വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ സ്ഥലമില്ലാത്ത സാഹചര്യത്തിൽ മട്ടുപ്പാവിലും പച്ചക്കറി കൃഷി ചെയ്യാൻ കഴിയും. ഈ പ്രശ്നം സാധാരണ ഉദിക്കുന്നത് പ്രധാനമായും നഗരങ്ങളിലാണ്. ടെറസിൽ കൃഷി ചെയ്യുമ്പോൾ സാധാരണ കാണാറുള്ളത് ഈർപ്പം കോൺക്രീറ്റ് സ്ലാബിൽ കൂടി വാർന്നിറങ്ങി താഴോട്ട് ഒലിക്കുന്നതാണ്. കാലക്രമേണ സ്ലാബിൽ ചോർച്ച ഉണ്ടാകുന്നു. ഇതാണ് ടെറസിൽ കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രധാന ദോഷം. ചോർച്ചയുണ്ടാകാത്ത വിധം സംവിധാനം ചെയ്‌ത് പച്ചക്കറി പല സ്ഥലങ്ങളിലും വിജയകരമായി കൃഷി ചെയ്തു വരുന്നു.
ടെറസിൽ കൃഷി ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അധികം ജലം മണ്ണിൽ ഒഴിക്കാതിരിക്കാനും ഒരു പക്ഷേ അധിക ജലം മണ്ണിൽ തങ്ങി നിന്നാൽ അവ വളരെ പെട്ടെന്ന് വാർന്ന് പുറത്തു പോകാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുകയുമാണ്.
ടെറസിൽ തടങ്ങൾ ഉണ്ടാക്കി മണ്ണും വളങ്ങളും നന്നായി കലർത്തി തടങ്ങൾക്കുള്ളിൽ നിക്ഷേപിച്ചാണ് പച്ചക്കറി കൃഷി ചെയ്യേണ്ടത്. ടെറസിന് ചുറ്റും നിർമിച്ചിട്ടുള്ള കൈവരിയോട് ചേർന്ന സ്ഥലം വേണം ഇതിനായി തിരഞ്ഞെടുക്കുന്നത്. 75 സെ.മീറ്റർ വീതിയിൽ വേണം തടം നിർമിക്കുവാൻ. തടത്തിന് ചുറ്റും 25 സെ.മീറ്റർ പൊക്കത്തിൽ ചുടുകല്ലോ ഉണക്ക തൊണ്ടോ അടുക്കണം. തൊണ്ട് ഉപയോഗിക്കുമ്പോൾ കമിഴ്ത്തി വേണം അവ അടുക്കാൻ. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ അഴുകിയ ചകിരിത്തൊണ്ടുകൾ നീക്കം ചെയ്ത ശേഷം പകരം പുതിയ തൊണ്ട് അടുക്കണം. ഇത്തരം തടങ്ങളിൽ രാസവളവും ചാരവും ഉപയോഗിക്കാറില്ല. കാരണം അവയ ലടങ്ങിയിരിക്കുന്ന രാസവസ്‌തുക്കൾ സിമൻ്റിനെ ദ്രവിപ്പിക്കാൻ കാരണമാകുന്നു. തന്മൂലം ടെറസിൽ ചോർച്ചയുണ്ടാകാൻ സാധ്യതകൾ കൂടുകയാണ്.
തടം നിറയ്ക്കുവാൻ പോട്ടിങ് മിശ്രിതം തയാറാക്കി ഉപയോഗിച്ചാൽ മതി. മണൽ, ചെമ്മണ്ണ്, പൊടിഞ്ഞ കാലിവളം എന്നിവ 1:11 എന്ന അനുപാതത്തിൽ നല്ലവണ്ണം കലർത്തി തടത്തിലിട്ട് നിറയ്ക്കണം. മണൽ മണ്ണാണ് ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ കൂടെ അത്രയും തന്നെ കാലിവളമോ കമ്പോസ്റ്റോ ചേർത്ത് തടത്തിലിടണം. പച്ചക്കറി കൃഷി ചെയ്യുമ്പോൾ വളമായി പ്രധാനമായും ഉപയോഗിക്കേണ്ടത് പൊടിഞ്ഞ കാലിവളം, വേപ്പിൻ പിണ്ണാക്ക്, നിലക്കടല പിണ്ണാക്ക് മുതലായ ജൈവവളങ്ങളാണ്.
ടെറസിൽ വളർത്താവുന്ന കായ്‌കറികളിൽ പ്രധാനം വെണ്ട, വഴുതന, ചീര, പയറ്, തക്കാളി, മുളക്, കൊത്തമര, പാവൽ, പടവലം മുതലായവയാണ്. വെണ്ടയും പയറും ഇടവിട്ടു നട്ടുകൊണ്ടിരുന്നാൽ എന്നും അവയിൽ നിന്നും കായ്‌കൾ കിട്ടുന്നതാണ്. മഴക്കാലം കഴിയുന്നതോടെ ചീരയും നട്ടു തുടങ്ങാം. വേനൽക്കാലത്തും ചീര ആവശ്യം പോലെ ടെറസിൽ നട്ടുവളർത്താം. പടവലവും പാവലും പടർന്നു വളരുന്ന സ്വഭാവമുള്ള പച്ചക്കറികളായതിനാൽ ഇവയ്ക്ക് വളരാൻ പന്തൽ ആവശ്യമാണ്. കമ്പികൾ ഉപയോഗിച്ച് ഇതിനു വേണ്ടി ടെറസിൽ സ്ഥിരം പന്തലുണ്ടാക്കി കൃഷി ചെയ്യാവുന്നതാണ്.
Share your comments