്കൊള്ളും. വെള്ളക്കെട്ട് ഒഴിവാക്കണം. സൂര്യപ്രകാശം ലഭിക്കത്തക്കവണ്ണം മറ്റു വിളകളുടെ തണലുണ്ടാകാതെ കാലേകൂട്ടി ശ്രദ്ധിക്കണം.
Share your comments