ഏതു രീതിയിലുള്ള മണ്ണും കാലാവസ്‌ഥയുമാണ് പേര വളരാൻ അനുയോജ്യം
പേര വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ മഴ അധികമില്ലാത്ത സ്ഥലങ്ങളാണ് ഏറ്റവും യോജിച്ചത്. മഴ കൂടുതൽ ലഭിക്കുന്ന സ്ഥലങ്ങളിലെ കായ്‌കൾക്ക് രുചി കുറവായിരിക്കും. ഇത് സമുദ്രനിരപ്പിൽ നിന്നും 1300 മീറ്റർ വരെ ഉയരത്തിൽ വളരുന്നു.
ഏതു രീതിയിലുള്ള പ്രവർധനമാണ് പേരയിൽ സ്വീകരിച്ചു വരുന്നത്
വിത്ത് കിളിർപ്പിച്ച് തൈ ഉൽപ്പാദിപ്പിക്കാൻ കഴിയുമെങ്കിലും അത്തരം തൈകൾ മാതൃസസ്യത്തിൻ്റെ ഗുണങ്ങൾ നിലനിർത്തുകയില്ല എന്നതിനാൽ പതിവയ്ക്കുന്ന രീതിയാണ് സാധാരണ ചെയ്‌തുവരുന്നത്.
പേരയിൽ പതിവയ്ക്കുന്ന രീതി എങ്ങനെ
പേരയിൽ സാധാരണ നടത്തിവരുന്നത് വായവ പതിവയ്ക്കൽ അഥവാ എയർലെയറിങ് ആണ്. വളരെ ലളിതമായ ഒരു പ്രക്രിയയാണ് വായവ പതിവയ്ക്കൽ. പെൻസിൽ കനമുള്ള കമ്പുകളാണ് പതിവയ്ക്കാൻ നല്ലത്. ഇത്തരം കമ്പുകൾക്ക് ആറു മാസത്തിൽ കുറയാത്ത വളർച്ച ഉണ്ടായിരിക്കണം. കമ്പിൻ്റെ തുമ്പറ്റത്തു നിന്നും 30 സെ.മീറ്റർ താഴ്ത്തി തടിക്കു ചുറ്റുമായി മൂർച്ചയുള്ള കത്തി കൊണ്ട് തൊലി മാത്രം മുറിയത്തക്ക വിധം വരയണം. വീണ്ടും 2 സെ.മീറ്റർ താഴ്ത്തി ചുറ്റുമായി ഒന്നു കൂടി വരയണം. അതിനു ശേഷം ഇടയിലുള്ള തൊലി സാവധാനം നീക്കം ചെയ്യണം. അങ്ങനെ ചെയ്യുമ്പോൾ ഉള്ളിലുള്ള തടിക്ക് ക്ഷതം പറ്റാൻ പാടില്ല.
ഇനി തൊലി മാറ്റിയ ഭാഗത്ത് ചകിരിച്ചോറും മണ്ണും ചാണകവും കൂടി കലർത്തിയുണ്ടാക്കിയ മിശ്രിതം കൊണ്ട് പൊതിയണം. അതിന് പുറത്തായി പോളിത്തീൻ കഷണം കൊണ്ട് നന്നായി പൊതിയണം. പൊതിഞ്ഞ ശേഷം രണ്ടറ്റവും ഉറപ്പായി കെട്ടണം. ഒന്നു രണ്ടു മാസം കൊണ്ട് മുറിഞ്ഞ ഭാഗത്തു നിന്നും വേരുകൾ ഉണ്ടാകുന്നതായി കാണാം. വേരുകൾ പോളിത്തീനുള്ളിൽ നിറഞ്ഞു കാണുമ്പോൾ, ലേയറുകൾ വേർപെടുത്താം. ലേയറിങ് നടത്തിയ ഭാഗത്തിന് തൊട്ടു താഴെ വച്ച് കമ്പ് മുറിച്ചുമാറ്റാം. അതിന് മുമ്പായി പോളിത്തീൻ നീക്കം ചെയ്യണം. ഇനി വേരോടു കൂടിയ കമ്പ് ചെടിച്ചട്ടിയിലോ മണ്ണു നിറച്ച പോളിത്തീൻ കവറിനുള്ളിലോ നടണം. നവംബർ മുതൽ ഫെബ്രുവരി വരെ ലേയറിങ് ഉണ്ടാക്കാൻ അനുയോജ്യമായ കാലാവസ്ഥയാണ്.
നടുമ്പോൾ തൈകൾ തമ്മിൽ എന്തകലം നൽകണം
ഒരു മീറ്റർ വീതം നീളം, വീതി, താഴ്‌ച എന്ന തോതിൽ കുഴിയെടുക്കണം. അതിനുള്ളിൽ മേൽമണ്ണും കാലിവളവും നന്നായി കലർത്തി നിറച്ച ശേഷം മധ്യഭാഗത്തായി തൈ നടണം. നടുമ്പോൾ രണ്ട് തൈകൾ തമ്മിൽ 6 മീറ്റർ അകലം നൽകണം.
നടാൻ പറ്റിയ സമയം എപ്പോഴാണ്
തൈകൾ നടാൻ പറ്റിയ സമയം ജൂൺ-ജൂലൈ ആണ്. ആവശ്യമെങ്കിൽ നട്ട തൈകൾക്ക് താങ്ങ് കൊടുക്കണം. വേനൽക്കാലത്ത് ചെടി നനയ്‌ക്കേണ്ടതാണ്.
ഏതു രീതിയിലുള്ള കാലാവസ്ഥയിലും മണ്ണിലുമാണ് നെല്ലി നന്നായി വളരുന്നത്
വലിയ ശ്രദ്ധ ആവശ്യമില്ലാത്ത ഒരു വിളയാണിത്. ചൂടും വരൾച്ചയുമുള്ള കാലാവസ്ഥയിൽ വളരാറുള്ള ഒരു മരമാണ് നെല്ലി ഏതു തരം മണ്ണിലും നെല്ലി വളരുന്നു.
കേരളത്തിൽ വളർത്താൻ യോജിച്ച ഇനങ്ങൾ
നെല്ലിയിൽ പല ഇനങ്ങൾ കാണുന്നു. ചമ്പക്കാട് ലാർജ് എന്ന വലിപ്പമുള്ള കായ്കൾ ഉണ്ടാകുന്ന അത്യുൽപ്പാദന ശേഷിയുള്ള ഇനത്തെ പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. നെല്ലിയുടെ മറ്റിനങ്ങൾ - ബനാറസി, കാഞ്ചൻ, കൃഷ്ണ എന്നിവയാണ്.
നടാൻ ഏതു തരം തൈകളാണ് കൂടുതൽ യോജിച്ചത്
വിത്തു മുളപ്പിച്ച തൈകളും ഒട്ടുതൈകളും നടാനായി ഉപയോഗിച്ചു വരുന്നു. മുകുളനം വഴിയും ഒരേ കനത്തിലുള്ള കമ്പുകൾ തമ്മിൽ ഒട്ടിച്ചും തൈകൾ ഉൽപ്പാദിപ്പിക്കാവുന്നതാണ്.
Share your comments