ചെറുതേക്ക് ആരും കൃഷി ചെയ്യാറില്ല. കുറ്റിക്കാടുകളിൽ മറ്റു ചെറു വൃക്ഷങ്ങളോടൊപ്പം വന്യമായി വളരുന്നു. ഇന്ന് ആയുർവേദ ഔഷധങ്ങൾ തയാറാക്കുന്നവരും മറ്റും ധാരാളമായി എല്ലാ സസ്യങ്ങളെയും ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന കാലമാണ്. സ്ഥലപരിമിതി മൂലം പാഴ്സലങ്ങൾ കുറഞ്ഞു വരുന്നു.
അതിനാൽ നൈസർഗികമായ വളർച്ച കാര്യമായിട്ട് ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ വീട്ടുവളപ്പിൽ ഏതാനും ചെടികൾ വച്ചു പിടിപ്പിച്ചാൽ അവയുടെ വംശവർധനവ് സ്വതസിദ്ധമായി നടക്കും. എല്ലാത്തരം മണ്ണിലും വളരും. വേനലിനെ അതിജീവിക്കാൻ കഴിവുള്ള ഒരു സസ്യമാണ്. കായ്‌കൾ പാകമാകുന്ന മുറയ്ക്ക് വിത്തുകൾ ഉണങ്ങി സ്വയം നിലത്തുവീണ് ധാരാളം തൈകൾ ചുറ്റിലും വളർന്നു പൊന്തും.
വിത്തിൽ നിന്നും മുളയ്ക്കുന്ന ഒരു സസ്യം പോലും ഉണങ്ങിപ്പോകാറില്ല. ധാരാളം വളർന്നു നിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് വേരിനൊപ്പമുള്ള മണ്ണോടെ ഇളക്കിയെടുത്ത് നിലത്ത് സുമാർ അരമീറ്ററോളം താഴ്ച്ചയിൽ ചെറുകുഴികളെടുത്ത് നടുക. കടുത്ത വേനലിലും ധാരാളം ഇലച്ചില്ലുമായി മൂന്നു മീറ്ററിനു മേൽ ഉയരത്തിൽ വളരുന്ന ഒരു ഔഷധിയാണ് ചെറുതേക്ക്. കണ്ടൽ ഭൂമിയോട് ചേർന്ന് ആലപ്പുഴ ജില്ലയിൽ കരപ്പുറം പ്രദേശത്ത് ധാരാളം വളരുന്നു.
നട്ടു വളർത്തുന്ന സാഹചര്യത്തിൽ സെപ്റ്റംബർ-ഒക്ടോബർ മുതൽ സാധാരണ പുഷ്‌പിക്കും. കാര്യമായ വളപ്രയോഗവും വേണ്ട. മണൽ പ്രദേശത്തും വളരുന്നുണ്ടെങ്കിലും വളർത്തുന്ന സാഹചര്യത്തിൽ വളപ്രയോഗവും നനയും വേണ്ടി വരും. ജൈവവളങ്ങൾ മാത്രം മതിയാകും. വിത്തു വീണ് മുളയ്ക്കുന്ന തൈകൾക്കു പുറമേ കടയ്ക്കൽ നിന്ന് ധാരാളം തൈകൾ വേരു മേഖലയിൽ വളർന്ന് തായ്ചെടികളോടൊപ്പം നിൽക്കുന്നത് കാണാം.
Share your comments