
ഫാഷൻ ഫ്രൂട്ട് മരമായി വളരുന്നില്ല. മറിച്ച് വള്ളിയായി പടർന്നു കയറുന്നു. വള്ളിയിലാണ് കായ് ഉണ്ടാകുന്നത്. കായ്കൾ പല വലിപ്പത്തിൽ ഉണ്ടാകുന്നു. അതനുസരിച്ച് പഴത്തിൻ്റെ ഭാരം 8 ഗ്രാം മുതൽ 55 ഗ്രാം വരെ വ്യത്യാസപ്പെടാറുണ്ട്.
പാഷൻ ഫ്രൂട്ട് വളർത്താൻ അനുയോജ്യമായ കാലാവസ്ഥയും മണ്ണും
ഈ ചെടി പലതരം കാലാവസ്ഥയിൽ വളർന്നുകാണാറുണ്ട്. കടുത്ത ചൂടും അതിശൈത്യവും ഇതിൻ്റെ കൃഷിക്ക് പറ്റിയതല്ല. വെള്ളം കെട്ടി നിൽക്കാത്ത ഏതു മണ്ണും പാഷൻ ഫ്രൂട്ട് ചെടിയുടെ വളർച്ചയ്ക്ക് യോജിച്ചവയാണ്. സാമാന്യം ഈർപ്പവും മിതമായ അളവിൽ ജൈവാംശവും കുമ്മായവും കലർന്ന മണ്ണാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും ഉത്തമം.
പ്രവർധനം
ഏതു രീതിയിലുള്ള പ്രവർധനമാണ് പാഷൻ ഫ്രൂട്ടിൽ പ്രചാരം
വിത്തു മുളപ്പിച്ചും വള്ളി നട്ടും തൈകൾ ഉൽപ്പാദിപ്പിക്കാം. വിത്തു മുളപ്പിച്ചുണ്ടാകുന്ന തൈകളേക്കാൾ വളരെ വേഗം വള്ളിമുറിച്ചു നട്ടവ കായ്ച്ചു തുടങ്ങുമെന്നതിനാൽ വള്ളി മുറിച്ചു നടുന്നതാണ് കൂടുതൽ മെച്ചം.
നടാൻ വള്ളി മുറിച്ചെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
നടാൻ തിരഞ്ഞെടുക്കുന്നത് മൂപ്പെത്തിയ വള്ളിയായിരിക്കണം. വള്ളിക്കഷ്ണങ്ങൾ 25 മുതൽ 30 സെ.മീറ്റർ നീളത്തിൽ മുറിച്ചെടു ക്കണം. ഓരോ തണ്ടിലും 5 ഇലകളെങ്കിലും ഉണ്ടായിരിക്കണം.
വള്ളിനടീലും പരിപാലനവും
തയാറാക്കിയ കുഴിയുടെ മധ്യഭാഗത്തായി വള്ളി നടാം. മുറിച്ചെടുത്ത വള്ളിയുടെ മൂന്നിൽ രണ്ട് മണ്ണിനടിയിലാക്കി വേണം നടേണ്ടത്. മൂന്നിലൊന്നു ഭാഗം മണ്ണിന് മുകളിൽ നിന്നാൽ മതി. നട്ടയുടനെ നനയ്ക്കണം. വിത്ത് പാകി കിളിർപ്പിച്ചു നടുന്നവ കായ്ക്കുന്നതിന് വളരെ മുമ്പ് വള്ളി മുറിച്ചു നട്ട ചെടികൾ കായ്ക്കുന്നു. കൂടുതൽ വള്ളികൾ നടാൻ ഉദ്ദേശമുണ്ടെങ്കിൽ ചെടികൾ തമ്മിൽ 10-12 അടി അകലം നൽകണം. വള്ളിയുടെ ചുവട്ടിൽ വളവും വെള്ളവും ക്രമമായി ചേർത്തുകൊടുത്താൽ അത് വളരെ വേഗത്തിൽ വളർന്നുവരും. കൂട ക്കൂടെ ചുവട്ടിൽ നിന്നും കളകൾ നീക്കം ചെയ്യേണ്ടതാണ്.
Share your comments