പടർന്നു വളരുന്ന കോവൽ വളരെക്കാലം കായ്‌കൾ തരുന്നു. മുറ്റത്തു പന്തലിട്ടു വളർത്തിയാൽ വേനൽക്കാലത്ത് നല്ല തണൽ തരും. വേലിയിലും ഇവ പടർത്തി വളർത്താവുന്നതാണ്. ഇളം കായിൽ ധാരാളം വിറ്റാമിൻ എ-യും സി-യും അടങ്ങിയിരിക്കുന്നു. പിത്തരോഗങ്ങൾ, പാണ്‌ഡ്, ജ്വരം, കാസം, ശ്വാസംമുട്ടൽ എന്നിവയ്ക്ക് ഇത് കൈക്കൊണ്ട ഔഷധമാണ്.
ഏതുതരത്തിലുള്ള കാലാവസ്ഥയും മണ്ണുമാണ് കോവൽ വളർത്താൻ അനുയോജ്യം
കേരളത്തിലെ എല്ലാ മണ്ണിലും കോവൽ വളരുമെങ്കിലും നീർവാർച്ചയുള്ളതും മണൽ കലർന്നതുമായ മണ്ണാണ് ഏറ്റവും അനുയോജ്യം. നല്ല സൂര്യപ്രകാശം ഇതിൻ്റെ കൃഷിക്ക് ആവശ്യമാണ്. മണ്ണിൽ നല്ല വളക്കൂറും ഈർപ്പവുമുണ്ടെങ്കിൽ എല്ലാക്കാലത്തും കോവൽ നട്ടു വളർത്താവുന്നതാണ്.
കേരളത്തിൽ കൃഷി ചെയ്യുവാൻ അനുയോജ്യമായ ഇനങ്ങൾ
കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ 'സുലഭ' എന്ന ഇനം കോവൽ ഇതിനകം തന്നെ കർഷകരുടെ ഇടയിൽ പ്രചരിച്ചു കഴിഞ്ഞു. ഇതിന്റെ കായ്‌കൾക്ക് ഇളം പച്ച നിറവും പുറത്ത് വെള്ള വരകളും കാണുന്നു. കായ്‌കൾക്ക് നല്ല വലിപ്പമുണ്ട്. നീളം 9 സെ. മീറ്ററും തൂക്കം 18 ഗ്രാമും കാണുന്നു. ഹെക്ടറിന് ശരാശരി 50 ടൺ വിളവ് ലഭിക്കുന്നു.
ഇവയിൽ ആണും പെണ്ണും കാണുന്നു. പെൺചെടിയാണ് കായ്‌ഫലം തരുന്നത്
കോവലിന്റെ കൃഷിരീതി
മണ്ണ് നല്ലവണ്ണം കിളച്ച്, കട്ടകൾ പൊടിച്ച്, കല്ലും കളകളും നീക്കം ചെയ്ത ശേഷം നിരപ്പാക്കണം. 60 സെ.മീറ്റർ വീതം നീളം, വീതി, താഴ്ച എന്ന ക്രമത്തിൽ കുഴികൾ എടുത്ത് 10 കി.ഗ്രാം കാലിവളവും തുല്യഅളവ് മേൽമണ്ണും കൂടി നന്നായി കലർത്തി ഇട്ട് കുഴികൾ മൂടണം. കുഴികൾ എടുക്കുമ്പോൾ അവ തമ്മിലുള്ള അകലം 1.5-2 മീറ്റർ നൽകണം.
നടീൽവസ്തു തയാറാക്കുന്ന രീതി എങ്ങനെയെന്നും നടുന്ന സീസൺ
തണ്ട് മുറിച്ചുനട്ടാണ് കോവൽ കൃഷി ചെയ്യുന്നത്. ധാരാളം കായ്കൾ നൽകുന്നവയും രോഗവിമുക്തവുമായ ചെടികളിൽ നിന്നും വള്ളികൾ മുറിച്ചെടുക്കണം. വള്ളികൾക്ക് 15-25 സെ.മീറ്റർ നീളവും 3-4 മുട്ടുകളും ഉണ്ടായിരിക്കണം. ഓരോ കുഴിയിലും മൂന്നോ നാലോ കഷ്ണം വള്ളികൾ നടേണ്ടതാണ്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലമാണ് തണ്ടുകൾ നടാൻ പറ്റിയ സമയം. രണ്ടു മീറ്റർ ഉയരത്തിൽ പന്തലിട്ട അതിൽ വള്ളികൾ പടരാൻ അനുവദിക്കണം.
Share your comments