വിത്തുതേങ്ങയായി ഉപയോഗിക്കാനും കൊപ്രയാക്കി വെളിച്ചെണ്ണ എടുക്കാനും, പാചകത്തിനുമെല്ലാം 12 മാസം പ്രായമായ തേങ്ങകളാണ് വിളവെടുക്കുന്നത്. കാമ്പ് പൂർണ്ണ വളർച്ച പ്രാപിച്ച് പാകപ്പെടുന്നതും ചിരട്ട പരമാവധി മൂപ്പെത്തുന്നതും പതിനൊന്നാം മാസത്തിലാണ്. എന്നാൽ 12 മാസമായി മുപ്പെത്തിയ തേങ്ങകൾക്കാണ് ഏറ്റവും കൂടുതൽ കട്ടിയും എണ്ണയുടെ അംശവുമുള്ളത് (65 ശതമാനത്തിനു മുകളിൽ).
വിത്താവശ്യത്തിനായി വിളവെടുക്കുന്ന ഉയരം കൂടിയ ഇനങ്ങളിൽ നിന്നുള്ള തേങ്ങകൾ വിളവെടുത്ത് 2-3 മാസം വരെ തണലത്തു സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ സൂക്ഷിക്കുന്നത് അങ്കുരണ ശേഷി വർദ്ധിപ്പിക്കുന്നതായി കാണുന്നു. എട്ട് സെൻ്റിമീറ്റർ കനത്തിൽ മണൽ വിരിച്ച് അതിൽ തേങ്ങയുടെ ഞെട്ടറ്റം മുകളിലാവും വിധം നിരത്തി മണലിട്ട് മൂടിയിടണം. തേങ്ങയിലെ വെള്ളം വറ്റി പോകാതിരിക്കാനാണിത്. ഒന്നിന് മുകളിൽ ഒന്ന് എന്ന ക്രമത്തിൽ 5 അടുക്ക് വിത്തുതേങ്ങ ഇങ്ങനെ സംഭരിക്കാം.
മണൽ മണ്ണുള്ളതും തണലുള്ളതുമായ കൃഷിസ്‌ഥലങ്ങളാണെങ്കിൽ വിത്തുതേങ്ങ അവിടെത്തന്നെ സൂക്ഷിക്കാം. ഗോഡൗണുകളിലാണ് സുക്ഷിക്കുന്നതെങ്കിൽ വായുസഞ്ചാരത്തോടൊപ്പം ഈർപ്പം കെട്ടി നിൽക്കാതെയും ശ്രദ്ധിക്കണം. എലിശല്യത്തിനെതിരെയും കരുതൽ വേണം. കുള്ളൻ തെങ്ങുകളിൽ നിന്നും വിത്താവശ്യത്തിനായെടുക്കുന്ന തേങ്ങകൾ രണ്ട് ആഴ്ചകൾക്കുള്ളിൽ പാകാത്ത പക്ഷം വെള്ളം വറ്റുന്നതായി കണ്ടു വരുന്നു.
തേങ്ങ കൂടുതൽ കാലം സൂക്ഷിച്ചു വയ്ക്കുമ്പോൾ മേൽക്കൂരയുള്ളതും, വായുസഞ്ചാരമുള്ളതും ജലാംശം തങ്ങി നിൽക്കാത്തതുമായ ഗോഡൗണുകളിൽ സൂക്ഷിച്ചുവക്കുന്നതാണ് അഭികാമ്യം. ഗോഡൗണുകളിലും, തേങ്ങ സംഭരിച്ചു വച്ചിരിക്കുന്ന മറ്റു സ്‌ഥലങ്ങളിലും, ആർദ്രത കൂടുതലാണെങ്കിൽ കുമിളുകളുടെ ആക്രമണം ഉണ്ടാകും. ഇത്തരത്തിൽ സൂക്ഷമാണുക്കളുടെ ആക്രമണം മൂലം 10 ശതമാനം തേങ്ങകൾ നഷ്ടപ്പെടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. നല്ല വായുസഞ്ചാരം ഉറപ്പാക്കി കുമിളുകളുടെ ആക്രമണം കുറയ്ക്കാവുന്നതാണ്.
മൂപ്പു കൂടിയ തേങ്ങ പ്രത്യേകിച്ചും മഴക്കാലങ്ങളിൽ കൂട്ടിയിടുന്നത് ഒഴിവാക്കണം. കൂടുതൽ കാലം ഇപ്രകാരം സൂക്ഷിക്കുകയാണെങ്കിൽ തേങ്ങ നെടുവെ പിളരുകയും കൊളിടോട്രിക്കം, ബോട്രിയോഡിപ്ലോഡിയ,ലാസിയോഡിപ്ലോഡിയ, ഫ്യൂസേറിയം എന്നീ കുമിളുകളുടെ ആക്രമണത്തിന് വിധേയമായി ഉപയോഗശൂന്യമാവുകയും ചെയ്യുന്നു.
Share your comments