വേനലിനെ ഏറക്കുറെ ചെറുത്തുനില്‍ക്കാന്‍ കഴിവുള്ള ഒരു വിളയാണ് റബ്ബര്‍. എങ്കിലും ഏകദേശം അഞ്ചാറുമാസം നീണ്ടുനില്‍ക്കുന്ന ചൂടില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ കുറച്ചുകാര്യങ്ങള്‍ കര്‍ഷകരും ചെയ്യേണ്ടതുണ്ട്. ഇവയെല്ലാം ഉണക്കു തുടങ്ങുന്നതിനു മുന്നേ ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദം.
പുതയിടീല്‍
വേനല്‍ക്കാലസംരക്ഷണ നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുതയിടീല്‍. പല കര്‍ഷകരും വേനല്‍ കടുത്ത്, മണ്ണുണങ്ങിയശേഷമാണ് പുതയിടുന്നത്. ഇത് വേണ്ടത്ര പ്രയോജനം ചെയ്യില്ല. മണ്ണില്‍ നല്ല ഈര്‍പ്പമുള്ളപ്പോള്‍ത്തന്നെ പുതയിട്ടാല്‍ ഈ ഈര്‍പ്പം പരമാവധി സംരക്ഷിക്കപ്പെടും. പുതയിട്ട മണ്ണില്‍ സൂര്യപ്രകാശം നേരിട്ടു പതിക്കാത്തതിനാല്‍ ദീര്‍ഘകാലത്തേക്ക് മണ്ണുണങ്ങാതെ ജലാംശം തൈകള്‍ക്ക് കിട്ടുകയും ചെയ്യും.
പുതയിടുന്നതിനു മുന്നേ തൈകളുടെ ചുവട്ടിലെ കളകള്‍ നീക്കി മണ്ണ് ചെറുതായിട്ടൊന്ന് ഇളക്കുന്നത് നല്ലതാണ്. തൈയുടെ വേരിനു ക്ഷതമേല്‍ക്കാത്ത രീതിയില്‍വേണം മണ്ണിളക്കാന്‍. ഒരു മുപ്പല്ലി (ഫോര്‍ക്ക്) ഉപയോഗിച്ച് 4-5 cms ആഴത്തില്‍ ചെറുതായി മേല്‍മണ്ണ് ഒന്നു പൊട്ടിച്ചുകൊടുത്താല്‍മതി. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മണ്ണിലെ സൂക്ഷ്മരന്ധ്രങ്ങള്‍ വഴി വെള്ളം മണ്ണിനുമുകളിലെത്തി നീരാവിയായിപോകുന്നത് തടയാന്‍ കഴിയുന്നു. മാത്രമല്ല, ഇടയ്ക്കു കിട്ടാറുള്ള വേനല്‍മഴയില്‍ പരമാവധിവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിനും ഈ മണ്ണിളക്കല്‍ സഹായിക്കുന്നു.
പുതയിടേണ്ടത് എങ്ങനെ?
തൈകള്‍ക്കുചുറ്റും ഒന്നുമുതല്‍ ഒന്നര വരെ മീറ്റര്‍ ചുറ്റളവിലാണ് പുതയിടേണ്ടത്. തണ്ടില്‍നിന്നും 5-8 cms വിട്ടു വേണം പുതയിടാന്‍. നന്നായി ഉണങ്ങിയ ജൈവവസ്തുക്കളാണ് പുതിയിടാന്‍ ഉത്തമം. തോട്ടത്തില്‍നിന്നു നീക്കംചെയ്യുന്ന കളകള്‍, ചപ്പുചവറുകള്‍, കരിയില, ചകിരിത്തൊണ്ട്, ചകിരിച്ചോറ്, വൈക്കോല്‍, ആവരണവിളയുടെ വള്ളികള്‍ തുടങ്ങിയവ പുതയിടാനായി ഉപയോഗിക്കാവുന്നതാണ്. പച്ചിലകളും വള്ളിച്ചെടികളും വെട്ടി, രണ്ടോമൂന്നോദിവസം തോട്ടത്തില്‍തന്നെയിട്ട് ഉണക്കിയശേഷം വേണം തൈകളുടെ ചുവട്ടില്‍വെക്കാന്‍. പച്ചിലകള്‍ അഴുകുമ്പോളുണ്ടാകുന്ന ചൂടേറ്റ് തൈത്തണ്ടിന് കേടുപറ്റാതിരിക്കാനാണ് ഇങ്ങനെ ഉണക്കുന്നത്.
വെള്ള പൂശല്‍
ചെറുതൈകള്‍ വളര്‍ന്ന് ഇലകള്‍വന്നു മൂടുന്നതുവരെ തണ്ടില്‍ വെയിലടിക്കാത്ത വിധം തായ്ത്തടിയില്‍ വെള്ള പൂശണം. സൂര്യപ്രകാശത്തില്‍നിന്നുള്ള ചൂട് വെളുത്ത പ്രതലത്തില്‍ തട്ടുമ്പോള്‍ ആഗിരണം ചെയ്യപ്പെടാതെ പ്രതിഫലിച്ചുപോകുന്നു. പച്ചനിറം മാറി ബ്രൗണ്‍നിറമായിട്ടുള്ള ഭാഗങ്ങളില്‍ വെള്ളപൂശാം. നല്ല നീറ്റുകക്ക ചൂടുവെള്ളമൊഴിച്ച്. നീറ്റിയെടുത്താല്‍ കിട്ടുന്ന ചുണ്ണാമ്പുപയോഗിച്ചുവേണം വെള്ളപൂശാന്‍. ചുണ്ണാമ്പില്‍ കുറച്ചു കഞ്ഞിവെള്ളമോ പശയോ (കാര്‍ഷികാവശ്യത്തിനുപയോഗിക്കുന്നത് ) ചേര്‍ത്തടിച്ചാല്‍, ഇടയ്ക്കു കിട്ടാറുള്ള വേനല്‍മഴയില്‍ വെള്ളപൂശിയത് ഒലിച്ചുപോകാതിരിക്കും. വെള്ള പൂശാനുപയോഗിക്കുന്ന ചുണ്ണാമ്പില്‍ തുരിശു ചേര്‍ക്കരുത്. .
Share your comments