ഏതുതരം കാലാവസ്ഥയും മണ്ണുമാണ് അമരപ്പയർ വളരാൻ അനുയോജ്യം
പടർന്നു വളരുന്ന ഇനങ്ങളിൽ ഭൂരിപക്ഷവും പകൽ ദൈർഘ്യം കുറഞ്ഞ കാലാവസ്ഥയാണ് ഇഷ്‌ടപ്പെടുന്നത്. മേയ്-ജൂൺ മാസങ്ങളാണ് ഇവയുടെ കൃഷിക്ക് അനുയോജ്യം. വേനൽക്കാലത്ത് ഇത്തരം ഇനങ്ങൾ കൃഷി ചെയ്യാൻ യോജിച്ചവയല്ല. പൊതുവെ ശീത കാലത്താണ് കൂടുതൽ കായ്‌കൾ കിട്ടുന്നത്.
കുറ്റിയായി വളരുന്ന ഇനങ്ങളാകട്ടെ ഏതു സമയത്തു വേണമെങ്കിലും കൃഷി ചെയ്യാം. ഇവയ്ക്ക് പകൽ ദൈർഘ്യം പ്രശ്‌നമാകാറില്ല. ആഴമുള്ള എല്ലാത്തരം മണ്ണിലും അമരപ്പയർ വളർത്താവുന്നതാണ്.
അമരപ്പയറിന്റെ കൃഷിരീതി എങ്ങനെ
അമരയുടെ വിത്ത് നേരിട്ട് പാകിയാണ് കൃഷി ചെയ്യുക. നടുമ്പോൾ വരികൾ തമ്മിൽ ഒരു മീറ്ററും വിത്തുകൾ തമ്മിൽ 0.75 മീറ്ററും അകലം നൽകണം. ഒരു ഹെക്‌ടറിലേക്ക് 20-30 കി.ഗ്രാം വിത്ത് വേണ്ടി വരുന്നതാണ്.
കുറ്റിയമര നടുമ്പോൾ വരമ്പുകളും ചാലുകളും നിർമിച്ച് അതിൽ 15 സെ.മീറ്റർ അകലത്തിൽ വേണം വിത്ത് പാകുവാൻ, കുറ്റിയമര കൃഷി ചെയ്യുമ്പോൾ ഹെക്‌ടറിന് 30 കി.ഗ്രാം വിത്ത് ആവശ്യമായി വരും.
അമരപ്പയർ നടാൻ നിലമൊരുക്കുന്ന രീതിയും വിത്തു പാകുന്ന വിധവും
പടരുന്ന ഇനങ്ങൾ 45 സെ.മീറ്റർ വലിപ്പമുള്ള കുഴികൾ എടുത്ത് അതിൽ കാലിവളവും മേൽമണ്ണും കലർത്തി നിറച്ച ശേഷം ഓരോ കുഴിയിലും മൂന്നോ നാലോ വിത്തുകൾ വീതം പാകണം. മുളച്ചു കഴിഞ്ഞ് ആരോഗ്യമുള്ള രണ്ട് തൈകൾ ഓരോ കുഴിയിലും നിർത്തിയാൽ മതി. ജൂൺ-ജൂലൈ മാസങ്ങളാണ് പടരുന്ന ഇനങ്ങൾ നടാൻ പറ്റിയ സമയം. കുറ്റിയിനങ്ങൾ ഏതു സമയത്തും കൃഷി ചെയ്യാം.
അമരപ്പയറിന് വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ തീരെ അനുയോജ്യമല്ല. അതിനാൽ വേനൽക്കാലത്ത് ആവശ്യമുണ്ടെങ്കിൽ മാത്രം ജലസേചനം നടത്തണം. പടരുന്ന ഇനങ്ങൾ പന്തലിട്ട് അതിൽ പടർത്തുന്നതാണ് ഉചിതം. അതിനാൽ പടരാൻ പന്തലുണ്ടാക്കേണ്ടതാണ്.
കായ്കൾ മൂത്ത് നാരു വയ്ക്കുന്നതിനു മുമ്പ് വിളവെടുക്കണം. നേരത്തേ മൂപ്പെത്തുന്ന ഇനങ്ങൾ പൂവ് വിരിഞ്ഞ് 20 ദിവസം കൊണ്ട് വിളവെടുക്കാൻ പാകമാകുന്നു. താമസിച്ചു മൂപ്പെത്തുന്ന ഇനങ്ങൾ പൂവ് വിരിഞ്ഞ് 25 ദിവസം കൊണ്ടു പാകമാകും. പടരുന്ന ഇനങ്ങളിൽ നിന്നും 8-12 ടൺ വിളവ് ലഭിക്കുന്നു. എന്നാൽ കുറ്റിയിനങ്ങളിൽ നിന്നും 4-6 ടൺ വിളവ് മാത്രമേ കിട്ടുന്നുള്ളൂ.
തണുത്ത കാലാവസ്ഥയാണ് ഫ്രഞ്ചു ബീനിന് വളരാൻ അനുയോജ്യമെങ്കിലും കൂടുതൽ തണുപ്പ് ആവശ്യമില്ല. ചൂടുള്ള പ്രദേശങ്ങളിൽ വളരുന്ന ഇനങ്ങളും ഫ്രഞ്ചു ബീനിൽ കാണുന്നു. കൂടുതൽ തണുപ്പുള്ള കാലാവസ്ഥ വിത്ത് മുളയ്ക്കുവാൻ ഒട്ടും അനുയോജ്യമല്ല. നല്ല നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശി മണ്ണിൽ ഫ്രഞ്ചു ബീൻ നന്നായി വളരുന്നു.
Share your comments