ഒരു മീറ്റർ സമചതുരത്തിനു മേൽ സ്ഥലം പുല്ല് മാറ്റി വൃത്തിയാക്കുക. ശേഷം അത്രയും സ്ഥലത്ത് നിന്ന് മേൽ മണ്ണ് വടിച്ച് കൂട്ടി കൂനയാക്കി മാറ്റി വയ്ക്കുക. വൃത്തിയാക്കിയ സ്ഥലത്തിന്റെ നടുവിൽ (നമ്മൾ നടാൻ ഉദ്ദേശിച്ച സ്ഥലം) രണ്ടടി ആഴത്തിലും ഒരടി വീതിയിലും കുഴിയെടുക്കുക.(വാഴക്കുഴി വലുപ്പം) മുൻപ് കൂട്ടി വച്ച മേൽ മണ്ണിൽ ചാണകപ്പൊടി ( ഉണ്ടെങ്കിൽ) മിക്സ് ചെയ്ത് കുഴിയിൽ നിറയ്ക്കുക.
കുഴി കുഴിച്ചപ്പോൾ കിട്ടിയ മണ്ണ് കുഴിക്ക് ചുറ്റും വൃത്താകൃതിയിൽ വിന്യസിച്ച് മുക്കാൽ മീറ്റർ റേഡിയസിൽ (വ്യാസാർദ്ധത്തിൽ) ചെറിയ തിണ്ട് / ബണ്ട് തീർക്കുക. ഇപ്പോൾ പൂർണ്ണമായും മൂടി കിടക്കുന്ന കുഴിയുടെ നടുവിൽ ഒരു തൂമ്പ (കൈക്കോട്ട് ) ആഴത്തിൽ മൃദുവായി ഒരു കുഴിയെടുക്കുക.
ഇനി തൈയുടെ കവർ ബ്ലേഡ് കൊണ്ട് വരഞ്ഞ് കുട് വിടർത്തി ഒഴിവാക്കുക. നേരത്തെ കുഴിച്ച കുഴിയിലേക്ക്, തയ്യുടെ വേരുപടലത്തെ പൊതിഞ്ഞ് നിൽക്കുന്ന മണ്ണ് ഒട്ടും ഇളകാതെ - പ്രപഞ്ചത്തിന്റെ സൃഷ്ടി താളത്തെയും മണ്ണിന്റെ മാതൃത്വത്തെയും സ്മരിച്ച് - തൈ കുഴിയിലേക്ക് വച്ച് നാല് പുറവും മണ്ണിട്ട് മുദുവായി അമർത്തുക.
( ചവിട്ടരുത് ) തൈയ്യുടെ ബഡ്ഡ് ചെയ്ത ഭാഗം മണ്ണിനടിയിലായിപ്പോവാതെ വേണം നടുവാൻ. ശേഷം കുറച്ച് ഇലകളും മറ്റും തൈയ്യുടെ ചുവട്ടിൽ വിരിക്കുന്നത് മഴയുടെ മർദ്ദനത്തിൽ നിന്നും തൈയ്യ് വേരാഴ്ത്തുന്ന മണ്ണിനെ രക്ഷിക്കുന്നതിന് സഹായിക്കും. ഒരു കാരണവശാലും തൈയുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാനിടയാക്കരുത് - വെള്ളത്തെ ഒഴിവാക്കി വിടുന്നതരത്തിൽമണ്ണിന്റെ വിതാനം ക്രമപ്പെടുത്തണം.
തുടർന്നുളള ദിവസങ്ങളിൽ ഇടക്കിടെ പ്ലാ/ മാവിനെ ഒന്ന് നോക്കണം.
Share your comments