ടൈനോസ്പോറ കോർഡിഫോളിയ എന്ന ചിറ്റമൃത് തിരിച്ചറിഞ്ഞ് അവയിൽ നിന്നും വള്ളി ശേഖരിച്ച് നടുക. ഇളംതണ്ടിലും ഇലകളിലും വെള്ളരോമങ്ങളുള്ള കാട്ടമൃതിൻ്റെ വള്ളികൾ ഒരു കാരണവശാലും തെരഞ്ഞെടുക്കരുത്. ദൂരസ്ഥലങ്ങളിൽ നിന്നും പരസഹായത്തോടെ ശേഖരിക്കുന്ന വള്ളികളാണെങ്കിൽ ഇലകളോടൊപ്പം വള്ളി കണ്ട് ബോദ്ധ്യപ്പെട്ട ശേഷം മാത്രമേ വിത്തിനായി തണ്ട് സ്വീകരിക്കാവൂ.
വലിപ്പമുള്ള ഇലകൾ കാട്ടമൃതിന്റെ ലക്ഷണമാണ്. ഇലയുടെ കീഴ്ഭാഗത്തുള്ള വെള്ളരോമങ്ങളും കാട്ടമൃതിനെ തിരിച്ചറിയാൻ മതിയായ തെളിവുകളാണ്. പഴകിയ വേരിൽനിന്നും തൈകൾ പൊട്ടിമുളയ്ക്കാറുണ്ട്. അവ തൻമൂട്ടിൽ നിറുത്തി വളർത്തുന്നതാണ് അഭികാമ്യം.
വള്ളി തെരഞ്ഞെടുക്കൽ
വിത്ത് തെരഞ്ഞെടുക്കേണ്ട വള്ളികൾ ചുരുങ്ങിയത് 2 മീറ്റർ നീളത്തിൽ മരത്തിൽനിന്നും നിവർത്തെടുത്ത് 30 സെ. മീ. വ്യാസത്തിൽ ചുരുട്ടി മരത്തിൽത്തന്നെ ഒരു ചെറിയ നാരോ കയറോ കൊണ്ട് ചുരുട്ടിക്കെട്ടി വയ്ക്കുക. വള്ളികൾ തായ്ച്ചെടിയിൽ നിന്നും ഈ അവസരത്തിൽ മുറിക്കേണ്ട ആവശ്യമില്ല. ചുരുട്ടിയിടുന്ന വള്ളിയിലെ ഇലകൾ പൂർണമായും നുള്ളിക്കളയുക.
മേയ്‌മാസമാണ് വിത്തുവള്ളികൾ ശേഖരിക്കാൻ പറ്റിയ സമയം. പത്തുദിവസത്തിനുള്ളിൽ പത്രകക്ഷത്തിൽ നിന്നും ധാരാളം പുതുമുളകൾ വേഗതയിൽ വളരാൻ ആരംഭിക്കും, ചുരുങ്ങിയത് മൂന്നോ നാലോ മുട്ടുകളുള്ള 50 സെ. മീറ്ററിനുമേൽ നീളമുള്ള കഷണങ്ങളാണ് നടാൻ ഉപയോഗിക്കുന്നത്. 15 ദിവസങ്ങൾക്കു ശേഷം തായ്ച്ചെടിയിൽ നിന്നും ചുരുട്ടിയിട്ട വള്ളി മുറിച്ചുമാറ്റി നടാനായി അരമീറ്റർ നീളത്തിൽ മുറിക്കാം.
Share your comments