വിത്തിഞ്ചി നട്ട് എട്ടു മാസം കഴിയുമ്പോൾ വിളവെടുപ്പ് നടത്താം . വിളവെടുക്കാറാകുമ്പോൾ ഇലകളിൽ മഞ്ഞനിറം പ്രത്യക്ഷപ്പെടുകയും അവ കരിയാൻ തുടങ്ങുകയും ചെയ്യും. വാരങ്ങൾ മൺവെട്ടി ഉപയോഗിച്ച് കിളച്ച് പ്രകന്ദങ്ങൾ ശേഖരിച്ച് അവയിലെ വേര്, മണ്ണ് തുടങ്ങിയവ നീക്കം ചെയ്യണം. പച്ച ഇഞ്ചിയായി ഉപയോഗിക്കുന്നതിന് 6-ാം മാസം വിളവെടുപ്പ് നടത്താം. ഇഞ്ചി വെള്ളത്തിൽ നന്നായി കഴുകിയ ശേഷം ഒരു ദിവസം വെയിലിൽ ഉണക്കണം.
ചുക്കുണ്ടാക്കുവാൻ ഇഞ്ചി എട്ടു മാസത്തിനു ശേഷമാണ് വിളവെടുക്കേണ്ടത്. വിളവെടുത്ത ഇഞ്ചി 6-7 മണിക്കൂർ വെള്ളത്തിൽ മുക്കിയിടണം. പ്രകന്ദങ്ങൾ കൈ കൊണ്ട് തമ്മിലുരസി അവയിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണം. ഇഞ്ചി വെള്ളത്തിൽ നിന്നെടുത്ത ശേഷം ചെറിയ കൂർത്ത മുളക്കഷണങ്ങൾ ഉപയോഗിച്ച് അവയുടെ പുറംതൊലി ചുരണ്ടി കളയാം. പുറംതൊലി കളഞ്ഞ പ്രകന്ദങ്ങൾ വീണ്ടും വെള്ളത്തിൽ കഴുകി ഒരാഴ്ച വെയിലിൽ ഉണക്കുന്നു. ഉണങ്ങിയ പ്രകന്ദങ്ങൾ വീണ്ടും കൈ കൊണ്ട് തമ്മിലുരസി വേർപ്പെടാത്ത തൊലിയും അവശിഷ്ടങ്ങളും നീക്കം ചെയ്യാം. ഇഞ്ചികൃഷി ചെയ്യുന്ന ഇനത്തേയും പ്രദേശത്തെയും ആസ്പദമാക്കി 19-20% ഉണക്കഇഞ്ചി പച്ചഇഞ്ചിയിൽ നിന്നും ലഭിക്കും.
നൂറ്റിയെഴുപത് ദിവസത്തിനു ശേഷം വിളവെടുത്ത പച്ച ഇഞ്ചി ഉപയോഗിച്ച് ഉപ്പിലിട്ട ഇഞ്ചി ഉത്പാദിപ്പിക്കാം. വിളവെടുത്ത മുഴുവൻ മൂപ്പെത്താത്ത പ്രകന്ദങ്ങൾ വെള്ളത്തിൽ കഴുകി ഉപ്പുലായനിയും (30%) സിട്രിക് ആസിഡും (1%) ചേർന്ന ലായനിയിൽ സൂക്ഷിക്കുന്നു. 14 ദിവസങ്ങൾക്കുശേഷം ഉപ്പുലായനിയിൽനിന്നെടുത്ത് ഉപയോഗിക്കുകയോ അഥവാ റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയോ ചെയ്യാം.
Share your comments