തിപ്പലിയുടെ കൃഷി തികച്ചും ലളിതമാണ്, നട്ട് അഞ്ചാറുമാസത്തിനകം വിളവെടുപ്പു തുടങ്ങാം. കുരുമുളകിനേപ്പോലെ തന്നെ ഇതൊരു ബഹുവർഷി സസ്യമാണ്. ആണ്ടുതോറുമുള്ള ആവർത്തനകൃഷി ആവശ്യമില്ല; ദീർഘകാലം നിലനിന്ന് വിളവുതരും. വിളവെടുപ്പുരീതി ലളിതമാണ്, തിപ്പലി നിലത്തും പടർത്തിവളർത്താമെന്നതിനാൽ വിളവെടുപ്പ് അനായാസം നടത്താം. പരിമിത സൂര്യപ്രകാശത്തിലും നന്നായി വളരുന്ന ഇത് മറ്റു പല കൃഷികൾക്കും ഇടവിളയായും വളർത്താനാകും.
നല്ല വിളവു ലഭിക്കും
കുരുമുളകിന്റെ കുടുംബമായ പൈപ്പറേസി കുടുംബത്തിൽപ്പെടുന്ന തിപ്പലിയുടെ ശാസ്ത്രനാമം പെപ്പർ ലോങ്ങം എന്നാണ്. ആകൃതി പ്രകൃതികളിലെല്ലാം കുരുമുളകു ചെടിയുമായി ഇതിനു വളരെ സാമ്യമുണ്ട്. പക്ഷേ, കുരുമുളകു ചെടിയെ അപേക്ഷിച്ച് ശുഷ്ക ഗാത്രനാണെന്നുമാത്രം.
കുരുമുളകുപോലെ താങ്ങുകാലുകളിൽ കയറ്റം കൊടുത്തു വളർത്തിയാൽ തിപ്പലിയിൽനിന്നു നല്ല വിളവു ലഭിക്കും. ചെടിയിൽ നിന്നും ചിനപ്പുകൾ പൊട്ടി മണ്ണിലൂടെ നാലുപാടും പടർന്നുവളരും. കയ്യാലകളിലും, മതിലുകളിലും എന്നു വേണ്ട പറ്റാവുന്നിടത്തൊക്കെ സമൃദ്ധമായി പടർന്നുകയറും; വിളവുതരും. അതിനാൽ ആതിഥേയവൃക്ഷങ്ങളോ താങ്ങുകാലുകളോ ഇല്ലെങ്കിൽപ്പോലും ഇത് കൃഷി ചെയ്യാം. നിയന്ത്രിത സൂര്യപ്രകാശത്തിലും വളരുമെന്നതിനാൽ തെങ്ങ്, റബർ തുടങ്ങിയ വൃക്ഷവിളകൾക്കിടയിലും ഇതിന്റെ കൃഷിയാകാം.
തണ്ടുമുറിച്ചുനട്ട് തിപ്പലി കിളിർപ്പിക്കാം
മൂന്നുമുട്ടു വീതം നീളത്തിൽ തണ്ടുമുറിച്ചുനട്ട് തിപ്പലി കിളിർപ്പിക്കാം. ഏറ്റവും അടിയിലെ മുട്ടിലെ ഇലനുള്ളിക്കളഞ്ഞ് ആ മുട്ട് മണ്ണിൽ താഴ്ന്നിരിക്കത്തക്കവിധം തെല്ല് അമർത്തി നടുക. മേൽമണ്ണ്, മണൽ, ഉണങ്ങിപ്പൊടിഞ്ഞ കാലിവളം ഇവ തുല്യ അനുപാതത്തിൽ ചേർത്ത മിശ്രിതം പോളിബാഗിൽ നിറച്ച് തിപ്പലിയുടെ തണ്ട് നടാനുപയോഗിക്കാം. രണ്ടാഴ്ചകൊണ്ട് ഇതുവേരു പിടിച്ച് കിളിർത്തു തുടങ്ങും. ഒരുമാസം പ്രായമെത്തിയാൽ തൈകൾ പറമ്പിലേക്കു മാറ്റിനടാം.
തിപ്പലി നടാൻ കൃഷിസ്ഥലം നന്നായി കിളച്ചൊരുക്കി ഉണങ്ങിപ്പൊടിഞ്ഞ കാലിവളം മണ്ണിൽ ധാരാളമായി ചേർത്തു കൊടുക്കുക. അരമീറ്റർ അകലത്തിൽ തൈകൾ നടാം. ആദ്യകാലങ്ങളിൽ കളയെടുപ്പ് കൂടെക്കൂടെ നടത്തേണ്ടിവരും
തണ്ടുമുറിച്ചു നട്ടുള്ള കായിക പ്രവർദ്ധനരീതിയിൽ തൈകളുണ്ടാക്കുക മൂലം ചുരുങ്ങിയകാലത്തിനുള്ളിൽ തിപ്പലി കായ്ക്കുന്നു. ബുഷ് പെപ്പറിനെ അനുസ്മരിപ്പിക്കുംവിധം ചിലപ്പോൾ പോളിബാഗിൽ നില്ക്കുന്ന തിപ്പലിയിൽപ്പോലും കായ്കൾ കാണാറുണ്ട്.
പന്ത്രണ്ടുവർഷത്തോളം വിളവു ലഭിക്കും
തിപ്പലിയുടെ കായ്കൾ നന്നായി മൂപ്പെത്തുമ്പോൾ പറിച്ചെടുക്കണം. മൂത്തകായ്കൾക്ക് ഇരുണ്ട പച്ചനിറമായിരിക്കും. വിരലുകളുപയോഗിച്ച് അമർത്തി നോക്കിയാൽ ഇത് താരതമ്യേന ബലിഷ്ഠവുമായിരിക്കും. ഇത് വെയിലത്തുണക്കി വിപണനം ചെയ്യാം. തിപ്പലിയുടെ പഴുത്തുകൊഴിഞ്ഞ കായ്കൾ ശേഖരണത്തിനു പറ്റിയവ അല്ല; ഇത് ഉണങ്ങിയാൽ വീര്യം നന്നേ കുറവായിരിക്കും.
തിപ്പലിയുടെ വേരും ഔഷധാവശ്യത്തിനുപയോഗിക്കാറുണ്ട്. ചെടിയിൽനിന്ന് പന്ത്രണ്ടുവർഷത്തോളം വിളവു ലഭിക്കും.
തിപ്പലിയെ ബാധിച്ചുകാണുന്ന പ്രധാനകീടം ചെടിയുടെ തണ്ടിലും ഇലയുടെ അടിഭാഗത്തും പറ്റിപ്പിടിച്ചിരിക്കുന്ന മീലിമുട്ടയാണ്. വെള്ളക്കെട്ടുള്ളിടത്ത് പ്രത്യേകിച്ചും മഴക്കാലത്ത് പരിമിതമായെങ്കിലും അഴുകൽ രോഗവും ചെടിയെ ബാധിച്ചു കാണാറുണ്ട്.
ഉണങ്ങിപ്പൊടിഞ്ഞ കാലിവളം, കോഴിവളം, കമ്പോസ്റ്റ്, എല്ലുപൊടി ഇവ പോലുള്ള ജൈവവളങ്ങളേതും തിപ്പലിക്കു പറ്റിയതാണ്. ചെടിയുടെ കടഭാഗത്തു തന്നെ വളപ്രയോഗം നടത്തുക എപ്പോഴും പ്രായോഗികമല്ല. അതിനാൽ തോട്ടത്തിൽ വളം വിതറിക്കൊടുക്കുകയാണുചിതം. ഇലകളിൽ നനവില്ലാതിരിക്കുകയും മണ്ണിൽ ഈർപ്പം ഉണ്ടായിരിക്കുകയോ മഴയുടെ ലഭ്യത ഉള്ളതോ ആയ വേളകളിൽ ഇതു ചെയ്യുന്നതു നന്ന്.
ജൈവവളം മാത്രം
രാസവളപ്രയോഗം തിപ്പലിക്ക് ഒട്ടും ആശാസ്യമല്ല. ഒന്നാമത്തെ കാരണം ഇതൊരു ഔഷധച്ചെടിയാണ്. രണ്ടാമതായി രാസവളപ്രയോഗത്തിന് പ്രാമുഖ്യം നല്കി വളർത്തിയ തിപ്പലിക്ക് നന്നായി വെയിലേല്ക്കുമ്പോൾ ജൈവവളം നല്കി വളർത്തിയവയേക്കാൾ ആലസ്യം ഏറിക്കാണുന്നു. വേനൽ മൂക്കുമ്പോൾ ഇവയ്ക്ക് ക്ഷീണം വ്യക്തമാംവിധം അധികരിച്ചിരിക്കും. ഏറെക്കാലം നില നിന്ന് വിളവു നല്കാനുള്ള ശേഷിയും രാസവളം പ്രയോഗിച്ചു വളർത്തുന്ന തിപ്പലിക്ക് കുറവായി കണ്ടിട്ടുണ്ട്. രാസവളം ഉപയോഗിച്ചാൽ ആദ്യത്തെ ഏതാനും വർഷം ചെടിയിൽ കൂടുതൽ തിരികളുണ്ടാകും. എന്നാൽ, വൈകാതെ ചെടിയിൽനിന്നുള്ള ആദായത്തിൽ ഗണ്യമായ കുറവുണ്ടാവുകയും ചെടി ആയുസെത്തുകയും ചെയ്യും.
വേനൽക്കാലത്ത് നനയ്ക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഏകവിളയായി കൃഷി ചെയ്യുമ്പോൾ. നനച്ചാൽ ചെടിയിൽ നിന്ന് കൂടുതൽ വിളവു കിട്ടും. എന്നാൽ, ജലദൗർലഭ്യമുള്ള സ്ഥലങ്ങളിൽ, സൂര്യപ്രകാശം നിയന്ത്രിതമായി ലഭിക്കത്തക്കവിധം ഇതരവിളകൾക്കൊപ്പവും ജൈവവളം മാത്രം ചേർത്തും തിപ്പലി കൃഷി ചെയ്താൽ വേനലിനെ ചെറുത്തുനില്ക്കാവുന്നതേയുള്ളു.
Share your comments