കൃഷി ചെയ്യുവാൻ സ്ഥലപരിമിതി നേരിടുന്നവർക്ക് മട്ടുപ്പാവിൽ കൃഷി ചെയ്ത് മികച്ച വിളവ് നേടാവുന്നതാണ്. മട്ടുപ്പാവിൽ കൃഷി ചെയ്യുമ്പോൾ ചാക്കുകളിലോ ഗ്രോബാഗുകളിലോ കൃഷി ചെയ്തു മികച്ച വിളവ് നേടാവുന്നതാണ്. ചാക്കുകളും ഗ്രോബാഗുകളും ഇല്ലെങ്കിൽ വിഷമിക്കേണ്ട സ്ഥിതി ഇല്ല. പഴയ ടയർ, പൊട്ടിയ ബക്കറ്റ്, ഉപയോഗ ശൂന്യമായ വലിയ പാത്രങ്ങൾ തുടങ്ങിയവയെല്ലാം കൃഷിക്കു വേണ്ടി ഉപയോഗപ്പെടുത്താം.
മട്ടുപ്പാവ് കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മട്ടുപ്പാവുതോട്ടത്തിൽ നടീൽ മാധ്യമത്തിന് നല്ല ശ്രദ്ധ നൽകണം. മണ്ണ് കുമ്മായമിട്ട് ഒരു മാസം പരുവപ്പെടുത്തിയ ശേഷം, പച്ചച്ചാണകം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചകിരിച്ചോറ് എന്നിവ ചേർത്ത് പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കാം. ദീർഘകാല വിളകൾ വർഷത്തിലൊരിക്കലും സീസണൽ വിളകൾ 4 മാസത്തിലൊരിക്കലും റീപോട്ട് ചെയ്യണം.
നടീൽ മാധ്യമത്തിനായി മണ്ണ് പരുവപ്പെടുത്തുമ്പോൾ തന്നെ വിത്ത് പാകാനുള്ള കൂട്ട് ചകിരിച്ചോറ്, മണ്ണിരക്കമ്പോസ്റ്റ് ചാണകപ്പൊടി എന്നിവ ചേർത്ത് തയ്യാറാക്കണം. ഇതിൽ വിത്ത് പാകി ഒരു മാസം കഴിഞ്ഞ് നടീൽ മാധ്യമം തയ്യാറാകുമ്പോൾ നടാനുള്ള തൈയും തയ്യാറാകും.
പാവൽ, പടവലം എന്നിവ നടുന്നതിന് ബേസിനുകളാണ് അനുയോജ്യം. വേർ പടർന്ന് നല്ല വിളവ് ലഭിക്കാൻ സഹായിക്കും
പാവൽ പന്തലിൽ കയറുന്നതുവരെ വള്ളിയിലെ ഇലകൾ വെട്ടി മാറ്റി, വള്ളി മാത്രം കയറാൻ അനുവദിക്കണം, പന്തലിൽ ഇല വിരിച്ച് പടർന്നു കഴിഞ്ഞാൽ തലപ്പ് നുള്ളി നന്നായി വട്ടം ചെയ്യുന്നത് കായ്ഫലം കൂട്ടാൻ സഹായിക്കും. പച്ചക്കറി വിളകളുടെ താഴത്തെ ഇല മണ്ണിൽ മുട്ടിക്കിടക്കരുത്. മണ്ണ് വഴിയുള്ള രോഗങ്ങൾ ചെടിയിലേക്ക് പകരാതിരിക്കാനാണിത്. .
പടരുന്ന വിളകൾക്ക് ടെറസിന്റെ സൺഷെയ്ഡിന് അരികിലായി ജി.ഐ പൈപ്പുകൾ നാട്ടി പടരാൻ സൗകര്യമൊരുക്കാം.
കായ് പിടിക്കുന്നതുവരെ ആഴ്ചയിൽ ഒരു പ്രാവശ്യവും കായ വന്നു കഴിഞ്ഞാൽ രണ്ടും മൂന്നും പ്രാവശ്യവും വളം നൽകാം.
ബയോഗ്യാസ് സ്ലറി, പച്ചച്ചാണകവും കടലപ്പിണ്ണാക്കും, ശർക്കര ചേർത്ത് പുളിപ്പിച്ചത്, ഉള്ളിത്തോടോ, കടലപ്പിണ്ണാക്കോ ചേർത്ത് പുളിപ്പിച്ച കഞ്ഞിവെള്ളം, ഗോമൂത്രം , ഫിഷ് അമിനോ ആസിഡ് എന്നിവ മികച്ച ജൈവവളങ്ങളാണ്. ഇവയെല്ലാം നന്നായി നേർപ്പിച്ചു വേണം മണ്ണിൽ ചേർക്കേണ്ടത്.
ഫിഷ് അമിനോ ഇലകളിൽ തളിക്കാൻ പാടില്ല. സ്പ്രയർ ഉപയോഗിച്ച് ചെയ്ത് കൊടുക്കണം.
ചുവട്ടിലൊഴിക്കാൻ ഒരു കപ്പ് ഫിഷ് അമിനോയ്ക്ക് 30 കപ്പ് വെള്ളം ചേർക്കണം. സ്പ്രേ ചെയ്യാൻ ഒരു കപ്പിന് 35 കപ്പ് വെള്ളം ചേർത്ത് അരിച്ചെടുക്കണം.
എഗ്ഗ് അമിനോ ചുവട്ടിൽ ഒഴിക്കാനേ പാടില്ല. നേർപ്പിച്ച സ്പ്രേ ചെയ്താൽ പൂക്കളും കായ്ഫലവും കൂടും.
പച്ചക്കറി അവശിഷ്ടം നുറുക്കിയത് ബയോഗ്യാസ് സ്ലറിയിലോ, കഞ്ഞി വെള്ളത്തിലോ ശർക്കര ചേർത്ത് പുളിപ്പിക്കും. 2-3 ദിവസം കഴിഞ്ഞ് അരിച്ചെടുത്ത് നേർപ്പിച്ച് ചുവട്ടിലൊഴിക്കാം. ഇത് ചായ അരിപ്പിൽ അരിച്ചെടുത്ത് ചെടികൾക്ക് ചെയ്യും.
പൂക്കളൊക്കെ വന്നു തുടങ്ങുമ്പോൾ പുളിച്ച തൈര്, എഗ് അമിനോ എന്നിവ തളിച്ച് കൊടുക്കുന്നത് പൂക്കളുടെ എണ്ണം വർദ്ധിപ്പിക്കും.
നേർപ്പിച്ച വെളുത്തുള്ളി കാന്താരി മുളക് മിശ്രിതം, ഫിഷ് അമിനോ, ഗോമൂത്രം പ തുടങ്ങിയ ജൈവകീടനാശിനികൾ തളിക്കുന്നതിനും മട്ടുപ്പാവു തോട്ടത്തിന്റെ അരികുകളിൽ ചുറ്റും ബന്ദിപ്പൂക്കൾ നട്ടുപിടിപ്പിക്കുന്നതും കീടാക്രമണം തടയും.
സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇടയ്ക്കിടെ ചെടികളുടെ ചുവട്ടിൽ നൽകാം.
ശർക്കരയും 5-6 ദിവസം പുളിപ്പിച്ച് ചേർക്കുന്നത് പച്ചമുളകിന്റെ കായ്ഫലം കൂട്ടും.
പയറിന്റെ മുഞ്ഞശല്യം ഒഴിവാക്കാൻ 2-3 ഇലപരുവം കഴിയുമ്പോൾ പുളിച്ച കഞ്ഞിവെള്ളത്തിൽ ചാരം കലക്കി ചുവട്ടിൽ ഒഴിച്ചുകൊടുക്കും, ഇലകളിൽ തളിച്ചുകൊടുക്കും. വളർന്നു മുകളിൽ കയറുന്നതുവരെ ഇത് തുടരും. തുടർന്നുള്ള ഫിഷ് അമിനോ, ഗോമൂത്ര എന്നിവ മുഞ്ഞയെ തുരുത്തും.
മട്ടുപ്പാവ് കേടാകാതിരിക്കാൻ ടെറസ് പരിപാലനം അത്യാവശ്യമാണ്. ആദ്യം ടെറസ് വാക്വം ക്ലീനർ കൊണ്ട് നല്ലവണ്ണം വൃത്തിയാക്കണം. ശേഷം ഡോക്ടർ ഫിക്സിറ്റ് അടിക്കണം, ശേഷം ഒരു ലിറ്റർ ഡോക്ടർ ഫിക്സിറ്റിന് ഒരു കിലോ വൈറ്റ് സിമിന്റ് എന്ന തോതിൽ ചേർത്ത് തറയിലടിച്ചാൽ ടെറസ് പായൽ പിടിച്ച് കേടാകില്ല.
മട്ടുപ്പാവിൽ അനായാസം മാറ്റിവയ്ക്കാവുന്ന സ്റ്റാന്റുകൾ തയ്യാറാക്കാം. ഇതിനായി ഒരടി പൊക്കവും അരയടി വീതിയുമുള്ള സ്റ്റൂൾ പോലുള്ള മൂന്ന് സ്റ്റാന്റുകൾ താങ്ങായി വച്ച് അതിൽ 20 അടി നീളമുള്ള രണ്ടു ജി.ഐ പൈപ്പുകൾ കുറുകെ മാറ്റി ഓട് നിരത്തി ചട്ടികൾ/ഗ്രോബാഗുകൾ വയ്ക്കാം. ഇങ്ങനെ 20 ചട്ടികൾ ഒരു സ്റ്റാന്റിൽ വയ്ക്കാം. ഇത്തരം ഒരു സ്റ്റാന്റ് നിർമിക്കാൻ 700 രൂപയേ ചെലവു വരികയുള്ളു.
പയർ തത്തകൾ കൊത്താതിരിക്കാൻ ആദ്യഘട്ടങ്ങളിൽ കവർ കൊണ്ടു മൂടണം. പിന്നെ വരുന്ന കായ്കൾക്ക് തത്തകളുടെ ശല്യം ഉണ്ടാകില്ല. പാവലിന് കായീച്ച ശല്യം ഒഴിവാക്കാൻ പേപ്പർ പൊതികൾ ഇട്ടുകൊടുക്കാം. പടവലം നേരെ വളരാൻ അറ്റത്ത് കല്ല് കെട്ടിത്തൂക്കിയിടണം.
ഒരു ചെടിക്ക് ആവശ്യമായ വെള്ളം മാത്രം ഒഴിക്കുക, കണ്ടയ്നറുകളിൽ നിന്നും ലീക്ക് ചെയ്ത് ടെറസിൽ വീഴാൻ പാടില്ല.
Share your comments