വെറ്റിലക്കൊടി കൃഷിചെയ്യാൻ മണ്ണൊരുക്കുന്ന രീതി
10 മീറ്റർ മുതൽ 15 മീറ്റർ വരെ നീളവും 75 സെ: മീറ്റർ വീതം വീതിയും താഴ്‌ചയുമുള്ള ചാലുകൾ തുറക്കണം. രണ്ടു ചാലുകൾ തമ്മിൽ ഒരു മീറ്റർ അകലം നൽകണം. ഒരു ഹെക്റ്ററിൽ 20 - 25 ടൺ കാലിവളമോ കമ്പോസ്റ്റോ മേൽമണ്ണുമായി ചേർക്കണം.
തലപ്പുകൾ നടുന്ന രീതി
നേരത്തേ തയാറിക്കിയിട്ടുള്ള ചാലുകൾ നനച്ചശേഷം 20 സെ.മീറ്റർ അകലത്തിൽ തലപ്പുകൾ നടണം. നടുമ്പോൾ വള്ളിയിലുള്ള ഒരു മുട്ട് മണ്ണിനടിയിൽ വരത്തക്കവിധവും മറ്റുള്ളവ മണ്ണിനുമുകളിൽ വരത്തക്ക വിധവും വേണം നടാൻ, നട്ടതിനു ശേഷം വള്ളിയ്ക്ക് ചുറ്റുമുള്ള മണ്ണ് നല്ലവണ്ണം അമർത്തണം. ഇത് പെട്ടെന്നു മുളവരുന്നതിനു സഹായകമാണ്. നട്ടു കഴിഞ്ഞ് വള്ളിക്ക് തണൽ നൽകണം. തെങ്ങിന്റെ പച്ചഓല മുറിച്ച് തണൽ നൽകാൻ ഉപയോഗിക്കാം. വളർച്ചയുടെ ആദ്യഘട്ടത്തിൽ ചെടികളുടെ മേൽ വെള്ളം തളിച്ചു കൊടുക്കുന്നത് നല്ലതാണ്. മഴയില്ലെങ്കിൽ ദിവസവും നേരിയ തോതിൽ 4 തവണ ചെടികളെ നനച്ചു കൊടുക്കുന്നത് പെട്ടെന്ന് ചിനപ്പുകൾ പൊട്ടാനും ധാരാളം വേരുകൾ വളരാനും സഹായകമാണ്.
ജലസേചനം നടത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?
ഈർപ്പമുള്ള മണ്ണിൽ വെറ്റിലക്കൊടി നന്നായി വളരുമെങ്കിലും ഈർപ്പം അധികമാകാൻ പാടില്ല. ചാലുകളിൽ വെള്ളം അരമണിക്കൂറിൽ കൂടുതൽ കെട്ടി നിൽക്കാൻ അനുവദിക്കരുത്. ഏതെങ്കിലും സാഹചര്യത്തിൽ കൂടുതൽ വെള്ളം കെട്ടിനിൽക്കുന്നു എന്നു കണ്ടാൽ അവ വാർന്നു കളയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. രാവിലെയും വൈകുന്നേരവുമാണ് നനയ്ക്കാൻ അനുയോജ്യമായ സമയം.
കൊടിതാഴ്ത്തിക്കെട്ടലിന്റെ പ്രധാന ഉദ്ദേശം
വെറ്റിലക്കൊടി ഒരു വർഷം പ്രായമെത്തുന്നതോടെ മൂന്നുമീറ്ററോളം വളരുന്നു. അതോടെ ചെടിയിൽ വളരുന്ന ഇലകളുടെ വലിപ്പം കുറയുകയും ചെടിക്ക് വലിപ്പമുള്ള ഇല ഉൽപ്പാദിപ്പിക്കുവാനുള്ള കരുത്ത് നഷ്ടമാവുകയും ചെയ്യുന്നു. അതിനാൽ അത്തരം വള്ളികൾക്ക് പുതുജീവൻ നൽകുവാൻ വേണ്ടിയാണ് കൊടി താഴ്ത്തി തറ നിരപ്പിലേക്ക് കൊണ്ടു വരുന്നത്. വർഷത്തിൽ ഒരു തവണയെങ്കിലും ഇതു ചെയ്യണം.
കൊടി താഴ്ത്തിക്കെട്ടൽ എങ്ങനെയാണ് പ്രാവർത്തികമാക്കുന്നത്
ഇതിനായി ആദ്യം വേണ്ടത് വള്ളികളുടെ ചുവട്ടിൽ നിന്നും 15 സെ.മീറ്റർ ഉയരത്തിൽ ഉള്ള ഇലകൾ എല്ലാം നീക്കം ചെയ്യണം. ശേഷം വള്ളി പതുക്കെ താങ്ങു കമ്പിയിൽ നിന്നോ കയറിൽ നിന്നോ അഴിച്ചെടുക്കണം. അഴിച്ചെടുത്ത കൊടി ചുരുളുകളാക്കി മാറ്റുന്നു. ശേഷം അവ മണ്ണിൽ പാടെ ഇടുന്നു. അതിനു മുകളിലായി 5 സെ.മീറ്റർ കനത്തിൽ മണ്ണിട്ട് മൂടണം. അങ്ങനെ ചെയ്യുമ്പോൾ വള്ളിയുടെ അഗ്രഭാഗത്തുനിന്നും 2.5 - 5 സെ.മീറ്റർ നീളത്തിൽ ഒഴിവാക്കണം. ചെടി ഇങ്ങനെ താഴ്ത്തി കെട്ടുന്നതോടൊപ്പം തന്നെ കുറേശ്ശേ നനയ്ക്കുകയും വളം ചേർക്കുകയും വേണം.
Share your comments