മരാന്താസി എന്ന സസ്യകുലത്തിൽപ്പെട്ട ഒരിലച്ചെടിയാണ് ടിനാന്തേ. മരാന്ത, കലേത്തിയ എന്നീ ഇലച്ചെടികളോട് ഒരു സമ്മിശ്ര സാമ്യം ഈ ഇലച്ചെടിക്കുണ്ട്. നിശ്ചിത പാറ്റേണിൽ അല്ലാത്ത ക്രീം നിറമാണ് പുറം തലത്തിലെങ്കിലും ഇലയുടെ അടിഭാഗത്തിന് പർപ്പിൾ നിറമാണ്.
ഇതിന്റെ "ടിനാന്തേ ലബ്ബർ സിയാന' എന്ന ഇനമാണ് ഏറ്റവും പ്രചാരം നേടിയിട്ടുള്ളത്. ഇളം മഞ്ഞനിറവും പച്ചനിറവും ഇടകലർന്ന നിയതമല്ലാത്ത വരകൾ ഇലയുടെ നടുഞരമ്പിൽ നിന്ന് പ്രതലത്തിൽ വ്യാപിച്ചിരിക്കുന്നതു കാണാം. മറ്റൊരു സാധാരണ ഇനമാണ് "ടിനാന്തേ ഒപ്പൻഹിമിയാന. ഇലകൾ വളരെ നീണ്ടു കൂർത്തതും കടുംപച്ച അടയാളങ്ങൾ നടുഞരമ്പിൽ നിന്നുള്ളതുമാണ്. ഇലയുടെ അടിവശവും കടുത്ത പച്ചയാണ്. എന്നാൽ, "ടിനായേ ഒപ്പൻഹിമിയാന ട്രൈകളർ' എന്നയിന ത്തിന്റെ ഇലകൾ നീണ്ടു കൂർത്തതു തന്നെയാണെങ്കിലും ഇതിൽ തന്നെ വെള്ളയും പിങ്കും നിറക്കൂട്ടുകൾ വീണു തെറിച്ചതുപോലെ കാണാം. ഒപ്പം ഈ ഇലകളുടെ അടിവശത്തിനും പിങ്ക് നിറമാണ്. "ടിനാന്തേ ഒപ്പൻഹിമി യാന ബർളിമാർക്സ്' എന്ന ഇനത്തിന് നെവർ നെവർ പ്ലാന്റ്' എന്നും പേരുണ്ട്. ഇതിന്റെ അഗ്രഭാഗം കൂർത്ത ഇലകൾ നീണ്ട് കനം കുറഞ്ഞ ഇലത്തണ്ടുകളിലാണുണ്ടാകുന്നത്.
കൂട്ടത്തോടെ വളരുന്ന ചെടിയുടെ ചുവട്ടിൽത്തന്നെ കുഞ്ഞു തൈകൾ പൊട്ടി മുളയ്ക്കുക പതിവാണ്. ഇത് മാതൃസസ്യത്തിൽ നിന്നു വേർപെടുത്തി പുതിയ ചട്ടികളിൽ പോട്ടിങ് മിശ്രിതം നിറച്ച് അതിൽ നടാം. ജൈവവളങ്ങൾ തന്നെയാണു നന്ന്. ഇതിൽ ചാണകപ്പൊടിയും ഇലപ്പൊടിയും ഒക്കെയാകാം. രണ്ടാഴ്ചയിലൊരിക്കൽ വളപ്രയോഗം നടത്താം. തൈകൾ ഇളക്കിയെടുത്താൽ എത്രയും വേഗം നടാൻ ശ്രമിക്കണം.
ചെടിക്കു വെളിച്ചം വേണമെന്നല്ലാതെ നേരിട്ടുള്ള സൂര്യപ്രകാശം നിർബന്ധമില്ല. മാത്രവുമല്ല, ദീർഘനേരം നേരിട്ടുള്ള സൂര്യപ്രകാശം കൊണ്ടാൽ ഇലകൾ ചുരുണ്ടു കൂടുന്നതു കാണാം.
Share your comments