ഗ്രാമ്പുവിന്റെ വിത്തു പാകാൻ ഏതു രീതിയിലുള്ള തവാരണകളാണ് നിർമിക്കേണ്ടത്
നല്ല തണലും നീർവാർച്ചയുമുള്ളതും വളക്കൂറുള്ളതുമായ സ്ഥലം വേണം വിത്തു പാകുന്നതിനു വേണ്ടി തവാരണ നിർമിക്കാൻ തിരഞ്ഞെടുക്കേണ്ടത്. ഒന്നേകാൽ മീറ്റർ വീതിയിലും 15 സെ.മീറ്റർ പൊക്കത്തിലും സൗകര്യമായ നീളത്തിലും തവാരണകൾ എടുക്കണം. വിത്തുകൾ 12-15 സെ.മീറ്റർ അകലത്തിലും 2-3 സെ.മീറ്റർ ആഴത്തിലും പാകണം. ദിവസവും നനയ്‌ക്കേണ്ടതാണ്. നനവു കൂടാനും ഉണക്കു ബാധിക്കാനും പാടില്ല. തൈകൾ 12-18 മാസം പ്രായമായാൽ അത് പറിച്ചുനടാം. അത്രയും കാലം തവാരണയിൽ തന്നെ സൂക്ഷിക്കാതെ ഇളക്കി പോളിത്തിൻ കൂടിനുള്ളിൽ പോട്ടിങ് മിശ്രിതം നിറച്ച് അതിൽ നടുന്ന രീതിയും പലരും സ്വീകരിച്ചു വരുന്നു.
പ്രധാന കൃഷിസ്ഥലത്ത് തൈകൾ നടുന്ന രീതി എങ്ങനെ
തവാരണയിൽ നിന്നും ഇളക്കി പ്രധാന കൃഷിസ്ഥലത്ത് നടുന്നതിനും ഒരു മാസം മുമ്പ് 6 മീറ്റർ വീതം വരികൾ തമ്മിലും ചെടികൾ തമ്മിലും അകലം നൽകി 45 സെ.മീറ്റർ വീതം നീളം, വീതി, താഴ്ച എന്ന അളവിൽ കുഴിയെടുത്ത് അതിൽ മേൽമണ്ണും കമ്പോസ്റ്റും കലർത്തി നിറയ്ക്കണം. 18 മാസം പ്രായമായ തൈകൾ മഴക്കാലത്ത് മേയ്-ജൂൺ, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടണം. നടാൻ തയാറാക്കിയിട്ടുള്ള കുഴികളുടെ മധ്യഭാഗത്തായി ചെറുകുഴി എടുത്ത് അതിനുള്ളിൽ തൈകൾ നടണം. വേനലിലും മഴയില്ലാത്തപ്പോഴും നനക്കേണ്ടതാണ്. ആവശ്യമെങ്കിൽ തൈകൾക്ക് തണൽ നൽകണം. വാഴ ഇടവിളയായി കൃഷി ചെയ്ത് അതിന്റെ തണൽ കൊടുത്താലും മതി.
തെങ്ങിൻതോപ്പിൽ ഇടവിളയായി വളർത്താൻ യോജിച്ച ഒരു വിളയാണ് ഗ്രാമ്പു.
പൂമൊട്ടുകൾ പറിച്ചെടുക്കുന്ന രീതി എങ്ങനെ
ഗ്രാമ്പു മൊട്ടുകൾക്ക് ചുവപ്പുനിറം ഉണ്ടാകുന്നതാണ് പറിക്കാൻ കാലമായി എന്നതിൻ്റെ ലക്ഷണം. ഓരോ പൂഞെട്ടും പ്രത്യേകം ഓരോന്നായി പറിച്ചെടുക്കണം. അതും പല പ്രാവശ്യമായി മാത്രമേ വിളവെടുക്കാൻ കഴിയുന്നുള്ളു. ഉണങ്ങിയ ഗ്രാമ്പുവിന്റെ ഗുണമേന്മ നിശ്ചയിക്കുന്നതിൽ പൂമൊട്ടിൻ്റെ മൂപ്പ് പ്രധാനമാണ്. വിപണിയിൽ വിടർന്ന പൂക്കൾക്ക് വില കുറവാണ്. മൂപ്പെത്താത്ത പൂമൊട്ടിന് ഗുണം വളരെ കുറയുകയും ചെയ്യുന്നു.
വെയിൽ കൊള്ളിച്ച് ഉണക്കിയെടുക്കുന്ന പൂമൊട്ടുകൾക്ക് നിറത്തിലുണ്ടാകുന്ന മാറ്റങ്ങൾ
പറിച്ചെടുത്ത പൂമൊട്ടുകൾ ഇലയും തണ്ടും വേർപെടുത്തി വൃത്തിയാക്കണം. അതിനു ശേഷം പായിലോ ചാക്കിലോ നിരത്തി വെയിൽ കൊള്ളിക്കുന്നു. ഒരാഴ്‌ച നല്ലവണ്ണം വെയിൽ കൊണ്ടു കഴിയുമ്പോൾ പൂമൊട്ടുകൾ പാകമാകുന്നു. വെയിൽ കൊള്ളിച്ചു ഉണക്കി കഴിയുമ്പോൾ തൂക്കം മൂന്നിലൊന്നായി കുറയുന്നു. ഉണക്കിക്കഴിഞ്ഞാൽ അവ ചാക്കിലാക്കണം. നല്ല പാകമെത്തിയ ഗ്രാമ്പുവിന് തിളക്കമുള്ള തവിട്ടു നിറവും ചെറിയ പരുപരുപ്പും കാണുന്നു. അതിൽ സാധാരണ ഉണങ്ങുമ്പോഴുണ്ടാകുന്ന ചുളിവുകൾ കാണുന്നില്ല. ഗ്രാമ്പൂ കറുത്തു പോയാൽ വില കുറയും,
Share your comments