ഏകദേശം 200 മുതൽ 250 മൈക്രോൺ വലുപ്പം മാത്രമുള്ളതും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത മണ്ഡരികൾ കാറ്റു വഴിയാണ് വ്യാപിക്കുന്നത്. മച്ചിങ്ങയുടെ തൊപ്പിക്കുള്ളിലിരുന്നു മൃദുഭാഗങ്ങളിൽനിന്നും നീരൂറ്റി കുടിക്കുന്നതു മൂലം വളർച്ച മുരടിക്കുകയും വിളവിനു ഗണ്യമായ നഷ്‌ടം സംഭവിക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ
മച്ചിങ്ങയുടെ തൊപ്പിക്കു താഴെ വെളുത്ത ത്രികോണാകൃതിയിലുള്ള പാടുകൾ കാണാം. പിന്നീടത് തവിട്ട് നിറമാകുന്നു.
മച്ചിങ്ങ വലുതാകും തോറും തവിട്ടുനിറത്തിലുള്ള പാടുകൾ കറുപ്പു നിറമാവുകയും നെടുകെ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും.
തേങ്ങകൾ വികൃതമാവുകയും വലുപ്പം കുറയുകയും ചെയ്യും. കൊപ്രയുടെ തൂക്കം കുറയുക, ചകിരിയുടെ ഗുണം കുറയുക തുടങ്ങിയ ദോഷഫലങ്ങളും കാണപ്പെടുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ
മണ്ഡരി ബാധയുള്ള മച്ചിങ്ങകളെല്ലാം ശേഖരിച്ചു നശിപ്പിക്കുക.
മാർച്ച് - ഏപ്രിൽ, ഓഗസ്‌ത് - സെപ്റ്റംബർ, ഡിസംബർ - ജനുവരി എന്നീ മാസങ്ങളിൽ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പധിഷ്ഠിത കീടനാശിനികൾ, വെറ്റബിൾ സൾഫർ (4ഗ്രാം / ലിറ്റർ വെള്ളത്തിൽ) എന്നിവ മാറി മാറി മണ്ടയിലും ഇളംകുലകളിലും തളിച്ച് കൊടുക്കുക.
പരാഗണം നടക്കാത്ത പൂങ്കുലകൾ ഒഴിവാക്കണം. കൂടാതെ ഒരേ മരുന്നു തളിക്കുമ്പോൾ മണ്ഡരി അതിനെതിരെ പ്രതിരോധം ആർജ്ജിക്കുന്നതു കൊണ്ടു മരുന്നുകൾ മാറി മാറി ഉപയോഗിക്കുന്നതു നല്ലതായിരിക്കും.
സസ്യസംരക്ഷണ നടപടികൾക്കു പുറമെ പോഷക ലഭ്യത മെച്ചപ്പെടുത്തുന്നതിനായി തെങ്ങു കൃഷിക്കു ശുപാർശ ചെയ്‌തിട്ടുള്ള വളപ്രയോഗത്തിനുപരി യായി തെങ്ങൊന്നിനു വർഷത്തിലൊരിക്കൽ 50 കിലോ ജൈവവളം, 5 കിലോ വേപ്പിൻ പിണ്ണാക്ക് എന്നിവ നൽകുന്നതും രോഗകീട പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഗുണകരമാണ്.
Share your comments