മരച്ചീനിയുടെ പ്രധാന നടിൽ സമയം എപ്പോഴാണ്
നടീൽ സമയം തെക്കു പടിഞ്ഞാറൻ മൺസൂൺ ആരംഭത്തിൽ ഏപ്രിൽ - മേയ് മാസത്തിലോ വടക്കുകിഴക്കൻ മൺസൂൺ ആരംഭത്തിൽ സെപ്റ്റംബർ - ഒക്ടോബർ മാസത്തിലോ ആണ് പ്രധാനമായും മരച്ചീനി നടുന്നത്. ഏറ്റവും കൂടുതൽ കിഴങ്ങു ലഭിക്കുന്നത് ഏപ്രിൽ - മേയ് മാസത്തിൽ നടുന്ന മരച്ചീനിയിൽ നിന്നുമാണ്. കാരണം അപ്പോൾ നടുന്ന മരച്ചീനിക്ക് രണ്ടു സീസണിലേയും മഴ പ്രയോജനപ്പെടുത്താൻ കഴിയുന്നു.
മരച്ചീനിക്കമ്പുകൾ നടുന്ന രീതി എങ്ങനെ
വരമ്പുകൾ കോരിയോ കൂന കൂട്ടിയോ ആണ് കമ്പുകൾ സാധാരണ നടാറുള്ളത്. നടുമ്പോൾ കൂനകൾ തമ്മിൽ 90 x 90 സെ മീറ്റർ അകലം നൽകണം. കമ്പ് 4-6 സെ: മീറ്റർ ആഴത്തിൽ നടണം. എം.4 പോലുള്ള ശാഖകളില്ലാത്ത ഇനങ്ങളാണ് നടാൻ ഉപയോഗിക്കുന്നതെങ്കിൽ അകലം 75 x 75 സെ: മീറ്റർ നൽകിയാൽ മതി. നട്ട് രണ്ടാഴ്ച്‌ചയ്ക്കു ശേഷം മുളയ്ക്കാത്ത കമ്പുകൾ നീക്കം ചെയ്ത ശേഷം പകരം പുതിയ കമ്പു നടണം. ഇവയ്ക്ക് 40 സെ. മീറ്റർ വരെ നീളമാകാം.
മരച്ചീനിയുടെ നടീൽ വസ്‌തുവായി ഉപയോഗിക്കുന്നതെന്താണ്? അവ തിരഞ്ഞെടുക്കുന്ന രീതി എങ്ങനെ
തണ്ടുകളാണ് മരച്ചീനിയുടെ നടീൽ വസ്‌തു. വിളവെടുപ്പു കഴിഞ്ഞ ശേഷം ആരോഗ്യമുള്ളതും രോഗവിമുക്തവുമായ തണ്ടുകൾ തിരഞെഞ്ഞെടുത്ത് തണലുള്ള സ്ഥലത്ത് കുത്തനെ ചാരി നിർത്തണം. ഈ തണ്ടുകളുടെ തലപ്പ് 30 സെ.മീറ്റർ നീളത്തിലും മൂട്ടിൽ നിന്നും 10 സെ. മീറ്റർ നീളത്തിലും മുറിച്ചു മാറ്റണം. ശേഷം മൂർച്ചയുള്ള കത്തി ഉപയോഗിച്ച് 15-20 സെ.മീറ്റർ നീളത്തിൽ കമ്പുകളാക്കി മുറിക്കണം. ഒരു ഹെക്റ്റർ പ്രദേശത്തു നടാൻ ഇത്തരം 2000 കമ്പുകൾ വേണ്ടി വരുന്നു.
Share your comments