മാർച്ച് മാസം പൊതുവേ വരണ്ട കാലാവസ്ഥയാണെങ്കിലും ഇടയ്ക്ക് ലഭിച്ചേക്കാവുന്ന വേനൽ മഴ, ചൂട് കുറയുന്നതിനും ഒപ്പം കുറച്ചൊക്കെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് കൂടുന്നതിനു ഇടയാക്കുന്നത് കീടബാധ ഉണ്ടാകാൻ അനുകൂല സാഹചര്യമൊരുക്കും നീരുറ്റിക്കുടിക്കുന്ന വെള്ളീച്ച, മണ്ഡരി എന്നീ കീടങ്ങൾ പെരുകുന്നതിന് സാധ്യതയുണ്ട്.
ഒച്ച്, പുഴുക്കൾ എന്നിവ സാധാരണയായി കാണപ്പെടുന്ന കൃഷിയിടങ്ങളിൽ കീടബാധയുണ്ടോയെന്ന് നിരീക്ഷിക്കുകയും ഉണ്ടെങ്കിൽ കീടബാധയുള്ള പുറം വരിയിലെ പഴയ ഓലകൾ മുറിച്ചു മാറ്റി കത്തിച്ചു നശിപ്പിക്കണം. വെള്ളിച്ചയുടെ ആക്രമണം രൂക്ഷമാകാൻ അനുകൂലമായ കാലാവസ്ഥയുള്ള സാഹചര്യത്തിൽ ആവശ്യത്തിന് വെള്ളവും വളവും നൽകി തെങ്ങിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതു പോലെ കേര നേഴ്‌സറികളിലെ തൈകൾക്കും വെള്ളീച്ച ബാധയുണ്ടോയെന്നും നിരീക്ഷിക്കേണ്ടതാണ്.
ആന്ധ്രാ പ്രദേശിലേയും തമിഴ്‌നാട്ടിലേയും ചുഴലിക്കാറ്റു മൂലം വിള നഷ്ടമായ തെങ്ങിൻ തോട്ടങ്ങളിൽ വീണു കിടക്കുന്ന തെങ്ങിൻ തടികളിലും മറ്റും ആകർഷിക്കപ്പെട്ട ചെമ്പൻ ചെല്ലികൾ ചുഴലിക്കാറ്റിൽ നിന്നും രക്ഷപെട്ട് നിൽക്കുന്ന തെങ്ങുകളിൽ മുട്ടയിട്ടു പെരുകാൻ ഇടയുള്ളതിനാൽ വേണ്ട മുൻകരുതൽ നടപടിയെടുക്കണം.
തെങ്ങിൻ തടത്തിൽ ഉണങ്ങിയ ഓലയും ജൈവാവശിഷ്ടങ്ങളും കത്തിക്കുന്നതു കാരണം തെങ്ങിൻ തടി മൃദുവാകുന്നതിനിടയാകുകയും ചെന്നീരൊലിപ്പ് തഞ്ചാവൂർ വാട്ടം തുടങ്ങിയ രോഗങ്ങൾ ഉണ്ടാക്കുന്ന കുമിളുകളുടെ ആക്രമണം എളുപ്പത്തിലാക്കുകയും ചെയ്യും. അതു കൊണ്ട് ഒരു കാരണവശാലും തെങ്ങിൻ ചുവട്ടിൽ ജൈവാവശിഷ്ടങ്ങൾ കത്തിക്കരുത്.
Share your comments