തെങ്ങിൻ തോപ്പുകളിൽ വീണു കിടക്കുന്ന ഓലകൾ, മുളയ്ക്കാത്ത തേങ്ങകൾ, കൊതുമ്പ്, ക്ലാഞ്ഞിൽ, മണ്ടമറിഞ്ഞ് വീണ തെങ്ങുകൾ, മുറിച്ചിട്ട തെങ്ങിൻ തടികൾ എന്നിവ ചിതലാക്രമണം തടയുന്നതിന് സമയബന്ധിതമായി തോട്ടത്തിൽ നിന്നും നീക്കി നശിപ്പിക്കേണ്ടതാണ്.
തെങ്ങിൻ തോപ്പുകളിൽ കാണുന്ന ചിതൽ പുറ്റുകൾ, ചിതൽ ആക്രമണ സാധ്യതയുള്ള മണ്ണിനങ്ങളുള്ള പ്രദേശങ്ങളിൽ ആരംഭത്തിൽ തന്നെ അത്തരം പുറ്റുകൾ നശിപ്പിക്കേണ്ടതാണ്. നഴ്സറികളിലും തെങ്ങിൻ തടത്തിലും വേനൽക്കാല പരിചരണത്തിൻറെ ഭാഗമായി ഇട്ട് കൊടുക്കുന്ന പുതയിൽ ചിതൽബാധയുണ്ടായാൽ ഉടൻ തന്നെ അവയെ തടത്തിൽ നിന്നും നീക്കം ചെയ്ത് മാറ്റേണ്ടതാണ്. അല്ലെങ്കിൽ താരതമ്യേന സുരക്ഷിതമായ കീടനാശിനികൾ ഉപയോഗിച്ച് ചിതലാക്രമണം ഒഴിവാക്കേണ്ടതാണ്.
തെങ്ങിൻ തോപ്പുകളിലും തെങ്ങിൻ തടത്തിലും തൊണ്ടുകൾ കുമ്പാരമായി കൂട്ടിയിടുന്നത് ഒഴിവാക്കുക. ചിതൽബാധ ഉണ്ടാകാൻ സാധ്യതയേറെയുള്ള മണ്ണിനങ്ങളിൽ ഇത്തരത്തിൽ കൂട്ടിയിടുന്നത് മൂലമുണ്ടാകുന്ന നാശം നികത്തുക വളരെ ശ്രമകരമാണ്. മേൽ സൂചിപ്പിച്ച മാർഗ്ഗങ്ങൾ അവലംബിക്കുന്നതോടൊപ്പം നഴ്സറികളിൽ മുളയ്ക്കുന്ന തേങ്ങകൾ ആറ്റുമണ്ണൽ കൊണ്ട് മൂടുന്നത് ഏറെ ഉതകും.
ചിതലാക്രമണത്തിന് മുൻകരുതലായി ചിതൽ പുറ്റുകൾ കണ്ടെത്തി നശിപ്പിച്ച ശേഷം തെങ്ങിൻ തടിയിൽ നിന്ന് ഏകദേശം 2 മീറ്റർ ഉയരത്തിൽ 5 ശതമാനം വീര്യമുള്ള വേപ്പെണ്ണ പുരട്ടുക. ഒരു ശതമാനം വീര്യമുള്ള തുരിശ് അല്ലെങ്കിൽ 80 ശതമാനം വീര്യത്തിൽ കശുവണ്ടി തൊണ്ടിൽ നിന്നുള്ള എണ്ണ എന്നിവ മടഞ്ഞ ഓലകളിൽ - തളിയ്ക്കുന്നത് ചിതൽബാധ ഒഴിവാക്കാൻ സഹായിക്കുന്നു. തെങ്ങിൻ ചുവട്ടിൽ കാൽസ്യം ഇട്ട് കൊടുക്കുന്നത് ചിതൽ ശല്യം കുറയ്ക്കാൻ സഹായിക്കുന്നു.
വിത്ത് തേങ്ങകൾ കൈകാര്യം ചെയ്യുമ്പോൾ
വിത്ത് തേങ്ങകൾ നഴ്‌സറികളിൽ നടുന്നതിന് മുൻപായി താഴെ പറയുന്ന ഏതെങ്കിലും ഒരു കീടനാശിനി - മിശ്രിതത്തിൽ മൂന്ന് മിനിറ്റ് മുക്കി വെച്ച ശേഷം നടാവുന്നതാണ്.
ഇമിഡാക്ലോപ്രിഡ് 20 ശതമാനം എസ്എൽ എന്ന കീടനാശിനി 1 - 2 മിലി ഒരു ലിറ്റർ വെള്ളത്തിൽ ക്ലോർപൈറിഫോസ് 20 ശതമാനം ഇസി എന്ന 7 കീടനാശിനി 3 - 5 മി. ലി ഒരു ലിറ്റർ വെള്ളത്തിൽ നഴ്‌സറി ബെഡുകളിൽ തേങ്ങ പാകുന്നതിന് മുൻപ് തരിരൂപത്തിലുള്ള ക്ലോർപൈറിഫോസ് 10 ഗ്രാം എന്ന കീടനാശിനി 7.5 സ്ക്വ. മീ ബെഡിൽ 3.8 ഗ്രാം മരുന്ന് എന്ന തോതിൽ ഇട്ട് കൊടുക്കുക.
തൈകൾ പറിച്ച് നട്ട ശേഷവും ചിതൽ ശല്യം ഉണ്ടാകുന്നെങ്കിൽ മേൽ സൂചിപ്പിച്ച ദ്രാവക കീടനാശിനികളിൽ ഏതെങ്കിലും ഒരു മിശ്രിതം 5 ലിറ്റർ വെള്ളം ഒരു സ്ക്വ. 3 മീ വിസ്‌തൃതിയ്ക്ക് എന്ന തോതിൽ മണ്ണിൽ ഒഴിക്കുക.
വലിയ തെങ്ങുകളിൽ ചിതൽബാധയുണ്ടായാൽ 5 ലിറ്റർ വെള്ളത്തിൽ മേൽ സൂചിപ്പിച്ച ഏതെങ്കിലും ഒരു കീടനാശിനി മിശ്രിതം ശരിയായ അളവിൽ ലയിപ്പിച്ച് തെങ്ങിൻ ചുവട്ടിൽ ഒഴിക്കുക.
നഴ്സറി ബെഡുകൾ ഒരുക്കുമ്പോൾ മണ്ണിനൊപ്പം മണലും ചേർക്കുന്നത് വായുസഞ്ചാരം, വേരോട്ടം എന്നിവ മെച്ചപ്പെടുത്തുന്നതോടൊപ്പം ചിതൽബാധ കുറയ്ക്കുകയും ചെയ്യുന്നു. തൈകൾ പറിച്ചു നടുന്ന കുഴിയിൽ മണൽ, ഉപ്പ്, ചാരം എന്നിവ ചേർത്ത് മിശ്രിതം ഇട്ട ശേഷം നടുക.
Share your comments