സുബാബുൾ നട്ടശേഷം 120-150 ദിവസം ആകുമ്പോൾ പൂവിടും. ആദ്യത്തെ വിളവെടുപ്പ് 5-6 മാസമാകുമ്പോൾ നടത്താം. തറയിൽ നിന്ന് 70-80 സെ.മീ. മുകളിൽ വച്ച് മുറിച്ചെടുക്കണം. പിന്നീട് എല്ലാ 50-60 ദിവസങ്ങളിലും വിളവെടുക്കാം. ഒരു ഹെക്ടറിൽ നിന്ന് 26 ടൺ കാലിത്തീറ്റ ഒരു കൊല്ലത്തിൽ ലഭിക്കും. നനവുള്ള സ്ഥലങ്ങളിൽ നിന്ന് 100 ടൺവരെ കാലിത്തീറ്റ ലഭിക്കും.
വെയിലത്ത് 4-6 മണിക്കൂർ വാട്ടുന്നത് നല്ലൊരളവിൽ വിഷാംശം കുറയ്ക്കാൻ സഹായിക്കും.
ഒരു രാത്രി മുഴുവൻ സുബാബുൾ വെള്ളത്തിൽ മുക്കിയെടുക്കുന്നതുമൂലം വിഷാംശം കുറയ്ക്കാവുന്നതാണ്.
സുബാബൂൾ നല്കുന്ന കാലികളുടെ തീറ്റയിൽ ഒരു ശതമാനം ഫെറസ് സൾഫേറ്റ് ചേർക്കുകയാണെങ്കിൽ ദോഷഫലങ്ങൾ കുറവായി കാണുന്നു. സൈലേജ് ഉണ്ടാക്കുകയാണെങ്കിൽ വിഷാംശത്തിന്റെ വീര്യം വളരെ കുറഞ്ഞു കിട്ടും.
നാടൻ കന്നുകാലികൾ, എരുമകൾ, പോത്തുകൾ, ആടുകൾ എന്നിവ മൈമോസിൻ വിഷബാധയ്ക്ക് പ്രതിരോധശേഷിയുള്ളവയാണ്. പീലിവാകയുടെ വിത്ത് കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലുള്ള ഫോഡർ ഗവേഷണകേന്ദ്രത്തിൽനിന്ന് ലഭ്യമാക്കുന്നതാണ്.
തമിഴ്നാട്ടിൽ കറവപ്പശുക്കളിൽ നടത്തിയ പരീക്ഷണത്തിൽ നിന്ന് 3 കിലോഗ്രാം സുബാബുൾ ഇല ദിവസവും നല്കിയാൽ 03 ലിറ്റർ പാൽ വർദ്ധിക്കുന്നതായി കാണുകയുണ്ടായി. പീലിവാകയുടെ ഇലകൾ വളരെ പോഷകമൂല്യമുള്ളതാണ്. 20-25 ശതമാനം അസംസ്കൃത മാംസ്യവും മൊത്ത ദഹ്യപോഷകങ്ങൾ 48-59 ശതമാനവും അടങ്ങിയിട്ടുണ്ട്.
ഇതിനു പുറമേ കരോട്ടിൻ ഒരു കിലോ ഗ്രാമിൽ 530 മി.ഗ്രാം എന്ന തോതിലും കാത്സ്യം 2.5 ശതമാനം എന്ന തോതിലും അടങ്ങിയിട്ടുണ്ട്. ഈ ചെടി എല്ലാ കന്നുകാലികളും തിന്നും എന്നു മാത്രമല്ല ഏതു കാലാവസ്ഥയിലും ഏതു മണ്ണിലും വളരും എന്ന പ്രത്യേകതകൂടിയുണ്ട്.
ഇലപൊഴിയുന്ന സ്വഭാവമില്ലാത്തതിനാൽ എല്ലാ സമയത്തും കന്നുകാലികൾക്കുള്ള തീറ്റ ലഭ്യമാക്കുവാൻ സാധിക്കുന്നു. ഇതിന്റെ ഇലകളും പൂവും കായ്കളും കന്നുകാലികൾക്ക് നല്ല ഭക്ഷണമാണ്. ഇതിൽ മൈമോസിൻ എന്ന ഒരു വിഷവസ്തു അടങ്ങിയിട്ടുണ്ട്.
കന്നുകാലികളുടെ ആഹാരത്തിൽ 30 ശതമാനംവരെ സുബാബുൾ കൊടുക്കുകയാണെങ്കിൽ വലിയ ദോഷഫലങ്ങൾ ഉളവാകുകയില്ല. അതായത് ഒരു ഭാഗം പീലിവാകം മൂന്നു ഭാഗം പച്ചപ്പുല്ലോ വൈക്കോലോ കലർത്തിവേണം നല്കുവാൻ. എന്നാൽ ആഹാരത്തിന്റെ അമ്പതു ശതമാനത്തിൽ കൂടുതൽ തുടർച്ചയായി ആറുമാസം നല്കുകയാണെങ്കിൽ വിഷബാധയുടെ ലക്ഷണങ്ങൾ കാണും.
വളർച്ച കുറവ്, ശരീരത്തൂക്കക്കുറവ്, വാലിൽ നിന്നും പിൻകഴുത്തിൽ നിന്നും രോമം കൊഴിയുക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ മുയൽ, പന്നി, കുതിര എന്നീ മൃഗങ്ങളിലാണ് കൂടുതൽ കാണുന്നത്. ഇതിനു കാരണം മൈമോസിൻ എന്ന അമൈനോ അമ്ലം മൂലം ഉണ്ടാകുന്ന കണ്ഠവീക്കം (ഗോയിറ്റർ) എന്ന രോഗമാണ്. മൈമോസിൻ ഇളംപ്രായത്തിലുള്ള ചെടിയിൽ 5-6 ശതമാനവും മൂത്തിയ ചെടിയുടെ ഭാഗങ്ങളിൽ 23 ശതമാനവും അടങ്ങിയിട്ടുണ്ട്.
Share your comments