കേരളത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ ആപ്പിൾ വിളയുന്ന ഏക പ്രദേശമായ കാന്തല്ലൂരിൽ ആപ്പിൾ വിളവെടുപ്പിന് ഒരുങ്ങുന്നു. വ്യത്യസ്തമായ മണ്ണിൽ ആപ്പിൾ വളർത്താവുന്നതാണ്. നല്ല ആഴ മുള്ളതും നീർവാർച്ചയുമുള്ളതുമായ പശിമരാശി മണ്ണിൽ നന്നായി ആപ്പിൾ വളരുന്നു. നല്ല നീർവാർച്ചയുണ്ടെങ്കിൽ കളിമണ്ണാണ് കൂടു തൽ അനുയോജ്യം. സമുദ്രനിരപ്പിൽ നിന്നും 1600 മുതൽ 2300 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ആപ്പിൾ കൃഷി ചെയ് വരുന്നു. ഹിമാചൽ പ്രദേശിലെ കുളു താഴ്വരയിൽ 1200 മീറ്റർ ഉയരത്തിലും നന്നായി ആപ്പിൾ കൃഷി ചെയ്യാറുണ്ട്.
ആപ്പിളിൽ സ്വീകരിച്ചുവരുന്ന പ്രവർധനരീതി
ആപ്പിളിൽ ഒട്ടിക്കലും മുകുളനവും വഴിയാണ് തൈകൾ ഉൽപ്പാദിപ്പിക്കുന്നത്. വിത്ത് ഉപയോഗിച്ചും തൈകൾ ഉൽപ്പാദിപ്പിക്കാമെങ്കിലും അവ വളർത്തിയെടുത്താൽ മികച്ച വിളവ് ലഭിക്കാറില്ല. സാധാരണയായി ആപ്പിളിൽ സ്വീകരിച്ചു വരുന്ന മുകുളന രീതി 'ഷീൽഡു ബഡ്ഡിംഗ്' ആണ്.
തൈകൾ നടുമ്പോൾ എന്തകലം
7-10 മീറ്റർ അകലത്തിൽ തൈകൾ നടാവുന്നതാണ്. ഒട്ടിക്കാൻ ഉപയോഗിക്കുന്ന റൂട്ട് സ്റ്റോക്കിൻ്റ ഇനമനുസരിച്ച് നടാൻ വേണ്ടി നൽകുന്ന അകലം വ്യത്യാസപ്പെടും. പൊക്കത്തിൽ വളരുന്ന ഇനങ്ങളാണ് റൂട്ട് സ്റ്റോക്കായി ഉപയോഗിച്ചിട്ടുള്ളതെങ്കിൽ കൂടുതൽ അകലം വേണം. അധികം പൊക്കത്തിൽ വളരാത്ത ഇനങ്ങൾക്ക് അധികം അകലം നൽകേണ്ട ആവശ്യമില്ല.
തൈകൾ നടുന്ന രീതി
ഒരു മീറ്റർ വീതം നീളവും വീതിയും 20 സെ.മീറ്റർ താഴ്‌ചയും നൽകി കുഴികൾ എടുത്ത് അതിൽ വേണം തൈകൾ നടാൻ. നട്ട ശേഷം ആദ്യ രണ്ടു വർഷങ്ങളും ദിവസവും കാലത്ത് ചെറിയ തോതിൽ നനയ്ക്കണം.
ആപ്പിളിന്റെ ശിഖരങ്ങൾ കോതുന്ന രീതി
വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു പ്രക്രിയയാണ് ആപ്പിൾ മരത്തിലെ കൊമ്പുകോതൽ. നട്ട് ഒരു വർഷം പ്രായമാകുമ്പോൾ തറനിരപ്പിൽ നിന്നും 80-100 സെ.മീറ്റർ ഉയരത്തിൽ വച്ച് മുറിക്കണം. ഈ സമയത്ത് മരത്തിൽ ശിഖരങ്ങൾ ഉണ്ടെങ്കിൽ നാലോ അഞ്ചോ ശിഖരങ്ങൾ പൊക്കം കുറച്ച ശേഷം നിൽക്കാൻ അനുവദിക്കണം. നിലത്തു നിന്ന് 50 സെ.മീറ്റർ വരെ ശിഖരങ്ങൾ ഉണ്ടാകരുത്.
വിളവെടുപ്പ് കഴിഞ്ഞ ശേഷം ആദ്യത്തെ കൊമ്പുകോതൽ നടത്തുമ്പോൾ അരമീറ്റർ നീളത്തിൽ പ്രധാന കൊമ്പുകൾ മുറിക്കണം. അവയിൽ നിന്നും വീണ്ടും ശിഖരങ്ങൾ ഉണ്ടാകുന്നു. രണ്ടാം തവണ കൊമ്പു കോതൽ നടത്തുമ്പോൾ അധികം നിൽക്കുന്നതും രോഗബാധയുള്ളതുമായ ശിഖരങ്ങൾ മുറിച്ചു മാറ്റിയാൽ മതി.
Share your comments