മിക്ക വീടുകളിലും വീട്ടുവളപ്പിലും മറ്റുമായി കുറച്ചു സ്ഥലമെങ്കിലും കാണും. ആറോ ഏഴോ സെൻറ് സ്ഥലം ഉണ്ടെങ്കിൽ വീട്ടാവശ്യങ്ങൾക്കായുള്ള പച്ചക്കറികളും പഴങ്ങളും നല്ല രീതിയിൽ തന്നെ കൃഷി ചെയ്‌ത് വിളവെടുക്കാം. എന്നാൽ വീട്ടുവളപ്പിൽ കൃഷി ഒരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. അതിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
കൃഷിയിടം സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലമായിരിക്കണം. പല വീട്ടുവളപ്പിലും ഇത് മരത്തണലുകളും പിന്നെ ശരിയായ രീതിയിൽ ആസൂത്രണം ചെയ്യാത്തതുകൊണ്ട് ഉണ്ടായ അവസ്ഥയുമാണ്. ഏറ്റവും ചുരുങ്ങിയത് അരനേരമെങ്കിലും വെയില്‍ ലഭിക്കുന്ന സ്ഥലങ്ങളാണ് പഴം, പച്ചക്കറികള്‍, എന്നിവയ്ക്ക് ഉത്തമം. ഇഞ്ചി, മഞ്ഞള്‍ പോലുള്ളവയും ചേമ്പ്, കാച്ചില്‍ പോലുള്ള കിഴങ്ങുവര്‍ഗ്ഗങ്ങളും തണലിലും നിലനില്‍ക്കും. സൂര്യപ്രകാശം പോലെ തന്നെ ആവശ്യത്തിനുള്ള വെള്ളവും വളവും കൂടി ലഭ്യമാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങു വിളകളുടെ നടീല് കാലവും അനുവര്ത്തിക്കേണ്ട കൃഷിരീതിയും
പിന്നീട് ഏതൊക്കെ വിളകള്‍ കൃഷി ചെയ്യണം എന്ന് തീരുമാനിക്കുന്നതാണ്. നിത്യേന നമുക്ക് ആവശ്യമുള്ള പഴങ്ങളും, പച്ചക്കറികളും നിര്‍ബന്ധമായും വീട്ടുവളപ്പില്‍ കൃഷിചെയ്യണം. നിത്യേന വേണ്ട രണ്ട് പ്രധാന ഭക്ഷ്യ ഉല്പന്നങ്ങളാണ് പച്ചമുളകും കറിവേപ്പിലയും. ഇതുരണ്ടും അടുക്കളയില്‍ നിന്നും പോകുന്ന വെള്ളം കിട്ടുന്ന ഭാഗത്ത് നടാവുന്നതാണ്. മഴക്കാലത്ത് നടണമെങ്കില്‍ പച്ചമുളക്, വഴുതന തൈകള്‍ ഏപ്രില്‍-മെയ് മാസത്തില്‍ പാകി തൈ തയ്യാറാക്കാം. പച്ചമുളകിലും വഴുതനയിലും വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇത് നമ്മുടെ താൽപ്പര്യം അനുസരിച്ച് നട്ടുകൊടുക്കാം.
ഇരുമ്പന്‍ പുളി മരം, ഒരു പ്ലാവ്, മാവ് എന്നിവ പറമ്പില്‍ സൂര്യപ്രകാശത്തിന്‍റെ ലഭ്യതയ്ക്കനുസരിച്ച് വിഭാവനം ചെയ്യാം. പപ്പായ മരങ്ങള്‍ പല ഘട്ടങ്ങളിലുള്ളവ വെള്ളം ലഭ്യമായ സ്ഥലങ്ങളില്‍ 5-10 എണ്ണം ഉണ്ടാകുന്നത് നല്ലതാണ്. കൂടുതല്‍ ഫലഭൂയിഷ്ടമായ സ്ഥലങ്ങളില്‍ മഴ പെയ്യുന്നതോടെ, പയര്‍, വെണ്ട എന്നിവയും കൃഷി ചെയ്യാം. തുടര്‍ന്ന് പന്തല്‍ സൗകര്യം തയ്യാറാക്കിയാല്‍ പാവല്‍, പടവലം എന്നിവയും ചുരയ്ക്ക, പീച്ചിങ്ങ പോലുള്ളവയും കൃഷി ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ: മാവ്, പ്ലാവ്, സപ്പോട്ട, റംബൂട്ടാൻ തുടങ്ങി എല്ലാം ഫലവൃക്ഷങ്ങളും പെട്ടെന്ന് പൂക്കും തടത്തിൽ ഉപ്പു വിതറിയാൽ
വീടിനോട് ചേര്‍ന്ന് തണല്‍ ആവശ്യമുള്ള സ്ഥലത്ത് ഒരു കോവലിന്‍റെ പന്തല്‍ തയ്യാറാക്കാം. ഇത് ദീര്‍ഘകാല വിളയായതിനാല്‍ അന്യസംസ്ഥാന പച്ചക്കറികളെ ആശ്രയിക്കാതെ അടുക്കള വിഭവസമൃദ്ധമാക്കുവാന്‍ സാധിക്കും. സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ ശീതകാല വിളകളായ കാബേജ്, കോളിഫ്ളവര്‍, ബീറ്റ്റൂട്ട്, ക്യാരറ്റ്, മല്ലിയില, പുതിന ഇല എന്നിവ ഗ്രോബാഗുകളില്‍ കൃഷി ചെയ്യാം. അതിര്‍ത്തികളില്‍ ഇലക്കറി വര്‍ഗ്ഗങ്ങളായ വിവിധ ഇനം ചീരകള്‍ കൃഷി ചെയ്യാവുന്നതാണ്. ചുവന്ന ചീര മാത്രം മഴക്കാലത്ത് ഒഴിവാക്കുന്നതാണ് അഭികാമ്യം.
പച്ചക്കറികളോടൊപ്പം തന്നെ പഴവര്‍ഗ്ഗങ്ങളും ആസൂത്രണം ചെയ്യാം, പ്രധാനമായും വാഴപ്പഴം. ഓണം കണക്കാക്കി ഒക്ടോബര്‍ മാസത്തില്‍ വാഴക്കന്ന് നടാം. ഇത് നേന്ത്രനാണ് നടേണ്ടത്. രണ്ട് വാഴക്കന്നുകള്‍ നേന്ത്രന്‍ നട്ടുകഴിഞ്ഞാല്‍ പിറ്റേ മാസം (നവംബറില്‍) 2 കന്ന് ഞാലിപ്പൂവന്‍ നടാം. തുടര്‍ന്നുള്ള മാസങ്ങളില്‍ 2 കന്ന് വീതം റോബസ്റ്റ, പാളയംകോടന്‍, പൂവന്‍, ചാരപ്പൂവന്‍, കദളി, ചെങ്കദളി, കാവേരി, സാന്‍സിബാര്‍, പോപ്പ്ലു തുടങ്ങി സ്വാദിലും രൂപത്തിലും വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ നടാം. അങ്ങനെ നടുമ്പോല്‍ ആദ്യം നട്ട കന്ന് 10-ാം മാസം കുല സമ്മാനിക്കുമ്പോള്‍ തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും വീട്ടുവളപ്പില്‍ നിന്നും വൈവിധ്യമാര്‍ന്ന വാഴക്കുലകള്‍ ലഭ്യമാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പാഷന്‍ ഫ്രൂട്ട് വളർത്താം ആരോഗ്യത്തിനും ആദായത്തിനും
വാഴപ്പഴങ്ങള്‍ പഴമായി ഉപയോഗിക്കുമ്പോള്‍ വാഴപ്പിണ്ടി, വാഴച്ചുണ്ട് തുടങ്ങിയ വൈവിധ്യമാര്‍ന്ന പച്ചക്കറികള്‍ വേറെയും നമുക്ക് ലഭ്യമാക്കാം. ഇങ്ങനെ നടുമ്പോള്‍ 12 മാസത്തിലായി വിവിധ ഇനങ്ങളുടെ രണ്ട് വാഴത്തൈ എന്ന കണക്കില്‍ 24 വാഴയാണ് വീട്ടുവളപ്പില്‍ ഉണ്ടാവുന്നത്. ഇത്രയും വാഴയ്ക്ക് നിലനില്‍ക്കാന്‍ 2.5 സെന്‍റ് സ്ഥലം ധാരാളം മതി.
മേല്‍പ്പറഞ്ഞ കൃഷികള്‍ക്ക് വളമായി ബയോഗ്യാസ് പ്ലാന്‍റുള്ളവര്‍ ബയോഗ്യാസ് സ്ലറി വെള്ളം ചേര്‍ത്ത് ഒഴിച്ചുകൊടുക്കാം. കൂടാതെ കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി ചേര്‍ത്ത് പുളിപ്പിച്ച് വെള്ളം ചേര്‍ത്ത് കടയില്‍ ഒഴിച്ചുകൊടുക്കാം. കാര്യമായ രാസവളപ്രയോഗമോ, മറ്റു രാസവസ്തുക്കളുടെ ഉപയോഗമോ ഇത്തരം കൃഷിക്ക് ആവശ്യമില്ല.
Share your comments